- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർത്ഥികൾ ഗാന്ധി കുടുംബത്തിൽ നിന്നും വരുമോ?
ന്യൂഡൽഹി: ഉത്തർപ്രദേശിൽ മത്സരിക്കാൻ തയ്യാറായി അഖിലേഷ് യാദവ് അടക്കം രംഗത്തിറങ്ങിയിട്ടും കോൺഗ്രസ് നേതാക്കൾക്ക് വൈമനസ്യം തുടരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുന്ന കാര്യത്തിലാണ് അവ്യക്തതകൾ തുടരുന്നത്. യു.പിയിലെ അമേഠി, റായ്ബറേലി ലോക്‌സഭ സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി ആര് മത്സരിക്കുമെന്നതിനെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്ക് ഇന്ന് അവസാനമാകുമെന്നാണ് അറിയിരുന്നത്.
നാളെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയെന്നതിനാൽ സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുമോയെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. മെയ് 20ന് അഞ്ചാംഘട്ടത്തിലാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ്.
മുൻ പാർട്ടി അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി അമേഠിയിൽ നിന്നും, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്നും മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, 2019ൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ മണ്ഡലത്തിൽ രാഹുൽ വീണ്ടും മത്സരിക്കുമോയെന്നതും ചോദ്യമായി.
2004 മുതൽ സോണിയ ഗാന്ധി വിജയിക്കുന്ന റായ്ബറേലിയിൽ ഇത്തവണ പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ, ഗാന്ധികുടുംബത്തിലെ മൂന്ന് പ്രമുഖ നേതാക്കളും പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് വരുന്നത് ബിജെപി ആരോപിക്കുന്ന കുടുംബരാഷ്ട്രീയത്തിന് വളംവെക്കുമോയെന്ന ചർച്ചകൾ കോൺഗ്രസിനകത്തുണ്ടായിട്ടുണ്ട്. ഇതോടെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ സസ്‌പെൻസുണ്ടായത്.
ഗാന്ധികുടുംബത്തിൽ നിന്നുള്ളവർ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർത്ഥിയാകുന്നതിനെ രാഹുൽ ഗാന്ധി അനുകൂലിക്കുന്നില്ലെന്ന് അദ്ദേഹവുമായി അടുത്ത ആളുകളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. റായ്ബറേലിയിൽ സ്ഥാനാർത്ഥിയാവാനില്ലെന്ന കാര്യം പ്രിയങ്ക പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിനിടെ, അമേഠിയിൽ മത്സരിക്കാൻ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര താൽപര്യം പ്രകടിപ്പിച്ചിരുന്നു. വാദ്രക്ക് വേണ്ടി അമേഠിയിൽ പോസ്റ്ററുകളുമുയർന്നിരുന്നു. താൻ മത്സരിച്ചാൽ സ്മൃതി ഇറാനിയെ തെരഞ്ഞെടുത്തതിലെ തെറ്റ് തിരുത്താൻ അമേഠിയിലെ ജനങ്ങൾക്ക് കഴിയുമെന്ന് വാദ്ര പറഞ്ഞത് ചർച്ചയായിരുന്നു. മത്സരിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ അവർ എന്റെ വിജയം ഉറപ്പാക്കുമെന്നും വാദ്ര അവകാശപ്പെട്ടിരുന്നു.
പത്രികാസമർപ്പണത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച രാഹുലിന് പുണെയിൽ പ്രചാരണപരിപാടി നിശ്ചയിച്ചിട്ടുണ്ടെന്നാണ് വിവരം. മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും രാഹുൽ താതപര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റായ്ബറേലിയിൽ മത്സരിക്കാൻ തയ്യാറായിരുന്ന രാഹുൽ പെട്ടെന്നാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന. ഗാന്ധി കുടുംബാംഗങ്ങളിൽ ആരും രണ്ട് സീറ്റിലും മത്സരിക്കേണ്ടെന്നാണ് രാഹുലിന്റെ നിലവിലെ നിലപാട്. അമേഠിയിൽ മത്സരിക്കുന്ന കാര്യത്തിൽ രാഹുൽ അഖിലേഷ് യാദവിന്റെ അഭിപ്രായം തേടിയിരുന്നുവെന്നാണ് സമാജ്വാദി പാർട്ടി വൃത്തങ്ങൾ പറയുന്നത്. 2019-ൽ സ്മൃതി ഇറാനിക്കെതിരെ പരാജയപ്പെട്ടെങ്കിലും നിലവിൽ രാഹുലിന് അനുകൂലമായ സാഹചര്യം മണ്ഡലത്തിൽ ഉണ്ടെന്നാണ് രാഹുലിനെ അഖിലേഷ് ധരിപ്പിച്ചത്.
ഇരുവരും മത്സരിക്കുന്നില്ലെങ്കിൽ രണ്ടുമണ്ഡലങ്ങളിലും അവസാനനിമിഷം മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തുന്നത് സംസ്ഥാന നേതൃത്വത്തിന് ഏറെക്കുറ അസാധ്യമായ കാര്യമായിരിക്കും. രാഹുലും പ്രിയങ്കയും മത്സരിക്കാനെത്തുന്നത് യു.പിയിലാകെ പാർട്ടിയുടെ പ്രകടനത്തെ മെച്ചപ്പെടുത്തുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. ഇരുമണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ വൈകുന്നതിനെതിരെ പ്രദേശിക കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിക്കൊപ്പം സഖ്യമായാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസ് മത്സരിക്കുന്ന മറ്റ് 17 ഇടത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.