കൊച്ചി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്ന് മത്സരിക്കില്ലെന്ന് റിപ്പോർട്ട്. വയനാടിനെ ഒഴിവാക്കി ദക്ഷിണേന്ത്യയിലെ മറ്റൊരു മണ്ഡലത്തിൽ നിന്നോ വടക്കേ ഇന്ത്യയിൽ നിന്നോ രാഹുൽ മത്സരിച്ചേക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പഴശിയുടെ മണ്ണിനെ രാഹുൽ കൈവിടുമെന്ന് തന്നെയാണ് സൂചന.

രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് വീണ്ടും മത്സരിക്കാൻ സാധ്യതയില്ലെന്നും കർണാടകയിൽ നിന്നോ, കന്യാകുമാരിയിൽ നിന്നോ മത്സരിക്കാനാണ് സാധ്യതയെന്നും മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രൻ പറഞ്ഞു. കെസി വേണുഗോപാലിന്റെ അടുത്ത വിശ്വസ്തരും ഈ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. വയനാട്ടിൽ രാഹുൽ മത്സരിച്ചപ്പോൾ പ്രചരണത്തിൽ സജീവമായത് മുസ്ലിം ലീഗായിരുന്നു. അവരുടെ പച്ചക്കൊടി പ്രചരണത്തിൽ നിറഞ്ഞു. ഈ പച്ചക്കൊടിയെ പാക്കിസ്ഥാനുമായി കൂട്ടിക്കെട്ടി ബിജെപി ഉത്തരേന്ത്യയിൽ പ്രചരണം നടത്തി. ഇത് കോൺഗ്രസിന് ഉത്തരേന്ത്യയിൽ ക്ഷീണമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് വയനാടിനെ രാഹുൽ വിടുന്നതിനെ കുറിച്ച ആലോചിക്കുന്നതെന്നാണ് സൂചന.

വയനാട് മണ്ഡലത്തിലെ നാല് നിയമസഭാ മണ്ഡലങ്ങൾ മലപ്പുറം ജില്ലയിലാണ്. ഇവിടെ ഏറ്റവും സ്വാധീനം ലീഗിനാണുള്ളത്. അതുകൊണ്ടാണ് പ്രചരണത്തിൽ ലീഗ് നിറയുന്നതും പച്ചക്കൊടി രാഹുലിന്റെ പ്രചരണത്തിന്റെ ഭാഗമാകുന്നതും. ഈ സാഹചര്യത്തിൽ വയനാടിനെ രാഹുൽ കൈവിടുന്നത് ദക്ഷിണേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. അതുകൊണ്ടാണ് ദക്ഷിണേന്ത്യയിലെ സുരക്ഷിത മണ്ഡലം രാഹുൽ തേടുന്നത്. അങ്ങനെയാണ് ചർച്ച കന്യാകുമാരിയിൽ എത്തുന്നത്. തമഴ്‌നാട്ടിലും കേരളത്തിലും ഇത് ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

കന്യാകുമാരിയിൽ നിലവിൽ വി വിജയകുമാർ ആണ് എംപി. 2012ൽ അച്ഛൻ വസന്ത്കുമാറിന്റെ മരണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് വിജയ് കുമാർ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്. രാഹുൽ ഉത്തരേന്ത്യയിൽ നിന്ന് മത്സരിക്കണമെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം നേതാക്കളുടെ ആവശ്യം. രാഹുൽ മത്സരിക്കുന്നതോടെ ഹിന്ദി ബെൽറ്റിൽ കോൺഗ്രസിനും പ്രതിപക്ഷ സഖ്യത്തിനും നേട്ടുമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഭാരത് ജോഡോ യാത്ര രാഹുലിന്റെ ജനസ്വാധീനം പലമടങ്ങ് വർധിപ്പിച്ചതായും പാർട്ടി വിലയിരുത്തുന്നു.

രാഹുൽ വയനാട്ടിൽ നിന്ന് മത്സരിക്കണമെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിന് പിന്നാലെ ഓഗസ്റ്റിൽ നടത്തിയ സന്ദർശനത്തിൽ വയനാട്ടിലെ ജനങ്ങളെ ഒരിക്കലും മറക്കില്ലെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇത് വീണ്ടും വയനാട്ടിൽ മത്സരിക്കുമെന്നതിന്റെ സൂചനയാണെന്നാണ് പ്രാദേശിക നേതാക്കൾ പറയുന്നത്. സംസ്ഥാനത്ത് മിക്ക കോൺഗ്രസ് സിറ്റിങ് എംപിമാരും മത്സരരംഗത്ത് തുടരും.

ആലപ്പുഴയിലും കണ്ണൂരിലും വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനും ശ്രമമുണ്ട്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കില്ല. ആലപ്പുഴയിൽ കെസി വേണുഗോപാലിനെ നിർത്താനാണ് ആലോചന. കണ്ണൂരിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ ജയന്തിനാണ് സാധ്യത.