- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി പി ചന്ദ്രശേഖറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രചരണം തുടങ്ങി ഷാഫി പറമ്പിൽ
വടകര: വടകരയിൽ പ്രചരണ രംഗത്ത് സജീവമായി ഷാഫി പറമ്പിൽ. ടിപി വധം ഇത്തവണയും വടകരയിൽ പ്രചാരണ വിഷയമാകുമെന്ന് വ്യക്തമാക്കിയാണ് ഷാഫി പ്രചരണം സജീവമാക്കിയത്. യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണത്തിന് ടിപി സ്മൃതി മണ്ഡപത്തിൽ നിന്ന്ാണ് തുടക്കമായത്. ടിപിയുടെ പ്രതിമയിൽ അഭിവാദ്യങ്ങൾ അർപ്പിച്ച ശേഷം ഷാഫി മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും കണ്ടു. മുല്ലപ്പള്ളിയുടെ തറവാട്ടിൽ എത്തിയാണ് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയത്.
ടിപി വധം ഇത്തവണയും വടകരയിൽ പ്രചാരണ വിഷയമാകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പറഞ്ഞു. തിരുത്താൻ സിപിഐഎം ഇതുവരെ തയ്യാറായിട്ടില്ല. വടകര ടിപിയുടെ മണ്ണാണെന്നും ഇത്തവണയും യുഡിഎഫിനൊപ്പം നിൽക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ശക്തരായ സ്ഥാനാർത്ഥികൾ തനിക്കെതിരെ വരുന്നത് ഇത് ആദ്യമായല്ല. പാലക്കാട് 2021 ലെ തിരഞ്ഞെടുപ്പിൽ നടന്നത് എല്ലാവരും കണ്ടതല്ലേ. പ്രധാനമന്ത്രിയും അമിത് ഷായും വരെ വന്ന് പ്രചാരണം നടത്തി. സ്ഥാനാർത്ഥി ഓഫീസ് പോലും തുറന്നിടത്ത് നിന്നാണ് പാലക്കാട്ടുകാർ തന്നെ വിജയിപ്പിച്ചതെന്നും ഷാഫി ഓർമ്മിപ്പിച്ചു.
വോട്ട് ചെയ്യുന്ന ജനങ്ങളുടെ ശക്തിയിലും വടകരയുടെ രാഷ്ട്രീയ ബോധത്തിലുമാണ് തനിക്ക് വിശ്വാസമെന്നും തിരഞ്ഞെടുപ്പ് ജയിക്കുമെന്നും ഷാഫി പറഞ്ഞു. സ്ത്രീ പ്രാതിനിധ്യം കൂടണമെന്നതിൽ തർക്കമില്ല, എല്ലാ പാർട്ടികളും സ്ത്രീ പ്രാതിനിധ്യം കൂട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വടകര ലോക്‌സഭാ മണ്ഡലത്തിൽ ഒരു മാസം കൊണ്ട് എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ പോയ ദൂരം രണ്ടു മണിക്കൂർ കൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മറികടന്നെന്ന് കെ.കെ. രമ എംഎൽഎ അഭിപ്രായപ്പെട്ടു. വടകരയിൽ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ ജയിക്കാൻ പോകുന്നതെന്നും കെ.കെ. രമ പറഞ്ഞു. "ആർഎംപിയുടെ പൂർണ പിന്തുണ ഷാഫി പറമ്പിലിനുണ്ടാകും. അഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്ന രാഷ്ട്രീയത്തെ ഇപ്പോഴും സിപിഎം ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്. 2008ൽ ആർഎംപി രൂപീകരിച്ച ശേഷം വടകരയിൽ എൽഡിഎഫ് നിലംതൊട്ടിട്ടില്ല." കെ.കെ. രമ വ്യക്തമാക്കി.
വടകരയിൽ നടക്കാൻ പോകുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. വടകര ഇടതുമുന്നണിയുടെ പൊന്നാപുരം കോട്ടയല്ലെന്നും താൻ ആ കോട്ട പൊളിച്ചതാതാണ്. താൻ ഉഴുതുമറിച്ച മണ്ണിൽ മുരളീധരൻ വിജയമാവർത്തിച്ചു. ചിന്തിക്കുന്ന, പ്രബുദ്ധരായ കമ്മ്യൂണിസ്റ്റുകളാണ് വടകരയിലേതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. ഷാഫി പറമ്പിലിന്റെ വിജയം വരെ ഒപ്പമുണ്ടാകും. ഷാഫി പറമ്പിൽ തികഞ്ഞ പോരാളിയാണ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ആവും വടകരയിൽ. സർക്കാരിന്റെ ജനപ്രീതി ഇടിഞ്ഞു. വടകരയിൽ ടി പി ചന്ദ്രശേഖരന്റെ കൊലപാതകം ചർച്ചയാകും. ടിപി വധത്തിൽ വൻ ഗൂഢാലോചന പുറത്തു വരാനുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
വടകരയിൽ മത്സരിക്കണമെന്ന് നേതൃത്വം പറഞ്ഞപ്പോൾ ഞെട്ടി പോയെന്ന് ഷാഫി പറമ്പിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാലക്കാടിനെക്കുറിച്ച് ഓർത്ത് പ്രയാസം തോന്നി. മനസ് ക്ലിയറാകാൻ സമയമെടുത്തുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാലക്കാട്ട് നിന്ന് ലഭിച്ച യാത്രയയപ്പും വടകരയിൽ നിന്ന് ലഭിച്ച സ്വീകരണവും ഒരു പോലെ ഉജ്ജ്വലമായിരുന്നു. സ്വീകണ പരിപാടിയിൽ സംസാരിക്കവെ ഷാഫി പറഞ്ഞിരുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരും. ഉപതെരഞ്ഞെടുപ്പിൽ തനിക്ക് കിട്ടിയതിൽ കൂടുതൽ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കും. പാലക്കാട് ജയിക്കില്ലെന്ന് ബിജെപിക്ക് അറിയാം. അത് അറിയാത്തത് ഇപ്പോഴും സിപിഐഎമ്മാണ്. മത്സരിക്കുന്നത് ജയിക്കാൻ വേണ്ടി തന്നെയാണെന്നും ഈ തിരഞ്ഞെടുപ്പിൽ ഓരോ സീറ്റും ജയിക്കുന്നതിന്റെ പ്രാധാന്യം പാലാക്കാട്ടുകാർക്ക് അറിയാമെന്നും ഷാഫി പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ കുറിച്ച് പറഞ്ഞ് ഷാഫി പറമ്പിൽ വേദിയിൽ വെച്ച് വികാരാധീനനായി. ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നെങ്കിൽ ഈ വേദിയിലുണ്ടാകുമായിരുന്നു. എല്ലാവരോടും തനിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുമായിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയാണ് വന്നിരിക്കുന്നതെന്നും ഷാഫി പറഞ്ഞു.
സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിന് ശേഷം ആദ്യമായി വടകരയിലെത്തിയ ഷാഫിക്ക് വൻവരവേൽപ്പാണ് യുഡിഎഫ് നേതൃത്വം ഒരുക്കിയത്. കോഴിക്കോട് എം പി, എം കെ രാഘവൻ, വടകര എംഎൽഎ കെ കെ രമ അടക്കമുള്ള നേതാക്കൾ ഷാഫിയെ സ്വീകരിക്കാൻ വടകരയിൽ എത്തിച്ചേർന്നിരുന്നു. നൂറ് കണക്കിന് യുഡിഎഫ് പ്രവർത്തകരാണ് ഷാഫിയെ സ്വീകരിക്കാൻ വടകരയിലെത്തി ചേർന്നത്.