ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ പരസ്യപിന്തുണ കോൺഗ്രസിന് ദേശീയ തലത്തിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക ശക്തം. കോൺഗ്രസിനെതിരെ പ്രചരിപ്പിക്കാൻ കിട്ടിയ പുതിയ ആയുധമാക്കുകയാണ് ബിജെപി. ദേശീയ തലത്തിൽ കോൺഗ്രസിന് എസ്ഡിപിഐ പിന്തുണ നൽകുന്നത് തീവ്രവാദത്തോട് സന്ധി ചെയ്യലാണെന്നാണ് ആരോപണം. രാഹുൽഗാന്ധി എസ്ഡിപിഐ പിന്തുണ വാങ്ങുന്നു എന്ന പ്രചാരണമാണ് ദേശീയ തലത്തിൽ ശക്തമാക്കുന്നു.

തീവ്രവാദികളുമായി കോൺഗ്രസ് സന്ധി ചെയ്‌തെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആരോപിച്ചു. ബിജെപിയുടെ ധ്രുവീകരണ നീക്കം തല്ക്കാലം അവഗണിക്കാനാണ് എഐസിസി നേതാക്കൾക്കിടയിലെ ധാരണ. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ കണ്ട മുസ്ലിം ലീഗ് പതാക വടക്കേ ഇന്ത്യയിൽ എൻഡിഎ പ്രചാരണ ആയുധമാക്കിയിരുന്നു. അമേഠിയിലെ രാഹുൽ ഗാന്ധിയുടെ പരാജയത്തിലും ഈ പ്രചാരണം ഒരു ഘടകമായിരുന്നു. സമാന ദൃശ്യങ്ങൾ ഇന്ന് വയനാട്ടിൽ ഒഴിവാക്കാൻ കോൺഗ്രസ് നേതാക്കൾ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്.

എന്നാൽ രാഹുൽ ഗാന്ധി മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ മത്സരിക്കുന്നു എന്നത് ചർച്ചയാക്കാൻ എസ്ഡിപിഐ യുഡിഎഫിന് പിന്തുണ നല്കിയത് ആയുധമാക്കുകയാണ് ബിജെപി. തീവ്രവാദികളുമായി കോൺഗ്രസ് ചേരുന്നു എന്ന് അമിത് ഷാ കർണ്ണാടകയിൽ പറഞ്ഞു. ഇന്ന് ബിജെപി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറും ഈ ആരോപണം ആവർത്തിച്ചു.

എസ്ഡിപിഐയുമായി ചർച്ച നടത്തിയിട്ടില്ലെന്നും ആരുടെ വോട്ടും വേണ്ടെന്ന് പറയില്ലെന്നുമാണ് കെപിസിസി നിലപാട്. ദേശീയ തലത്തിൽ ഈ വിഷയത്തിലും വെറുതെ കുരുങ്ങേണ്ട എന്നാണ് കോൺഗ്രസ് ആലോചന. അതേസമയം കർണാടകത്തിൽ അടക്കം വിഷയം ബിജെപി പ്രചരണായുധം ആക്കുന്നുണ്ട്. രാമനഗരയിലെ ബിജെപി റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് എസ്ഡിപിഐ വിഷയം ആയുധമാക്കി രംഗത്തുവന്നത്. ' ഒരുവശത്ത് ബെംഗളൂരുവിൽ സ്ഫോടനങ്ങൾ നടക്കുന്നു. മറുവശത്ത് എസ്ഡിപിഐ കോൺഗ്രസിനെ പിന്തുണച്ചു എന്ന വാർത്ത കേൾക്കുന്നു. ഇത് ശരിയാണെങ്കിൽ കോൺഗ്രസ് ഭരണത്തിന് കീഴിൽ കർണാടകയിലെ ജനങ്ങൾ എങ്ങനെ സുരക്ഷിതരായിരിക്കും?", അമിത് ഷാ ചോദിച്ചു.

എസ്ഡിപിഐ കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിൽ തനിക്ക് ഞെട്ടലില്ലെന്ന് പറഞ്ഞ അമിത് ഷാ, വർഗീയവാദികളുടെ പിന്തുണയോടെ കോൺഗ്രസ് വർഷങ്ങളായി ദേശവിരുദ്ധ പ്രചാരണങ്ങളിൽ ഏർപ്പെടുകയാണെന്നും ആരോപിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അറിയിച്ചിരുന്നു. ദേശീയ തലത്തിൽ ബിജെപി വിരുദ്ധ 'ഇന്ത്യ' മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്. ആ നിലയിലാണ് യുഡിഎഫിന് മുൻഗണന നൽകുവാൻ തീരുമാനിച്ചതെന്നും അഷ്റഫ് മൗലവി പറഞ്ഞു.

എന്നാൽ, എസ്ഡിപിഐ പിന്തുണ തള്ളി കെപിസിസി അധ്യക്ഷൻ വി ഡി സതീശൻ രംഗത്തെത്തി. എസ്ഡിപിഐയുമായി യാതൊരു സഖ്യവുമില്ലെന്നും തീവ്രവാദ നിലപാടുള്ള ഒരു സംഘടനയുമായി കോൺഗ്രസിന് ബന്ധമില്ലെന്നും അവരുമായി ചർച്ച നടത്തിയിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായി സഖ്യം ഉണ്ടാക്കിയത് സിപിഎം ആണ്. ബിജെപിക്ക് രാജ്യത്ത് ബദൽ എന്ന നിലയിൽ കോൺഗ്രസിന് പലരും പിന്തുണ നൽകുന്നുണ്ടെന്നും സതീശൻ പറഞ്ഞു. സിപിഎമ്മിന് പിന്തുണ നൽകുമ്പോൾ മതേതരവാദിയാകുന്നു, യുഡിഎഫിന് പിന്തുണയെന്ന് പറഞ്ഞാൽ തീവ്രവാദിയാകുന്നു. സിപിഎം ആണോ ഈ സർട്ടിഫിക്കറ്റ് കൊടുക്കുന്നതെന്നും സതീശൻ ചോദിച്ചിരുന്നു.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിൽ മത്സരിച്ച എസ്ഡിപിഐക്ക് 80,111 വോട്ടാണ് ആകെ കിട്ടിയത്. 0.4 ശതമാനമാണ് എസ്ഡിപിഐക്ക് കിട്ടിയ വോട്ടുവിഹിതം. കണ്ണൂർ, വടകര, വയനാട്, മലപ്പുറം, പാലക്കാട്, ചാലക്കുടി, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിച്ചത്. കണ്ണൂർ 8139, വടകര 5543, വയനാട് 5424, മലപ്പുറം 19095, പൊന്നാനി 18114, പാലക്കാട് 5746, ചാലക്കുടി 4685, എറണാകുളം 4309, ആലപ്പുഴ 1125, ആറ്റിങ്ങൽ 5428 എന്നിങ്ങനെയാണ് എസ്ഡിപിഐയ്ക്ക് ലഭിച്ച വോട്ടുകൾ.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ കൂടുതൽ വോട്ടുകൾ നേടിയത് മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണ്. മലപ്പുറത്ത് 47,853 വോട്ടും പൊന്നാനിയിൽ 26,640 വോട്ടുമാണ് നേടിയത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ കൂടുതൽ വോട്ട് നേടിയത് മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണ്. മലപ്പുറത്ത് 47,853 വോട്ടും പൊന്നാനിയിൽ 26,640 വോട്ടുമാണ് എസ്ഡിപിഐ നേടിയത്. കോട്ടയം 3,513, തിരുവനന്തപുരം 4,820, മാവേലിക്കര 8,946, തൃശൂർ 6,894, ആലത്തൂർ 7,820, കാസർകോട് 9,713, ആറ്റിങ്ങൽ 11,225, കൊല്ലം 12,812, പത്തനംതിട്ട 11,353, ആലപ്പുഴ 10,993 ഇടുക്കി 10,401, എറണാകുളം 14,825, ചാലക്കുടി 14,386, പാലക്കാട് 12,504, കോഴിക്കോട് 10,596, വയനാട് 14,326, വടകര 15,058, കണ്ണൂർ 19,170 എന്നിങ്ങനെയാണ് എസ്ഡിപിഐക്ക് ലഭിച്ച വോട്ടുകൾ.