- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുലിനെതിരെ അതിശക്തനെ നിർത്താൻ ബിജെപി; വയനാടിനുള്ള ദേശീയ ശ്രദ്ധ കൂടും
ബത്തേരി: വയനാട്ടിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ ബിജെപി മത്സരിക്കും. ഇതോടെ ആരാകും വയനാട്ടിലെ സ്ഥാനാർത്ഥിയെന്നതും നിർണ്ണായകമാകും. വയനാട് ലോക്‌സഭാ സീറ്റിൽ ഇക്കുറി മത്സരിക്കേണ്ടെന്ന് ബിഡിജെഎസ് സംസ്ഥാന സമിതി യോഗത്തിൽ തീരുമാനം ഉണ്ടായിട്ടുണ്ട്.
രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിച്ചേക്കുമെന്നതിനാൽ, ബിജെപിയുടെ പ്രധാന നേതാക്കളിലാരെങ്കിലും എൻഡിഎ സ്ഥാനാർത്ഥിയായി വയനാട്ടിൽ മത്സരിക്കുകയാണ് വേണ്ടതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വവുമായി സംസാരിച്ചിട്ടുണ്ടെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി യോഗത്തിൽ അറിയിച്ചു. വയനാട് ബിജെപി ചോദിച്ച് വാങ്ങിയതാണെന്നും സൂചനയുണ്ട്. രാഹുലിനെതിരെ അതിശക്തനായ സ്ഥാനാർത്ഥിയെ നിർത്താനാണ് ബിജെപിയുടെ നീക്കം.
യുപിയിലെ അമേഠിയിൽ രാഹുലിനെ തോൽപ്പിക്കാൻ ഇറങ്ങിയത് സ്മൃതി ഇറാനിയാണ്. ആദ്യം സ്മൃതി ഇറാനി തോറ്റു. എന്നാൽ മണ്ഡലത്തിൽ നിലയുറപ്പിച്ച് പ്രവർത്തിച്ച സ്മൃതിക്ക് മുന്നിൽ കഴിഞ്ഞ തവണ രാഹുൽ തോറ്റു. വയനാട്ടിലെ വിജയമാണ് രാഹുലിനെ ലോക്‌സഭയിൽ എത്തിച്ചത്. ഈ സാഹചര്യത്തിൽ വയനാട്ടിന് പ്രത്യേക മാസ്റ്റർ പ്ലാൻ ബിജെപി തയ്യാറാക്കുന്നുണ്ട്. കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാകും ഇത്. തുഷാർ വെള്ളാപ്പള്ളിയുമായി അമിത് ഷാ ചർച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി മോദിയേയും തുഷാർ ഈയിടെ കണ്ടിരുന്നു.
വയനാടിന് പകരമായി ചാലക്കുടി, കോട്ടയം, ഇടുക്കി, മാവേലിക്കര സീറ്റുകളിൽ ഒന്നിൽ മത്സരിക്കാനാണ് തുഷാറിന് താൽപര്യം. തുഷാർ ആലപ്പുഴയിൽ മത്സരിക്കണമെന്നാണ് ബിജെപിയുടെ താൽപ്പര്യം. എന്നാൽ സ്വന്തം ജില്ലയായ ആലപ്പുഴയോട് തുഷാറിന് താൽപ്പര്യക്കുറവുണ്ട്. തോറ്റാൽ അത് നാണക്കേട് കൂട്ടുമെന്നതാണ് ഇതിന് കാരണം. കഴിഞ്ഞ തവണ തൃശൂർ ലോക്‌സഭാ സീറ്റ് വേണമെന്നതായിരുന്നു ബിഡിജഎസിന്റെ ആവശ്യം. എന്നാൽ ഇത് ബിജെപി നൽകാനും തയ്യാറായി. ഇതിനിടെയാണ് വയനാട്ടിൽ രാഹുൽ എത്തിയത്. ഇതോടെ തുഷാർ വയനാട്ടിലോട്ട് നീങ്ങി. എന്നാൽ വമ്പൻ തോൽവിയായിരുന്നു ഫലം.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ ഇക്കുറി ബിജെപി സ്ഥാനാർത്ഥി തന്നെ കളത്തിലിറങ്ങുമെന്നും സീറ്റ് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയെന്നും ബിജെപി അധ്യകൻ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിയ്‌ക്കെതിരെ മത്സരം കടുപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്നും സുരേന്ദ്രൻ പറഞ്ഞു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി ഡി ജെ എസിനായിരുന്നു സീറ്റ്. തുഷാർ വെള്ളാപ്പള്ളിയായിരുന്നു ഇവിടെ മത്സരിച്ചത്. ആദ്യ വട്ട ചർച്ചയിൽ തൃശൂർ സീറ്റായിരുന്നു ബിജെപിക്ക് നൽകിയത്. എന്നാൽ പിന്നീട് കേന്ദ്ര നേതൃത്വം ഇടപെടുകയും സുരേഷ് ഗോപി മണ്ഡലത്തിൽ മത്സരിക്കട്ടെയെന്ന് അറിയിക്കുകയുമായിരുന്നു. ഇതോടെ അമിത് ഷായുടെ നിർദ്ദേശപ്രകാരം വയനാട് സീറ്റിൽ ബി ഡി ജെ എസ് മത്സരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ 78816 വോട്ടുകളായിരുന്നു തുഷാർ വെള്ളാപ്പള്ളിക്ക് ലഭിച്ചത്.
എന്നാൽ വീണ്ടും രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുമ്പോൾ ശക്തമായ പോരാട്ടത്തിന് വഴിയൊരുക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ സീറ്റ് ഏറ്റെടുത്ത് കരുത്തുറ്റ മത്സരാർത്ഥികളെ ഇവിടെ നിർത്താനാണ് ആലോചന. എന്നാൽ ആരെ സ്ഥാനാർത്ഥിയാക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പികെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളുടെ പേര് പരിഗണനയിലുണ്ട്. വയനാട്ടിൽ ശോഭ സുരേന്ദ്രൻ മത്സരിക്കുമോയെന്നുള്ള ചർച്ചകളും ഉണ്ട്. എന്നാൽ ദേശീയ തലത്തിലെ പ്രമുഖനെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. ഇത്തവണ വയനാട്ടിൽ രണ്ടാമത് എത്തുകയാണ് ലക്ഷ്യം. അതിന് ശേഷം അമേഠിയിൽ സംഭവിച്ച അട്ടിമറിയാണ് ബിജെപി പദ്ധതി.
അതേസമയം വയനാട് സീറ്റ് ഏറ്റെടുത്താൽ കോട്ടയം സീറ്റ് തങ്ങൾക്ക് വേണമെന്നതാണ് ബി ഡി ജെ എസിന്റെ ആവശ്യം. ഇതിന് പക്ഷേ ബിജെപി നേതൃത്വം വഴങ്ങിയേക്കില്ല. ആറ് സീറ്റുകൾ എന്നതാണ് ബി ഡി ജെ എസിന്റെ ആവശ്യം. ഇതും നടക്കില്ല.