- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ വിശ്വാസി, പത്രികാ സമർപ്പണത്തിന് നേരത്തെ തന്നെ സമയം കുറിച്ചിരുന്നു
കാസർകോട്: കാസർകോട് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ടോക്കണിന്റെ പേരിൽ തർക്കത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. താൻ വിശ്വാസിയാണെന്നും അതിനാൽ തന്നെ പത്രികാ സമർപ്പണത്തിന് സമയം കുറിച്ചതാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അതാണ് ഇടതുപക്ഷത്തിന് വേണ്ടി ഭരണാധികാരി അട്ടിമറിച്ചെന്നാണ് ഉണ്ണിത്താൻ ആരോപിക്കുന്നത്.
നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്ന ഇന്ന് രാവിലെ മധൂർ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി നേരെ കളക്ടറേറ്റിലെത്തി ഒമ്പത് മുതൽ 10 മണിവരെ ടോക്കൺ കൗണ്ടറിന് മുൻപിൽ മുൻഗണന ടോക്കണായി ക്യു നിൽക്കുകയായിരുന്നു. താൻ വരുമ്പോൾ മുന്നിലോ പുറകിലോ മറ്റൊരു സ്ഥാനാർത്ഥിയും ഉണ്ടായിരുന്നില്ല. 9.30ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി വന്ന് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരത്തെ ടോക്കൺ നൽകിയെന്നും നിങ്ങൾക്ക് രണ്ടാമത്തെ ടോക്കൺ നൽകാമെന്നും പറഞ്ഞു.
10 മണിക്ക് തുറക്കുന്ന കൗണ്ടറിൽ നിന്ന് എങ്ങനെയാണ് മുൻകൂട്ടി ടോക്കൺ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് നൽകിയതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. അതേസമയം, ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലയിലാണ് സിവിൽ സ്റ്റേഷനിൽ പത്രിക സമർപ്പിക്കാൻ ടോക്കൺ അനുവദിക്കുന്നതെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം രാജ്‌മോഹൻ ഉണ്ണിത്താൻ രാവിലെ ഒൻപത് മണിക്ക് കളക്ടറേറ്റിൽ കളക്ടറുടെ ഓഫീസിന് മുന്നിൽ നിന്നു. എന്നാൽ അതിന് മുൻപേയെത്തിയ ഇടത് സ്ഥാനാർത്ഥി എംവി ബാലകൃഷ്ണന്റെ പ്രതിനിധി അസീസ് കടപ്പുറം ഇവിടെ തന്നെ ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു എന്നായിരുന്നു വിശദജീകരണം.
ടോക്കൺ അനുവദിക്കുമ്പോൾ ആദ്യം എത്തിയത് അസീസ് കടപ്പുറമാണെന്നായിരുന്നു കളക്ടറുടെ ഓഫീസിൽ നിന്നുള്ള മറുപടി. ഇതോടെയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതിഷേധിച്ചത്. ഇതിന് ശേഷം മുൻകൂട്ടി തീരുമാനിച്ച സമയത്ത് തന്നെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ ഡെപ്യൂട്ടി കലക്ടർ പി ഷാജുവിന് മുമ്പാകെ രാജ്‌മോഹൻ ഉണ്ണിത്താൻ പത്രിക സമർപ്പിച്ചു.