കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ബിജെപി മുന്നണി സ്ഥാനാർത്ഥികളുടെ പ്രവർത്തനത്തിന് ആർഎസ്എസ് തന്നെ മേൽനോട്ടം വഹിക്കും. എല്ലാ ലോക്‌സഭാ മണ്ഡലത്തിലും പരമാവധി വോട്ടുയർത്താനാണ് നീക്കം. അക്കൗണ്ട് തുറക്കാനുള്ള സാധ്യതയും മുമ്പിലുണ്ടെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. ബിജെപി സ്ഥാനാർത്ഥിയായി തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കുമെന്ന് ഉറപ്പാണ്. ബാക്കി കാര്യങ്ങളിൽ ഇനിയും വ്യക്തത വരുത്താനുണ്ട്. അതിനിടെ എല്ലാം നേരിട്ട് അറിയാൻ ആർ എസ് എസിലെ ഒന്നാമനും രണ്ടാമനും കേരളത്തിൽ എത്തുകയാണ്.

ആർഎസ്എസ് സർസംഘചാലക് ഡോ മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും കേരളത്തിലെത്തുന്നത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കാണ്. ആർഎസ്എസ് നേതാക്കളുടേയും പ്രവർത്തകരുടേയും മനസ്സ് ഇരു നേതാക്കളും മനസ്സിലാക്കും. കേരളത്തിലെ ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടക്കം ഇത് പ്രതിഫലിക്കും. ആർഎസ്എസ്. സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ അഞ്ച്, ആറ്, 11 തീയതികളിൽ സംസ്ഥാനത്തു വിവിധ പരിപാടികളിൽ പങ്കെടുക്കും. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയം ഉറപ്പിക്കുന്നതിനൊപ്പം തിരുവനന്തപുരത്ത് അട്ടിമറിയുമാണ് ആർഎസ്എസ് മനസ്സിൽ. ഇതിനുള്ള തന്ത്രങ്ങൾ ഒരുക്കുകയാണ് ആർഎസ്എസ് നേതാക്കളുടെ സന്ദർശനത്തിന്റെ ലക്ഷ്യം.

അഞ്ചിനും ആറിനും ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ ചേരുന്ന ആർഎസ്എസ്. സംസ്ഥാനതല പ്രവർത്തക യോഗങ്ങളിലും ആറിനു വൈകിട്ട് അഞ്ചിനു സത്യഗ്രഹ ശതാബ്ദിയുടെ ഭാഗമായി ആർഎസ്എസ്. വൈക്കത്തു സംഘടിപ്പിക്കുന്ന പൂർണ ഗണവേഷ സാംഘിക്കിലും അദ്ദേഹം പ്രസംഗിക്കും. ഒൻപത്, 10 തീയതികളിൽ തിരുവനന്തപുരത്തു സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ സാന്നിധ്യത്തിൽ ചേരുന്ന പതിവു സംഘടനാ യോഗത്തിൽ പങ്കുചേരും. 11 ന് എറണാകുളത്തെത്തുന്ന അദ്ദേഹം വൈകിട്ടു മടങ്ങും. കോഴിക്കോട് കേസരി ഭവനിൽ ഏഴിനു വൈകിട്ട് 5.30നു നടക്കുന്ന കേസരി അമൃതശതം പ്രഭാഷണ പരമ്പരയിൽ ഡോ. മോഹൻ ഭാഗവത് പ്രസംഗിക്കും.

എട്ടിനു പുലർച്ചെ കായംകുളത്തെത്തുന്ന അദ്ദേഹം വള്ളിക്കാവ് അമൃതാ എൻജിനീയറിങ് സ്‌കൂളിൽ ചേരുന്ന സംഘചാലക് ശിബിരത്തിൽ മാർഗദർശനം നൽകും. ഉച്ചകഴിഞ്ഞ് 3.30നു വള്ളിക്കാവ് ആശ്രമത്തിൽ മാതാ അമൃതാനന്ദമയിയെ സന്ദർശിക്കും. ഒൻപത്, 10 തീയതികളിൽ തിരുവനന്തപുരത്തു സംഘടനാ യോഗങ്ങളിൽ പങ്കെടുക്കുന്ന അദ്ദേഹം 10നു പുലർച്ചെ 6.45നു പത്മനാഭസ്വാമി ക്ഷേത്രദർശനം നടത്തും. വൈകിട്ട് 7.45നു രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണും. 11നു പുലർച്ചെ മടങ്ങും. ഭാഗവതിന്റെ ഗവർണ്ണറുമായുള്ള കൂടിക്കാഴ്ച നിർണ്ണായകമാണ്. കേരളത്തിലെ പൊതു രാഷ്ട്രീയ മനസ്സ് മനസ്സിലാക്കുകയാകും ഇതിന്റെ ലക്ഷ്യം.

കേരളത്തിൽ ശക്തമായി കാലുറപ്പിക്കാനുള്ള പരിപാടികൾ ആലോചിക്കാനാണ് മോഹൻ ഭാഗവത് എത്തുന്നത്. നേരത്തെ ജില്ല, സംസ്ഥാന ഭാരവാഹികളിൽനിന്നും പരിവാർ സംഘടന ഭാരവാഹികളിൽനിന്നും നേരിട്ട് സംസ്ഥാനത്തെ സാഹചര്യങ്ങൾ കേട്ടറിഞ്ഞിരുന്നു അദ്ദേഹം. എല്ലാ വർഷവും സർസംഘചാലകിന്റെ ഇത്തരം സന്ദർശനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണത്തേത് നിർണ്ണായകമാണ്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം 2025ലെ ആർഎസ്എസ് ശതാബ്ദി ആഘോഷത്തിന് തിളക്കമുണ്ടാക്കുന്ന ഫലം ഉണ്ടാവണമെന്നതുകൂടി ലക്ഷ്യമിട്ടാണ് മോഹൻ ഭാഗവതിന്റെ വരവ്.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ മതപരിവർത്തനവും 'ലൗ ജിഹാദ്' വിഷയവും പ്രധാന ചർച്ചയാക്കാൻ ആർഎസ്എസ് ശ്രമിക്കുമെന്നും സൂചനയുണ്ട്. പ്രവർത്തകർ ഈ വിഷയങ്ങൾ അതീവ ശ്രദ്ധയോടെ പരിഗണിക്കണമെന്ന് നേരത്തെ മോഹൻ ഭാഗവത് പറഞ്ഞിരുന്നു. ഗ്രാമീണ മേഖലകളിലും ദേശവിരുദ്ധ ഘടകങ്ങളുള്ള പ്രദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹിന്ദു സമൂഹത്തിന്റെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളെ കുറിച്ചും ഭാഗവത് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മറ്റ് മതവിഭാഗങ്ങൾക്കിടയിൽ ശക്തമായ പ്രവർത്തനം കാഴ്ചവെയ്ക്കണമെന്നും ഭാഗവത് പ്രവർത്തകരോട് നിർദ്ദേശിച്ചിരുന്നു. 'സിഖ്, മുസ്ലിം, ക്രിസ്ത്യൻ മതങ്ങളിൽപ്പെട്ട ആളുകൾക്കിടയിൽ പ്രവർത്തിക്കണം. പള്ളികളിലും മസ്ജിദുകളിലും ഗുരുദ്വാരകളിലും പോയി അവിടെയുള്ള ആളുകളുമായി ബന്ധപ്പെടണം. ദളിത് വിഭാഗങ്ങൾക്കിടയിലും പ്രവർത്തകർ ഇറങ്ങിച്ചെല്ലണമെന്നതാണ് ആർഎസ്എസ് ആഗ്രഹം.

ദളിത് ആധിപത്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ ശാഖകൾ സംഘടിപ്പിക്കണം, ക്യാമ്പുകൾ സ്ഥാപിക്കണം. അവരുടെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹാരം കണ്ടെത്താനും ഇടപെടലുകൾ ഉണ്ടാകണം.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ദളിത് വിഭാഗങ്ങൾക്ക് ഉറപ്പാക്കണം'-ഇതാണ് ആർഎസ്എസ് പ്രവർത്തകരോട് മോഹൻ ഭാഗവത് നൽകിയ നിർദ്ദേശം.