- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു: ഷാഫി പറമ്പിൽ
വടകര: വടകര ലോക്‌സഭാ മണ്ഡലത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു. സൈബർ ആക്രമണം അടക്കം പ്രചരണ വിഷയമായ മണ്ഡലത്തിൽ കൊട്ടിക്കലാശത്തിന് മുമ്പും ഇരുസ്ഥാനാർത്ഥികളും കൊമ്പു കോർക്കുകയാണ്. വടകരയിൽ പരാജയം ഉറപ്പായ സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ലെന്നും ഷാഫി വ്യക്തമാക്കി.
രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെയാണ് പ്രവർത്തിക്കുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി. ഈ തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വോട്ട് ഏറ്റവും കൂടുതൽ ലഭിക്കുന്നത് തനിക്കായിരിക്കും. സൈബർ അധിക്ഷേപ പരാതിയിൽ പ്രതികളാക്കപ്പെട്ട കോൺഗ്രസ്- ലീഗ് പ്രവർത്തകരെ ന്യായീകരിക്കാൻ താനില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
നേരത്തെ വ്യാജ പ്രചരണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജക്കും എതിരെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു ഷാഫി. വ്യാജ വിഡിയോയുടെ പേരിൽ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്നും ഷാഫി പറമ്പിൽ പരാതിയിൽ ആവശ്യപ്പെടുന്നു. അശ്ലീല വിഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ മാപ്പ് പറയണമെന്ന് ചൂണ്ടിക്കാട്ടി കെ.കെ. ശൈലജക്ക് കഴിഞ്ഞ ദിവസം ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.
ചെയ്യാത്ത കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും 24 മണിക്കൂറിനുള്ളിൽ വാർത്ത സമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടത്. ഷാഫി പറമ്പിലിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ആരോപണം ഉന്നയിക്കുകയാണെന്നും നോട്ടീസിൽ പറയുന്നു. എന്നാൽ, മാപ്പ് പറയില്ലെന്ന് കെ.കെ. ശൈലജ വ്യക്തമാക്കി. താൻ പറഞ്ഞ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും തെളിവുകൾ കൈവശമുണ്ടെന്നുമാണ് ശൈലജയുടെ പ്രതികരണം. ഇതേതുടർന്ന് നിയമനടപടി തുടരാൻ ഷാഫി തീരുമാനിച്ചിട്ടുണ്ട്.
ശൈലജയുടെ മോർഫ് ചെയ്ത വിഡിയോ പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ, വിഡിയോ അല്ല, മുഖം വെട്ടിയൊട്ടിച്ച പോസ്റ്ററാണ് പ്രചരിക്കുന്നതെന്നാണ് താൻ പറഞ്ഞതെന്ന് കഴിഞ്ഞ ദിവസം ശൈലജ തിരുത്തി. അതിനു പിന്നാലെയാണ് അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കിയത്.
വടകരയിൽ ഒരാഴ്ചയോളം കത്തി നിന്ന വിഷയത്തിൽ തനിക്ക് നേരെയുണ്ടായ അധിക്ഷേപത്തിൽ ആരെങ്കിലും മാപ്പ് പറയുമോ എന്നായിരുന്നു ഷാഫിയുടെ ചോദ്യം. ശൈലജ തിരുത്തിയതിൽ സന്തോഷമുണ്ടെന്നും അതേസമയം വിഡിയോയുടെ പേരിൽ തന്റെ ഉമ്മയുടെ പേര് വരെ വലിച്ചിഴച്ചുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വിഡിയോ വിവാദം വടകരയിൽ അനുകൂലമാവുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് എങ്കിൽ വിവാദം ശൈലജക്ക് ഗുണം ചെയ്യുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ.