- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക നൽകി
ന്യൂഡൽഹി: യുപിയിലെ റായ്ബറേലി ലോക്‌സഭാ സീറ്റീൽ മത്സരിക്കാൻ രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അമ്മ സോണിയ ഗാന്ധിയും, സഹോദരി പ്രിയങ്ക ഗാന്ധി വാദ്രയും രാഹുലിന് ഒപ്പം ഉണ്ടായിരുന്നു. ജില്ല മജിസ്‌ട്രേറ്റിന്റെ ഓഫീസിൽ രാഹുൽ പത്രിക സമർപ്പിക്കുമ്പോൾ, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര എന്നിവരും സന്നിഹിതരായിരുന്നു.
ഇന്നുരാവിലെയാണ് അമേഠിയിലേക്കും, റായ്ബറേലിയിലേക്കും ഉള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചത്. മൂന്നു തവണ രാഹുൽ പ്രതിനിധീകരിച്ച അമേഠിയിൽ മത്സരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും, അവിടെ കിഷോരി ലാൽ ശർമയാണ് സ്ഥാനാർത്ഥി.
കോൺഗ്രസിന്റെ ഏറ്റവും സുരക്ഷിത സീറ്റുകളിൽ ഒന്നായാണ് റായ്ബറേലി പരിഗണിക്കപ്പെടുന്നത്. 20 തിരഞ്ഞെടുപ്പുകളിൽ 17 ലും കോൺഗ്രസ് ജയിച്ചിട്ടുണ്ട്. ഒരു പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ തോറ്റ മണ്ഡലമെന്ന പ്രത്യേകതയും മണ്ഡലത്തിനുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977 ലെ തിരഞ്ഞെടുപ്പിൽ ജനതാപാർട്ടിയിലെ രാജ് നാരായണനോട് ഇന്ദിര ഗാന്ധി തോറ്റിരുന്നു, ആദ്യകാലത്ത് ഇന്ദിരാ ഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി സോണിയ ഗാന്ധിയാണ് ഈ സീറ്റിൽ തിരഞ്ഞെടുക്കപ്പെട്ടത്. 2014ലും, 2019 ലും ബിജെപി തരംഗം ഉണ്ടായപ്പോഴും റായ്ബറേലി കോൺഗ്രസിന് ഒപ്പം നിന്നു. സോണിയ ഗാന്ധി ഇപ്പോൾ രാജ്യസഭയിലേക്ക് മാറിയിരിക്കുകയാണ്. ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ്ങാണ് രാഹുൽ ഗാന്ധിയുടെ എതിരാളി.
ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ താൻ അമേഠിയിൽ 40 വർഷമായി പ്രവർത്തിച്ചു വരികയാണെന്ന് പറഞ്ഞു. തന്നെ പോലെ ഒരു സാധാരണ പ്രവർത്തകന് ഈ അവസരം തന്നതിന് കോൺഗ്രസിനോട് നന്ദിയുള്ളവനാണ്. 1987 ൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായി അമേഠിയിൽ എത്തിയ നാൾ മുതൽ ഇവിടുണ്ട്. രാജീവ് ഗാന്ധിയാണ് തന്നെ അമേഠിയിൽ കൊണ്ടുവന്നതെന്നും, അന്നത്തെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇവിടെ തുടർന്നും താമസിച്ചതെന്നും കിഷോരി ലാൽ ശർമ പറഞ്ഞു.
എന്തായാലും അമേഠിയിൽ ശർമയുടെ പോരാട്ടം എളുപ്പമായിരിക്കില്ല. 2019 ലെ തിരഞ്ഞെടുപ്പിൽ രാഹുലിനെ പരാജയപ്പെടുത്തിയ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് ഇവിടെ ശർമയുടെ എതിരാളി. മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്ന സ്മൃതി വളരെ നേരത്തെ തന്നെ പ്രചാരണം തുടങ്ങിയിരുന്നു. രാഹുൽ ഗാന്ധി വോട്ടെടുപ്പിന് മുമ്പേ പരാജയം സമ്മതിച്ചെന്ന് നേരത്തെ സ്മൃതി ഇറാനി പരിഹസിച്ചിരുന്നു. റായ്ബറേലി പോലെ തന്നെ അമേഠിയും ഗാന്ധി കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമായിരുന്നു 2019 വരെ, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെല്ലാം ഇവിടെ നിന്ന് മത്സരിച്ച് ജയിച്ചിട്ടുണ്ട്.