കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. സ്വമേധയാ പ്രഖ്യാപിച്ച പിന്തുണ നിരസിക്കുന്നത് യുഡിഎഫിൽ ആലോചനയെന്ന് സൂചന. ഇതുസംബന്ധിച്ച രാഷ്ട്രീയനിലപാട് കെപിസിസി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംയുക്തമായി വ്യാഴാഴ്ച പ്രഖ്യാപിക്കും. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്. ദേശീയ തലത്തിൽ എസ് ഡി പി ഐ തീരുമാനം തിരിച്ചടിയാകുമെന്നതിനാലാണ് ഇത്.

എസ് ഡി പി ഐയുടെ പിന്തുണ പ്രഖ്യാപിക്കലിന് പിന്നിൽ 'രാഷ്ട്രീയ ചതി'യുണ്ടോ എന്ന് കോൺഗ്രസിന് സംശയമുണ്ട്. കേരളത്തിൽ സിപിഎമ്മിന്റെ ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുള്ള നീക്കത്തിന് എസ് ഡി പി ഐയുടെ പ്രഖ്യാപനം തിരിച്ചടിയാണ്. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസിനെതിരെ ബിജെപി ഇത് ആയുധമാക്കും. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയാണ് എസ് ഡി പി ഐ എന്നത് പകൽപോലെ വ്യക്തമാണ്. ഈ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ട് പിന്തുണയോടെയാണ് വയനാട് രാഹുൽ ഗാന്ധി മത്സരിക്കുന്നതെന്ന രാഷ്ട്രീയ ചർച്ച ബിജെപി ദേശീയ തലത്തിൽ ഉയർത്തും. ഇത് ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് കോൺഗ്രസ് ആശങ്കയ്ക്ക് കാരണം.

കഴിഞ്ഞ തവണ മുസ്ലിം ലീഗിന്റെ പച്ച പതാക രാഹുൽ ഗാന്ധിയുടെ പ്രചരണത്തിന് ഉപയോഗിക്കുന്ന ചിത്രത്തെ പോലും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. പാക്കിസ്ഥാൻ പിന്തുണയാണ് ഇതെന്നായിരുന്നു ആരോപണം. ഇത്തവണ അതുമാറ്റി തീവ്ര മുസ്ലിം സംഘടനയായ പോപ്പുലർ ഫ്രണ്ട് പിന്തുണ രാഹുലിനുണ്ടെന്ന വാദം ബിജെപി ചർച്ചയാക്കും. എസ് ഡി പി ഐ പിന്തുണയിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തു വന്നിട്ടുണ്ട്. കോൺഗ്രസ് ഇന്ത്യയുടെ പരമാധികാരത്തിൽ വിശ്വസിക്കുന്നില്ലെന്നും വർഷങ്ങളായി അവർ ഇത്തരത്തിൽ വർഗീയ ശക്തികളെ പിന്തുണച്ചുവരികയാണെന്നും അമിത് ഷാ വിമർശിച്ചു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് നിർണ്ണായക ചർച്ചകളിലേക്ക് കടന്നത്. ഉടൻ തീരുമാനം അറിയിക്കുമെന്നാണ് സൂചന.

എസ്.ഡി.പി.ഐ. ഏകപക്ഷീയമായി നൽകാൻ തീരുമാനിച്ച പിന്തുണ യു.ഡി.എഫിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. കോൺഗ്രസുമായോ, യു.ഡി.എഫുമായോ കൂടിയാലോചന നടത്താതെ ഏകപക്ഷീയമായാണ് എസ്.ഡി.പി.ഐ. പിന്തുണ പ്രഖ്യാപിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി. പൊതുവിൽ കേരളത്തിൽ നിലനിൽക്കുന്ന അനുകൂല രാഷ്ട്രീയസാഹചര്യം ഇല്ലാതാക്കുന്ന ഒരുസാഹചര്യവും ഉണ്ടാവരുതെന്ന് യു.ഡി.എഫ്. നേതൃത്വം വിലയിരുത്തി. ഇതിനൊപ്പം ദേശീയ തലത്തിലും കോൺഗ്രസിനെ ആക്രമിക്കാൻ ബിജെപിക്ക് അജണ്ട നൽകില്ല.

വയനാട്ടിൽ രാഹുൽഗാന്ധിയുടെ പത്രികാസമർപ്പണത്തിലും റാലിയിലും പങ്കെടുക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല, യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ് തുടങ്ങിയ യു.ഡി.എഫ്. നേതാക്കൾ എത്തിയിരുന്നു. ഇവർ എ.ഐ.സി.സി.യുടെ സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിയാലോചന നടത്തിയശേഷമാണ് എസ് ഡി പി ഐ വോട്ട് വേണ്ടെന്ന് പറയാനുള്ള തീരുമാനത്തിലെത്തിയത്.

വ്യക്തികൾ എന്നനിലയിൽ ആര് വോട്ടുചെയ്താലും പ്രശ്‌നമില്ല, എന്നാൽ, എസ്.ഡി.പി.ഐ. പോലുള്ള സംഘടനകളുടെ പിന്തുണവേണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കാനാണ് ആലോചന.