ഹൈദരാബാദ്: മുസ്ലീങ്ങൾക്കെതിരെ നടത്തിയ വിവാദ പ്രസംഗം ആവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങൾക്കുള്ള സംവരണം പൂർണമായും ഇല്ലാതാക്കാൻ ബിജെപി പദ്ധതിയിടുകയാണെന്ന് രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി. ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കുമെന്ന് രേവന്ത് റെഡ്ഡി അവകാശപ്പെട്ടു.

'2025 ഓടെ ആർഎസ്എസ് 100 വർഷം പൂർത്തിയാക്കും. 2025 ഓടെ എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. സംവരണത്തെക്കുറിച്ച് പലതവണ ആർഎസ്എസ്, ബിജെപി നേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്' -രേവന്ത് റെഡ്ഡി പറഞ്ഞു. പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നിർദ്ദേശിക്കുന്ന മണ്ഡല് കമ്മിഷൻ റിപോർട്ട് നടപ്പാക്കുന്നത് ബിജെപി മുമ്പ് നിർത്തിവച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്സി, എസ്ടി, ബിസി വിഭാഗങ്ങൾക്കുള്ള ക്വാട്ട ഇല്ലാതാക്കാൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

ബുധനാഴ്ച മധ്യപ്രദേശിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തെ തുടർന്നാണ് റെഡ്ഡിയുടെ പ്രസ്താവന. തെലങ്കാനയിലെ കോൺഗ്രസ് മുഖ്യമന്ത്രി മുസ്ലിംകൾക്ക് സംവരണം ഉറപ്പാക്കും എന്ന് പറഞ്ഞ് രേവന്ത് റെഡ്ഡിക്കെതിരെയും മോദി സംസാരിച്ചിരുന്നു.

എസ്.സി, എസ്.ടി, ഒ.ബി.സികളിൽ നിന്ന് സംവരണം തട്ടിയെടുത്ത് തങ്ങളുടെ 'പ്രത്യേക വോട്ട് ബാങ്കിന്' നൽകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണ നയങ്ങൾ രാഷ്ട്രീയവത്കരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

അതിനിടെ നരേന്ദ്ര മോദിയെ വിമർശിച്ച് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് തേജസ്വി യാദവും രംഗത്തെത്തി. കഴിഞ്ഞ 10 വർഷംകൊണ്ട് പ്രധാനമന്ത്രി മോദി ബിഹാറിന് എന്താണ് നൽകിയത്തെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി എന്തുകൊണ്ടാണ് ബിഹാറിൽ വന്ന് തൊഴിലിനെ കുറിച്ച് സംസാരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

'എന്തുകൊണ്ടാണ് നിങ്ങൾ ഭരണഘടനയും ജനാധിപത്യവും അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നത്? ദലിതരുടെയും പിന്നാക്കക്കാരുടെയും ദരിദ്രരുടെയും സംവരണവും ജോലിയും തട്ടിയെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ടെന്ന് എനിക്ക് പ്രധാനമന്ത്രി മോദിയോട് ചോദിക്കണം. എന്തുകൊണ്ടാണ് നിങ്ങൾ ദരിദ്രരെ കൂടുതൽ ദരിദ്രരും സമ്പന്നരെ കൂടുതൽ സമ്പന്നരുമാക്കാൻ ആഗ്രഹിക്കുന്നത്? ബിഹാർ നിങ്ങൾക്ക് 40 എംപിമാരിൽ 39 പേരെയും തന്നു, എന്നാൽ 10 വർഷത്തിനുള്ളിൽ നിങ്ങൾ ബിഹാറിന് എന്താണ് നൽകിയത്? എന്തുകൊണ്ടാണ് നിങ്ങൾ ബിഹാറിൽ വന്ന് ജോലിയെക്കുറിച്ച് സംസാരിക്കാത്തത്?' -തേജസ്വി യാദവ് എക്‌സ് പോസ്റ്റിൽ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഏപ്രിൽ 26ന് നടക്കാനിരിക്കെ ബിഹാർ സന്ദർശനത്തിനിടെ ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാൻ അഞ്ച് ചാക്ക് പണം കൊണ്ടുവന്നുവെന്ന് തേജസ്വി യാദവ് നേരത്തെ ആരോപിച്ചിരുന്നു. ബിജെപി നേതാവ് ജെ.പി നദ്ദ തന്റെ കൂടെ നിരവധി ബാഗുകൾ കൊണ്ടുവന്നതായി തനിക്ക് വാർത്ത ലഭിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ അദ്ദേഹം അവ വിതരണം ചെയ്യുന്നുവെന്നും തേജസ്വി യാദവ് ആരോപിച്ചു. അന്വേഷണ ഏജൻസികളെല്ലാം ബിജെപിയെ പരസ്യമായി സഹായിക്കുകയാണെന്നും തേജസ്വി യാദവ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഏപ്രിൽ 29-ന് 11 മണിക്ക് മുൻപ് വിശദീകരണം നൽകാനാണ് പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡയോട് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്തുക്കളും ഭൂമിയുമെല്ലാം മുസ്ലിങ്ങൾക്കിടയിൽ വിതരണം ചെയ്യുമെന്നായിരുന്നു മോദി രാജസ്ഥാനിൽ പ്രസംഗിച്ചത്. മാത്രമല്ല അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും പറഞ്ഞിരുന്നു. മുസ്്‌ലിം വിഭാഗക്കാരെ നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചിരുന്നു. ഇത് വൻ വിവാദമായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ പരാതിയെത്തിയത്. മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ പ്രതിപക്ഷ പാർട്ടികളൊന്നാകെ രംഗത്തെത്തിയിരുന്നുവെങ്കിലും പ്രധാനമന്ത്രി വീണ്ടും അത്തരം പരാമർശങ്ങൾ ആവർത്തിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇതോടെയാണ് വിശദീകരണം തേടാൻ തീരുമാനിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പ്രതിപക്ഷം പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടുണ്ടെന്ന വിവിധ പരാതികളിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോടും വിശദീകരണം തേടിയിട്ടുണ്ട്.