ന്യൂഡൽഹി: മത്സരിച്ച രണ്ട് സീറ്റിലു ഉജ്ജ്വല വിജയമാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നേടിയത്. ഇതോടെ രാഹുൽ ഏത് സീറ്റ് നിലനിർത്തും എന്ന ചോദ്യം ഇതിനോടകം ഉയർന്നു കഴിഞ്ഞു. 'വയനാടോ റായ്ബറേലിയോ? ഏതു സീറ്റാണ് താങ്കൾ നിലനിർത്തുക' -എ.ഐ.സി.സി ആസ്ഥാനത്ത് ചേർന്ന വാർത്താസമ്മേളനത്തിൽ തന്നെത്തേടി ഈ ചോദ്യമെത്തിയപ്പോൾ നിറഞ്ഞ പുഞ്ചിരിയായിരുന്നു രാഹുൽ ഗാന്ധിയുടെ ആദ്യ മറുപടി.

പതിയെ രാഹുൽ ചോദ്യത്തോട് പ്രതികരിക്കുകയും ചെയ്തു. 'രണ്ടു സീറ്റിലും ജയിച്ചതിൽ ഏറെ സന്തോഷം. വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങൾക്ക് ഞാൻ ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. ഏതു സീറ്റാണ് നിലനിർത്തുകയെന്ന് തീരുമാനിച്ചിട്ടില്ല. രണ്ടു സീറ്റും എനിക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ, രണ്ടിലും തുടരാനാവില്ലല്ലോ. എല്ലാവശവും ആലോചിച്ച് അക്കാര്യത്തിൽ തീരുമാനത്തിലെത്തേണ്ടതുണ്ട്. ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല' -രാഹുൽ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടന സംരക്ഷിക്കാനാണ് പോരാടിയതെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തിന്റെ ഭരണഘടന ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ വാർത്താസമ്മേളനം.

പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള വലിയ സന്ദേശമാണ്. വാഗ്ദാനങ്ങൾ പാലിക്കുമെന്നും രാഹുൽ വ്യക്തമാക്കി. മോദി പോയപ്പോൾ അദാനിയും പോയെന്നും അദാനിയുടെ സ്റ്റോക്ക് നോക്കൂവെന്നും രാഹുൽ പറഞ്ഞു. ഭരത് ജോഡോ യാത്രയുമായി രാഹുൽ സജീവായിരുന്നു. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ 107 പൊതുപരിപാടികളിലാണ് രാഹുൽ പങ്കെടുത്തത്. വയനാട്ടിലും റായ്ബറേലിയിലും ജനവിധി തേടി.

വേദികളിൽ ചുവപ്പുചട്ടയുള്ള ഭരണഘടനയുമായാണ് രാഹുൽ ഗാന്ധി എത്തിയത്. ബിജെപി. വീണ്ടും അധികാരത്തിൽ എത്തിയാൽ ഭരണഘടന മാറ്റിയെഴുതുമെന്ന ആരോപണം ശക്തമായി ഉന്നയിക്കാനായിരുന്നു രാഹുലിന്റെ ശ്രമം. കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞിട്ടും പാർട്ടിയുടെ പരാജയങ്ങളിലെല്ലാം രാഹുൽ പഴിക്കപ്പെട്ടിരുന്നു. ഇവിടെ നിന്നാണ് രാഹുൽ തെക്കുനിന്ന് വടക്കോട്ടും കിഴക്കുനിന്ന് പടിഞ്ഞാറേക്കും യാത്ര നടത്തി പാർട്ടിക്കും രാജ്യത്തെ ജനങ്ങൾക്കും ഉണർവ് നൽകിയത്. ലോക്സഭയിൽനിന്ന് അയോഗ്യനാക്കപ്പെട്ടുവെന്ന രക്തസാക്ഷി പരിവേഷം രാഹുലിന് അനുകൂലമായ തരംഗമുണ്ടാക്കി.

ശക്തമായ വിമർശനങ്ങളിലൂടെയും മൂർച്ഛയേറിയ വാക്ശരങ്ങളിലൂടെയും മോദിയെ പേരെടുത്ത് ആക്രമിക്കാൻ രാഹുൽ ഒരിക്കലും മടിച്ചില്ല. അതേസമയം, ബിജെപി. മുന്നോട്ടുവെക്കുന്ന അജൻഡകളിൽ വീഴാതെയും സൂക്ഷ്മത പാലിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ പാർട്ടി നേതൃത്വം മല്ലികാർജുൻ ഖാർഗെയ്ക്ക് കൈമാറിയ രാഹുൽ ഗാന്ധി പക്ഷേ വോട്ടർമാരെ പാർട്ടിയോട് ചേർത്തുനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. അവസാന നിമിഷം പ്രിയങ്ക ഗാന്ധിയുമായി ചേർന്നു നടത്തിയ പ്രചരണങ്ങളും കോൺഗ്രസും ഇന്ത്യാ മുന്നണിക്കും ഗുണകരമായി മാറുകയും ചെയ്തു.