- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ മൂന്നു സീറ്റുകളിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 25ന്
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 25-ന് രാവിലെ ഒമ്പതുമുതൽ നാലുവരെയാണ് പോളിങ്. അന്നുതന്നെ അഞ്ചുമണിക്ക് വോട്ടെണ്ണൽ.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എന്നിവരുടെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. മൂവരുടെയും കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്ന സാഹചര്യത്തിൽ ജൂൺ 25 നാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ ആറിന് പുറപ്പെടുവിക്കും. ജൂൺ 13 വരെ പത്രിക സമർപ്പിക്കാം. മഹാരാഷ്ട്രയിൽ പ്രഫുൽ പട്ടേൽ രാജിവച്ച ഒഴിവിലേക്കും തിരഞ്ഞെടുപ്പ് നടക്കും.
നിലവിലെ നിയമസഭയിൽ 99 അംഗങ്ങൾ എൽഡിഎഫിനും അവശേഷിക്കുന്ന സീറ്റുകൾ യുഡിഎഫിലുമാണ്. മൂന്ന് സീറ്റുകളിൽ 2 എണ്ണത്തിൽ എൽഡിഎഫിന് സ്ഥാനാർത്ഥിയെ ജയിപ്പിക്കാനാവും. അവശേഷിക്കുന്ന സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കാണ് ജയസാധ്യത. എന്നാൽ സ്ഥാനമൊഴിയുന്ന മൂന്നംഗങ്ങളും നിലവിൽ എൽഡിഎഫിൽ നിന്നുള്ളവരാണ്. നേരത്തെ ജോസ് കെ മാണി രാജ്യസഭാംഗമായ ശേഷമാണ് കേരള കോൺഗ്രസ് എം യുഡിഎഫ് മുന്നണി വിട്ടത്. സിപിഐയും സിപിഎമ്മുമാണ് പതിവായി ഈ രാജ്യസഭാ സീറ്റുകളിൽ മത്സരിക്കാറുള്ളത്. ജോസ് കെ മാണിക്ക് വേണ്ടി കേരള കോൺഗ്രസ് എമ്മും, എംവി ശ്രേയാംസ് കുമാറിനായി ആർജെഡിയും രാജ്യസഭാംഗത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് ആവശ്യപ്പെട്ട മുസ്ലിം ലീഗിനെ അനുനയിപ്പിക്കാൻ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതിനാൽ ഒഴിവുവരുന്ന സീറ്റിൽ യുഡിഎഫിൽ നിന്ന് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയാവും മത്സരിക്കുക.
ഇടതുമുന്നണിയിൽ ഘടകകക്ഷിക്ക് ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്കു സിപിഐയും കേരള കോൺഗ്രസും (എം) അവകാശവാദം ഉന്നയിച്ചതോടെ തർക്കം തീർപ്പായിട്ടില്ല. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടെന്നാണു കേരള കോൺഗ്രസിന്റെ (എം) തീരുമാനം. സിപിഐയുടെ സീറ്റ് സിപിഐക്കു തന്നെയെന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നിലപാടെടുത്തു. ബിനോയ് വിശ്വവും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയും ഒരേ സമയം ഒഴിയുമ്പോൾ രണ്ടിൽ ഒരു പാർട്ടിക്കേ സീറ്റ് ലഭിക്കൂ.
3 ഒഴിവുകളിൽ എൽഡിഎഫിനു ലഭിക്കുന്ന രണ്ടിൽ ഒന്ന് സ്വാഭാവികമായും സിപിഎമ്മിനാണ്. രാജ്യസഭാ സീറ്റിന് എംഎൽഎമാരുടെ അംഗബലമാണു സാധാരണ മാനദണ്ഡമാക്കുന്നത്. 17 എംഎൽഎമാരുള്ള സിപിഐക്ക് മേൽക്കൈയുണ്ട്. 2 രാജ്യസഭാംഗങ്ങളെ ലഭിക്കാനുള്ള കരുത്ത് അവർക്ക് അവകാശപ്പെടാം. കേരള കോൺഗ്രസിന് (എം) ഉള്ളത് 5 എംഎൽഎമാരാണ്. എന്നാൽ സിപിഐക്ക് പി.സന്തോഷ് കുമാർ കൂടി രാജ്യസഭാംഗമായുണ്ട്. ജോസ് കെ.മാണി വിരമിക്കുമ്പോൾ പകരം സീറ്റ് പാർട്ടിക്കു തന്നെ കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസിന് (എം) രാജ്യസഭാ പ്രാതിനിധ്യം ഇല്ലാതാകും