- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൻ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ പങ്കെടുത്തതും ചാനലിൽ പറഞ്ഞു; നന്ദിയായി ചാണ്ടി ഉമ്മന് വോട്ട് ചെയ്യുമെന്നും പറഞ്ഞു; പിന്നാലെ ആ താൽകാലിക ജോലി പോയി; രാഷ്ട്രീയ കേരളം വികൃതം; സതിയമ്മയുടെ വേദനയ്ക്ക് പിന്നിൽ പ്രതികാരം
കോട്ടയം: സത്യം പറഞ്ഞാൽ പണി പോകും. അതാണ് കേരളം. എല്ലാം രാഷ്ട്രീയമാണ്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുറയ്ക്കണം. അതിന് വിലങ്ങു തടിയാകുന്നവർക്കെല്ലാം ഇനി കഷ്ടകാലമാണ്. വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിച്ചാൽ അവർ സർക്കാരിന് ഹീറോ. മറിച്ചായാൽ പണി ഉറപ്പ്. ഉമ്മൻ ചാണ്ടി തന്റെ കുടുംബത്തിനുവേണ്ടി ചെയ്ത സേവനം ചാനൽ ക്യാമറയ്ക്കു മുന്നിൽ പറഞ്ഞതിനു വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്നു പുറത്താക്കി.
കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പർ പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ. സതിയമ്മ (52)യ്ക്കാണു 11 വർഷമായുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി ചാനൽ റിപ്പോർട്ടർ വോട്ടർമാരുടെ പ്രതികരണം തേടുന്നതിനിടെ സതിയമ്മയോടും ഉമ്മൻ ചാണ്ടിയെക്കുറിച്ചു ചോദിച്ചു. മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തതും സതിയമ്മ ഓർമിച്ചു. ഇതിനുള്ള നന്ദിസൂചകമായി ചാണ്ടി ഉമ്മന് ഇക്കുറി വോട്ട് ചെയ്യുമെന്നും പറഞ്ഞു. ഇതാണ് സർക്കാരിന് പ്രകോപനമായത്. ഉമ്മൻ ചാണ്ടിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞയാൾ വേണ്ടെന്ന് തീരുമാനിച്ചു.
ഞായറാഴ്ച ചാനൽ ഇതു സംപ്രേഷണം ചെയ്തു. അടുത്ത ദിവസം ജോലിക്കെത്തിയപ്പോൾ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്നു നിർദേശിച്ചു ഒഴിവാക്കാൻ മുകളിൽനിന്നു സമ്മർദമുണ്ടെന്ന സൂചനയോടെയാണു ഡപ്യൂട്ടി ഡയറക്ടർ വിവരം അറിയിച്ചതെന്നു സതിയമ്മ പറഞ്ഞു. ഇതാണ് കേരളത്തിലെ രാഷ്ട്രീയം. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലാണ് ഈ മൃഗാശുപത്രി. അതുകൊണ്ട് തന്നെ ഡപ്യൂട്ടി ഡയറക്ടറും നിസ്സഹായൻ.
വൈക്കം പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം വഴിയാണു സ്വീപ്പറായി ജോലിക്കുകയറിയത്. 4 വർഷത്തിനു ശേഷം കുടുംബശ്രീ വഴി കൈതേപ്പാലത്തേക്കു സ്വീപ്പറായി എത്തി. 8,000 രൂപയാണു മാസവേതനം. സതിയമ്മയുടെ ഭർത്താവ് രാധാകൃഷ്ണനു തടിപ്പണിയായിരുന്നു ജോലി. ഇപ്പോൾ ജോലിക്കു പോകാൻ കഴിയുന്നില്ല. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സതിയമ്മയുടെ വരുമാനം. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടി സ്തുതിയിൽ അത് നഷ്ടമാകുന്നു. മരിച്ച ഉമ്മൻ ചാണ്ടിയെ എതിർ രാഷ്ട്രീയ ചേരി എത്രമാത്രം ഭയക്കുന്നുവെന്നതിന് തെളിവാണ് ഈ സംഭവം.
തനിക്കു പ്രത്യേകിച്ചു രാഷ്ട്രീയമൊന്നും ഇല്ലെന്നും ഉമ്മൻ ചാണ്ടി ചെയ്ത സഹായം മറക്കാൻ കഴിയാത്തതിനാൽ പറഞ്ഞതാണെന്നും സതിയമ്മ പറഞ്ഞു. കുടുംബശ്രീയിൽ നിന്നാണു സതിയമ്മയെ ജോലിക്കെടുത്തതെന്നും ഇവരുടെ ഊഴം കഴിഞ്ഞതിനാലാണു പിരിച്ചുവിട്ടതെന്നും മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ബിജിമോൾ അറിയിച്ചു. പക്ഷേ രാഷ്ട്രീയം തീരുമാനത്തിൽ വ്യക്തമാണ്. എങ്ങനെയാണ് അഭിമുഖം വന്നതിന്റെ അടുത്ത ദിവസം തന്നെയാണ് ജോലിയുടെ കാലാവധി തീർന്നതെന്ന് ചോദിച്ചാൽ ആർക്കും മറുപടിയില്ല.
മറുനാടന് മലയാളി ബ്യൂറോ