കോഴിക്കോട്: വടകര പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചറുടേത് വിസിറ്റിംങ് വിസയും ഷാഫി പറമ്പിലിന്റെത് പെർമനറ്റ് വിസയുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം ആദ്യമായി വടകരയിലെത്തിയ ഷാഫി പറമ്പിലിന് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മാങ്കൂട്ടത്തിൽ.

വടകര താര മത്സരം നടക്കുന്ന മണ്ഡലമാണ്. കാരണം, രണ്ട് എംഎ‍ൽഎമാരാണിവിടെ രംഗത്തുള്ളത്. മട്ടന്നൂർ എംഎ‍ൽഎ കെ.കെ. ശൈലജയും പാലക്കാട് എംഎ‍ൽഎ ഷാഫി പറമ്പിലാണ് മത്സരിക്കുന്നത്. എന്നാൽ, മട്ടന്നൂരിൽ നിന്ന് ശൈലജ ടീച്ചർ വടകരയിലേക്ക് വരുമ്പോൾ ആരെങ്കിലും കരഞ്ഞോ. എന്നാൽ, ഷാഫി പറമ്പിൽ വടകരയിലേക്ക് വരുമ്പോൾ പാലക്കാട്ടുകാർ കരഞ്ഞു.

ഇതിനർത്ഥം പാലക്കാട്ടുകാർക്ക് അറിയാം ഷാഫിയുടെത് പെർമനറ്റ് വിസയാണെന്ന്. മട്ടന്നൂർകാർക്കും അറിയാം ടീച്ചറുടെതെന്ന് വിസിറ്റിംങ് വിസയാണെന്നും. ഇന്ന് ഷാഫി വന്നിറങ്ങിയപ്പോൾ തന്നെ ഇവിടെ തെരുവ് വിളക്കുകളുടെ ഫ്യൂസ് ഊരി. ഇനി റിസൾട്ട് വരുമ്പോൾ താപ വൈദ്യുതി നിലയത്തിന്റെ ഫ്യൂസ് ഊരിയാലും ഞെട്ടണ്ട എന്നാണ് സൂചിപ്പിക്കാനുള്ളതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

വടകരയിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് ആവേശകരമായ സ്വീകരണമാണ് മണ്ഡലത്തിൽ ലഭിച്ചത്. ആയിരങ്ങളാണ് ഷാഫിയെ വരവേൽക്കാൻ വടകര ബസ് സ്റ്റാൻഡ് പരിസരത്ത് തടിച്ചുകൂടിയത്. ഷാഫിയുടെ എൻട്രി ഉഗ്രനായെന്ന വിലയിരുത്തലിലാണ് പാർട്ടി. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ മത്സരം മുറുകുമെന്നും ഉറപ്പാണ്. വടകരയിൽ മത്സരിക്കാൻ നേരത്തെ ധാരണം ഉണ്ടായിരുന്നില്ലെന്ന് ഷാഫി കൺവെൻഷനിൽ തുറന്നു പറഞ്ഞു.

വടകരയിൽ മത്സരിക്കാനുള്ള കാര്യം പറഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. ലോക്ഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കേണ്ടി വരുമെന്ന് അറിയില്ലായിരുന്നു. മത്സരിക്കാനുള്ള കാര്യം പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആദ്യം പ്രയാസം ഉണ്ടായിരുന്നു. പാലക്കാട്ട് നിന്ന് വരാൻ വലിയ വിഷമമുണ്ട്. എംഎൽഎ എന്ന പദവി സമ്മാനിച്ചത് പാലക്കാട്ടെ ജനങ്ങളാണ്. പ്രയാസം നേതാക്കളെ അറിയിച്ചിരുന്നുവെന്നും ഷാഫി വടകരയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവേ വിശദീകരിച്ചു.

പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് ഉറപ്പാണ്. ബിജെപി ജയിക്കുമോ എന്ന് അറിയാനാണ് സിപിഎം ശ്രമിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്നാൽ ഉയർന്ന ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കും. പാലക്കാട്ടുകാർക്ക് ആരെ തോൽപിക്കണമെന്ന് അറിയാം. വടകരയിലെ എല്ലാ സ്ഥാനാർത്ഥികളെയും ബഹുമാനത്തോടെ കാണുന്നു. ഉമ്മൻ ചാണ്ടിയാണ് തന്നെ കൈപിടിച്ച് ഇറക്കിയത്. കല്ലറയിൽ നിന്നും ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹം വാങ്ങിയാണ് വടകരയിലേക്ക് വന്നതെന്നും ഷാഫി പറഞ്ഞു.

വടകരയിൽ മത്സരിക്കുന്ന വിജയിക്കാനാണ്. ടിപി യെ 51 വെട്ടിയവരുടെ പ്രത്യയശാസ്ത്രത്തെ വടകരയുടെ മണ്ണിൽ തോൽപ്പിക്കണം. വടകരയുടെ ടീച്ചറമ്മ ടി.പിയുടെ അമ്മ പത്മിനിയമ്മയാണ്. വടകരയിൽ മനുഷ്യത്വം വറ്റാത്തവരുടെ വോട്ട് ലഭിക്കുക യുഡിഎഫിനായിരിക്കും. തനിക്ക് വോട്ടു തന്നാൽ നിങ്ങൾക്ക് ഖേദിക്കേണ്ടി വരില്ല എന്നും ഷാഫി പറമ്പിൽ പറഞ്ഞു. മുരളീധരൻ തൃശൂർ പോയത് ഒരു ചലഞ്ചാണ്. മറ്റ് 19 സ്ഥാനാർത്ഥികൾക്കും അതിന്റെ ഊർജം ലഭിക്കും. മുരളീധരന്റെ ആർഎസ്എസ് വിരുദ്ധതക്കുള്ള സർട്ടിഫിക്കറ്റാണ് കെ സുരേന്ദ്രന്റെ ശിഖണ്ഡി പ്രയോഗമെന്നും ഷാഫി അഭിപ്രായപ്പെട്ടു.