തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരങ്ങൾ മറച്ചുവച്ചതായി ആരോപിച്ചു ഇടതു മുന്നണിയും തെരഞ്ഞെടുപ്പു കമ്മീഷനിൽ പരാതി് നൽകി. നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ നൽകിയ വിവരങ്ങളെല്ലാം വ്യാജമാണെന്നാണ് പരാതി.

രാജീവിന്റെ പ്രധാന കമ്പനിയായ ജുപ്പീറ്റർ ക്യാപ്പിറ്റലിനേക്കുറിച്ചുള്ള വിവരങ്ങൾ പോലും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് പരാതിയിൽ പറയുന്നു. പരാതി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്ക് നൽകി. 29 കോടി 9 ലക്ഷം രൂപയുടെ സ്വത്തുണ്ടെന്നാണ് രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. വാഹനമായി ആകെയുള്ളത് 30 വർഷം മുൻപ് 10,000 രൂപയ്ക്കു വാങ്ങിയ 1942 മോഡൽ റെഡ് ഇന്ത്യൻ സ്‌കോട് ബൈക്കാണെന്നും ചേർത്തിരിക്കുന്നു. ഈ വിവരങ്ങൾ ഉൾപ്പെടെ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫിന്റെ പരാതി.

തെറ്റായ വിവരങ്ങൾ നൽകിയതിനാൽ നാമനിർദേശ പത്രിക തള്ളണമെന്നാണ് എൽഡിഎഫ് ആവശ്യം. നേരത്തെ മഹിളാ കോൺഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകയുമായ അവനി ബൻസാൽ സമാനമായ പരാതി വരണാധികാരിയായ ജില്ലാ കളക്ടർക്ക് ഓൺലൈനായി നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പത്രിക തള്ളണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാജീവിന്റെ പത്രിക വരണാധികാരി അംഗീകരിച്ചതിനാൽ ഇനി ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുകയായിരുന്നു.

2021-22 സാമ്പത്തികവർഷം 680 രൂപയ്ക്കും 2022-23-ൽ 5,59,200 രൂപയ്ക്കും മാത്രമേ ആദായനികുതി റിട്ടേൺ നൽകിയൂള്ളൂ എന്നതടക്കമുള്ള വിവരങ്ങളാണ് അവനി ചൂണ്ടിക്കാട്ടിയത്. 2018-ൽ രാജ്യസഭാ സ്ഥാനാർത്ഥിയായപ്പോഴും സ്വത്തിന്റെ യഥാർഥ കണക്ക് നൽകിയില്ലെന്നും പരാതിയിലുണ്ട്. സ്വത്തുവിവരം മറച്ചുവെച്ചതിനാൽ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫും കത്തുനൽകിയിട്ടുണ്ട്.

അതേസമയം, തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. എല്ലാം നിയമപരമാണെന്നും രാജീവ് വ്യക്തമാക്കി. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതി പരാജയഭീതി കൊണ്ടെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. എന്തെങ്കിലും തെളിവുള്ളവർക്ക് കോടതിയിൽ പോകാം. വികസന അജണ്ട പറയുന്ന തന്നെ അധിക്ഷേപിക്കാനാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ശ്രമമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.