- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകരയിൽ ഷാഫി പറമ്പിലിന്റെ മാസ് എൻട്രി
വടകര: വടകരയിൽ പോരാട്ടം കടുപ്പിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ എൻട്രി. പാലക്കാട്ടെ വൈകാരിക യാത്രയയപ്പിന് ശേഷം വടകരയിൽ എത്തിയ ഷാഫിക്ക് ഉജ്ജ്വല സ്വീകരണമാണ് യുഡിഎഫ് പ്രവർത്തകർ ഒരുക്കിയത്. സ്വന്തം തട്ടകമായ പാലക്കാട് നിന്ന് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഷാഫി പറമ്പിൽ വടകരയിലെത്തിയത്.
ഷാഫി പറമ്പിലിനെ വരവേൽക്കാൻ വടകര പുതിയ ബസ് സ്റ്റാൻഡിലും പരിസരത്തുമായി ആയിരക്കണക്കിന് യു.ഡി.എഫ്. പ്രവർത്തകരാണ് എത്തിയത്. ഇവിടെ നിന്ന് തുറന്ന വാഹനത്തിൽ റോഡ് ഷോ ആരംഭിച്ചു. റോഡ് ഷോയുടെ സമാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് കൺവെൻഷനും നടന്നു. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുതിർന്ന നേതാക്കളെല്ലാം പരിപാടിയിൽപങ്കെടുത്തു.
വടകരക്കാർ തനിക്കേകിയ ഉജ്ജ്വലമായ സ്വീകരണം ഹൃദയത്തിൽ തട്ടുന്നതാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വിജയിക്കേണ്ടതിന്റെ അനിവാര്യത വടകരക്കാർ തിരിച്ചറിഞ്ഞിരിക്കുകയാണ്. വർഗീയതയും തോൽക്കണം അക്രമരാഷ്ട്രീയവും തോൽക്കുകയും സമാധാനം ജയിക്കുകയും വേണം. അതിന് വടകര യു.ഡി.എഫിനൊപ്പം നിൽക്കുമെന്നും ഷാഫി പറഞ്ഞു. എവിടെ ചെന്നാലും ഏത് പദവിയിലാണെങ്കിലും പദവിയൊന്നുമില്ലെങ്കിലും പാലക്കാടിന്റെ സ്നേഹം തന്നിൽ നിന്ന് അറുത്തുമാറ്റാൻ കഴിയില്ലെന്നും അതാണ് വടകരയിലും കരുത്തായി മാറുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
നേരത്തേ വടകരയിലേക്ക് തിരിച്ച ഷാഫിയെ അതിവൈകാരികമായാണ് പാലക്കാട്ടുകാർ യാത്രയയച്ചത്. പലരും കണ്ണുനിറഞ്ഞാണ് ഷാഫിയെ യാത്രയാക്കിയത്. താനെവിടേയും പോകുന്നില്ലെന്നും ജോലിക്കുപോകുന്നതുപോലെയല്ലേ ഇതെന്നും പറഞ്ഞാണ് കരച്ചിലോടെ തന്നെ യാത്രയാക്കാനെത്തിയവരോട് ഷാഫി പറഞ്ഞത്.
കോൺഗ്രസിലായിരുന്നപ്പോൾ ചന്ദനക്കുറി തൊടാൻ പോലും ഭയമായിരുന്നു എന്ന പത്മജ വേണുഗോപാലിന്റെ ആരോപണത്തിനെതിരെയു ംഷാഫി പ്രതികരിച്ചിരുന്നു. എല്ലാ ഒന്നാം തീയതിയും ഗുരുവായൂർ കണ്ണനെ തൊഴാൻ പോയ കരുണാകരന്റെ മകൾ ഇങ്ങനെ പറയരുതായിരുന്നു എന്ന് ഷാഫി പറഞ്ഞു. "കെ. മുരളീധരന് പത്മജയുടെ സർട്ടിഫിക്കറ്റ് വേണ്ട. അവർ സുരേന്ദ്രന് സർട്ടിഫിക്കറ്റ് ഒപ്പിട്ടു നൽകട്ടെ. മുരളീധരൻ കരുണാകരന്റെ മകനാണ്. അദ്ദേഹം ഒറ്റുകൊടുക്കാത്തയാളാണ്." ഷാഫി പറഞ്ഞു.
"അച്ഛൻ ജയിലിൽ കിടക്കുമ്പോൾ പച്ചിലകളും കായ്കളും കൊണ്ട് നിറംകൊടുത്ത ആ മൂവർണത്തിനെതിരെ ഇങ്ങനെയൊരു വൃത്തികേട് അവർ പറയാൻ പാടില്ലായിരുന്നു. കരുണാകരന്റെ ലെഗസിയോട് ഇത്രയും വലിയ വഞ്ചന അവർ ചെയ്യാൻ പാടില്ല. എനിക്ക് എന്തെങ്കിലുമൊക്കെ പദവി വേണം അതുകൊണ്ട് ഞാൻ അവിടേക്കു പോകട്ടെ എന്നു പറഞ്ഞ് പോകാമായിരുന്നു. പക്ഷേ, കോൺഗ്രസിനെ ആശയപരമായി ചോദ്യം ചെയ്യരുത്. വടകരയിൽ ചെല്ലുമ്പോൾ ആളുകൾ പറയുന്നത് ആ പത്മജയ്ക്കുള്ള പണി ഞങ്ങൾ കൊടുക്കുന്നുണ്ട് എന്നാണ്. അവിടെ ചെല്ലുമ്പോൾ അവർ പറയുന്നത് ഈ വോട്ട് നിങ്ങൾക്കുള്ളതും മുരളിയേട്ടനുള്ളതും കൂടിയാണെന്നാണ്.
ആറ് തവണ കോൺഗ്രസ് ജയിച്ച സീറ്റാണ് പാർട്ടി അവരെ ഏൽപ്പിച്ചത്. തോറ്റുകിടക്കുന്ന സിപിഎം സീറ്റിലാണ് എന്നെ കൊണ്ടുവന്നിട്ടത്. പരിഗണനയുടെ കാര്യം പറഞ്ഞ് പോകാൻ കഴിയുന്ന പാർട്ടിയാണോ ബിജെപി? കോൺഗ്രസും ബിജെപിയും തമ്മിൽ അവർ കാണുന്ന വ്യത്യാസം പരിഗണനയുടേതായിരിക്കും. ഞങ്ങൾക്കത് ആശയങ്ങളുടെതാണ്. ഒടയതമ്പുരാൻ വന്നു പറഞ്ഞാലും കോൺഗ്രസ് ആശയങ്ങൾ വിശ്വസിക്കുന്ന ആളുകൾക്കു വീഴാൻ കഴിയുന്ന കുഴിയല്ല ആ കുഴി എന്നത് പത്മജ മനസ്സിലാക്കിയിട്ടില്ല. ആയിരം തവണ അവസരം നിഷേധിക്കപ്പെട്ട കോൺഗ്രസുകാരനും കോൺഗ്രസ് വികാരമുണ്ടെങ്കിൽ ബിജെപിയിലേക്കു പോകില്ല. പോകുന്നവർ അവസരവാദികളാണ്." ഷാഫി വ്യക്തമാക്കി.