- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്നും ജനവിധി തേടും
ന്യൂഡൽഹി: കാലങ്ങളായി ഗാന്ധി കുടുംബാംഗങ്ങൾ മത്സരിക്കുന്ന ഉത്തർപ്രദേശിലെ അമേഠിയിലും റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്നും ജനവിധി തേടും. അതേസമയം പ്രിയങ്ക ഗാന്ധി ഇക്കുറിയും തെരഞ്ഞെടുപ്പ് പോരാട്ടാത്തിന് ഉണ്ടാവില്ല. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ്മയായിരിക്കും അമേഠിയിൽ മത്സരിക്കുക. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കൊണ്ടുള്ള എഐസിസിയുടെ അറിയിപ്പ് പുറത്തുവന്നു
രണ്ട് മണ്ഡലങ്ങളിലേക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി മെയ് മൂന്നാണ്. രണ്ട് സീറ്റുകളും ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രങ്ങളാണ്. ഇവിടെ മെയ് 20നാണ് വോട്ടെടുപ്പ് നടക്കുന്നത്. സോണിയ ഗാന്ധി രാജ്യസഭ അംഗമായതിനെ തുടർന്ന് റായ്ബറേലിയിലെ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു.
ബിജെപി സ്ഥാനാർത്ഥി ദിനേഷ് പ്രതാപ് സിങ്ങായിരിക്കും റായ്ബറേലിയിലെ രാഹുൽ ഗാന്ധിയുടെ എതിരാളി. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ദിനേശ് പ്രതാപ് സിങ്ങിനെ സോണിയ ഗാന്ധി പരാജയപ്പെടുത്തിയിരുന്നു. കേരളത്തിലെ വയനാട് ലോക്‌സഭ മണ്ഡലത്തിൽ നിന്നും രാഹുൽ ഗാന്ധി മത്സരിക്കുന്നുണ്ട്. ഏപ്രിൽ 26ന് കേരളത്തിലെ മുഴുവൻ ലോക്‌സഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് പൂർത്തിയായിരുന്നു.
അമേഠിയിൽ മത്സരിക്കുന കിഷോരി ലാൽ ശർമ്മ രാഹുലിന്റെ അടുത്ത അനുയായിയാണ്. 2004, 2009, 2014 തെരഞ്ഞെടുപ്പുകളിൽ അമേഠിയിൽ നിന്നും രാഹുൽ ഗാന്ധി എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയോട് രാഹുൽ തോറ്റു.
റായ്ബറേലിയിൽ രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തുമ്പോൾ സോണിയ ഗാന്ധിയും ഒപ്പമുണ്ടാവുമെന്നാണ് സൂചന. അമേഠിയിൽ മത്സരിക്കുന്ന കിഷോരി ലാൽ ശർമ്മക്കൊപ്പം പ്രിയങ്ക ഗാന്ധിയായിരിക്കും ഉണ്ടാവുക. നേരത്തെ പ്രിയങ്ക ഗാന്ധി റായ്ബറേലി മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.