ന്യൂഡൽഹി: വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വയനാട്ടിലും റായ്ബറേലിയിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വൻ മുന്നേറ്റം. വയനാട്ടിൽ രാഹുലിന്റെ ഭൂരിപക്ഷം അരലക്ഷം കടന്നു. റായ്ബറേലിയിലും രാഹുൽ മുന്നേറുകയാണ്.

അമേഠിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ലീഡ് ചെയ്യുന്നത്. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം പിന്നിൽ പോയെങ്കിലും ഇപ്പോൾ ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണലിന്റെ ഒന്നരമണിക്കൂർ പിന്നിടുമ്പോൾ എൻഡിഎ സഖ്യം 290 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. 233 സീറ്റുകളിൽ ഇന്ത്യ സഖ്യമാണ് മുന്നിൽ.

ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ 43 ഇടത്ത് ഇന്ത്യാ സഖ്യവും 36 ഇടത്ത് എൻഡിഎയം ഒരിടത്ത് മറ്റുള്ളവരുമാണ് ലീഡ് ചെയ്യന്നത്. കർണാടകയിൽ ബിജെപിക്കാണ് മുൻതൂക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ ബംഗാളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 42 മണ്ഡലങ്ങളിൽ 18 ഇടത്ത് ബിജെപിയും 16 ഇടത്ത് തൃണമൂലും മൂന്നിടത്ത് കോൺഗ്രസും സിപിഎം സഖ്യവും ലീഡ് ചെയ്യുന്നു.

ബർദ്വാനിൽ ബിജെപി നേതാവ് ദിലീപ് ഘോഷും അസൻസോളിൽ ശത്രുഘ്‌നൻ സിൻഹയും ലീഡ് ചെയ്യുന്നു. സിപിഎം നേതാവ് മുഹമ്മദ് സലീം മുർഷിദാബാദിലും ലിഡ് ചെയ്യുന്നു. കൃഷ്ണനഗറിൽ മഹുവ മെയ്ത്ര പിന്നിലാണ്.ബംഗാളിലെ 42 മണ്ഡലങ്ങളിലെ ലോക്സഭാ ഫലം സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കും.

രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തൃണമൂലിന് വിജയം അനിവാര്യമാണ്. എക്‌സിറ്റുപോളുകളിൽ ഭുരിഭാഗവും ബിജെപി നേടുമെന്നാണ് പ്രവചനം.