- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാനിൽ ബിജെപി വിജയക്കൊടി പാറിക്കുമ്പോൾ ഉദയം കൊള്ളുന്നത് മറ്റൊരു യോഗി; യോഗി ആദിത്യനാഥിന്റെ ചുവട് പിടിച്ച് ഉന്നത നേതൃനിരയിൽ സ്ഥാനം പിടിച്ചുപറ്റുന്നത് ബാബ ബാലക്‌നാഥ്; ബാബ മുഖ്യമന്ത്രി ആകുമോ എന്ന് ഉറ്റുനോക്കി രാജസ്ഥാൻകാർ
ജയ്പൂർ: രാജസ്ഥാനിൽ, ബിജെപി ജയം ആഘോഷിക്കുമ്പോൾ, എല്ലാവരും ഉറ്റുനോക്കുന്ന ഒരു നേതാവുണ്ട്. വെറും നേതാവല്ല. ആത്മീയ നേതാവും ആൽവാർ എംപിയുമാണ്, ബാബ ബാലക്‌നാഥ്. യുപിയിലെ യോഗി ആദിത്യനാഥിനെ പോലെ രാജസ്ഥാനിലെ യോഗി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കൽപിക്കുന്നവരിൽ ഒരാൾ.
തിജാര മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന്റെ ഇമ്രാൻ ഖാനെതിരെ വൻഭൂരിപക്ഷത്തിലാണ് ബാലക്‌നാഥിന്റെ ലീഡ്. ' നമ്മുടെ പ്രധാനമന്ത്രിയാണ് ബിജെപിയുടെ മുഖം. അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിൽ ഞങ്ങൾ പ്രവർത്തനം തുടരും. ആരാണ് മുഖ്യമന്ത്രി എന്ന തീരുമാനം പാർട്ടിയെടുക്കും, ഒരു എംപി എന്ന നിലയിൽ സമൂഹത്തെ സേവിക്കാൻ കഴിയുന്നുണ്ട്. അതിൽ ഞാൻ തൃപ്തനാണ്,' ആരാകും രാജസ്ഥാൻ മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ബാലക്‌നാഥിന്റെ മറുപടി ഇങ്ങനെ.
ആരാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ബാലക്‌നാഥ് മുഖ്യമന്ത്രിയായാൽ, യോഗി ആദിത്യനാഥിനെ പോലെ മറ്റൊരു യോഗി രാജസ്ഥാന്റെ തലപ്പത്തെത്തും.
യോഗി ആദിത്യനാഥ് ബാലക്‌നാഥിന് വേണ്ടി പ്രചാരണത്തിന് എത്തിയിരുന്നു. തിജാരയുടെ ഭാവി ബാലക്‌നാഥിന്റെ കയ്യിൽ ഭദ്രമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 40 കാരൻ യോഗി ആദിത്യനാഥിനെ പോലെ തന്നെ നാഥ് വിഭാഗത്തിൽ പെട്ടയാളാണ്. വോട്ടെണ്ണലിന് മുന്നോടിയായി ശിവക്ഷേത്രത്തിൽ പ്രാർത്ഥിച്ചിരുന്നു.
നേരത്തെ തിജാരയിലെ തന്റെ ഇമ്രാൻ ഖാന് എതിരായ പോരാട്ടം, ഇന്ത്യ-പാക്കിസ്ഥാൻ മത്സരമെന്ന് ബാബ ബാലക്‌നാഥ് വിശേഷിപ്പിച്ചിരുന്നു. ഇത് ജയത്തിന് വേണ്ടിയുള്ള പോരാട്ടമല്ല, വോട്ടിങ് ശതമാനത്തിന് വേണ്ടിയുള്ള പോരാട്ടമാണ് എന്നാണ് ആൽവാർ എംപി പറഞ്ഞത്. ഈ വീഡിയോ വൈറലായിരുന്നു.
ഏതായാലും, ഭരിക്കുന്ന സർക്കാരിനെ അഞ്ചുവർഷം കൂടുമ്പോൾ പുറത്താക്കുന്ന പതിവ് ഇത്തവണയും രാജസ്ഥാൻ തെറ്റിച്ചില്ല.
മറുനാടന് മലയാളി ബ്യൂറോ