പാലക്കാട്: സിറ്റിങ് എംഎൽഎമാരുടെ പോരാട്ടത്തിന് വടകരയിൽ കളമൊരുങ്ങിയിരിക്കയാണ്. വടകരയിൽ സ്ഥാനാർത്ഥി ആയതോടെ ഷാഫി പറമ്പിലും മണ്ഡലത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. നേരത്തെ ഉമ്മൻ ചാണ്ടിയെ അടക്കിയെ കല്ലറയിൽ എത്തിയാണ് ഷാഫി പ്രചരണത്തിന് തുടക്കമിട്ടത്. ഇന്നലെ ഷാഫി പുതുപ്പള്ളി സന്ദർശിച്ചിരുന്നു. ഇന്ന് പാലക്കാട്ടെത്തി പ്രിയപ്പെട്ട അണികളോടും നാട്ടുകാരോടും യാത്ര പറഞ്ഞു.

പാലക്കാട് നിന്ന് വടകരയിലേക്ക് തിരിച്ച ഷാഫി പറമ്പിലിനെ കണ്ണീരോടെയാണ് കോൺഗ്രസ് പ്രവർത്തകർ യാത്രയാക്കിയത്. വൈകാരിക യാത്രയയപ്പാണ് പാലക്കാട്ടെ പ്രവർത്തകർ ഷാഫി പറമ്പിലിന് നൽകിയത്. കണ്ണീരോടെ സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെയുള്ള പ്രവർത്തകർ ഷാഫി പറമ്പിലിനായി മുദ്രാവാക്യം വിളിച്ചു. പട്ടാമ്പിയിൽ നിന്ന് പാലക്കാടെത്തി കളം പിടിച്ച ഷാഫിക്കും ഈ പോക്ക് അപ്രതീക്ഷിതമാണ് അതിനാൽ തന്നെ പ്രവർത്തകരെ വാരിപുണർന്ന ഷാഫി പറമ്പിലിനും കണ്ണീരടക്കാനായില്ല.

വൈകാരികമായിട്ടായിരുന്നു പാലക്കാട്ടുനിന്നുള്ള യാത്രയ്ക്ക് മുമ്പ് ഷാഫി പ്രതികരിച്ചതും. വടകര മാറ്റത്തിലെ രാഷ്ട്രീയ ആരോപണങ്ങൾക്കുള്ള മറുപടിയും ഷാഫി നൽകി. യാത്രതിരിച്ച് വടകയിൽ എത്തുന്ന വഴി വടകരയിലെ പ്രവാസികളായ പ്രിയ സഹോദരങ്ങളോട് ഒരു വാക്ക് പറയാനുണ്ടെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വടകരയിലേക്ക് പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ്. വടകരയിലെ പ്രവാസികളുടെ ഉറ്റ സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയുമൊക്കെ താനിന്ന് കാണുമെന്ന് ഷാഫി പറമ്പിൽ പറയുന്നു. ഫേസ്‌ബുക്ക് വീഡിയോയിലൂടെയാണ് വടകരയിലെ പ്രവാസികളോടുള്ള അഭ്യർത്ഥന ഷാഫി പങ്കുവെച്ചിട്ടുള്ളത്.

സ്ഥാനാർത്ഥിയാണെന്ന് അറിഞ്ഞത് മുതൽ നിങ്ങൾ തരുന്ന പിന്തുണയ്ക്കും പ്രോൽസാഹനത്തിനും വാക്ക് കൊണ്ടല്ല, പ്രവർത്തി കൊണ്ടാണ് ഞാൻ നന്ദി പറയുക. പ്രവാസ ലോകത്താണെങ്കിലും നിങ്ങൾ തരുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നു. സാമ്പത്തികാവസ്ഥ ഭദ്രമാണെങ്കിൽ വടകരയിലെത്തി വോട്ട് ചെയ്യാനും പ്രവർത്തനങ്ങൾക്കും കൂടെയുണ്ടാവണമെന്നും ഷാഫി പറമ്പിൽ അഭ്യർത്ഥിച്ചു.

അത്യപൂർവമായ ഈ സാഹചര്യത്തിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിലും എൽഡിഎഫ് സ്ഥാനാർത്ഥിയായ കെകെ ശൈലജയും. വടകരയിൽ ഇവരിൽ ആര് ജയിച്ചാലും ഒരു നിയമസഭ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഉറപ്പാണ്. ഒരു നിയമസഭ ഉപതെരഞ്ഞെടുപ്പ് കേരളത്തിലുണ്ടാകുമെന്ന ഉറച്ച ഗ്യാരണ്ടിയുമായാണ് ഇരു എംഎൽഎമാരും വടകരയിലേക്ക് വണ്ടി കയറിയത്. മട്ടന്നൂരിൽ നിന്നുമെത്തിയ കെ.കെ.ശൈലജ വടകരയിൽ പ്രചാരണം ആരംഭിച്ചു. പാലക്കാട് നിന്ന് സർപ്രൈസ് നിയോഗവുമായാണ് ഷാഫി പറമ്പിൽ എത്തുന്നത്. മൂന്ന് തവണ എംഎൽഎയായ പാലക്കാട് നിന്ന് വടകര മത്സരത്തിന് എത്തുന്നത്.

അതിനിടെ, ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഉപതെരഞ്ഞെടുപ്പ് നടക്കുക മട്ടന്നൂരിലായിരിക്കുമെന്ന് വടകരയിലെ സിപിഎം സ്ഥാനാർത്ഥി കെകെ ശൈലജ പ്രതികരിച്ചു. എതിർവശത്തെ സ്ഥാനാർത്ഥി ആരാണെന്ന് നോക്കുന്നില്ലെന്നും കെകെ ശൈലജ പറഞ്ഞു. സിറ്റിങ് എംപി തൃശൂരിലേക്ക് മാറിയതിനെ കുറിച്ചായിരുന്നു ശൈലയുടെ പ്രതികരണം. സ്ഥാനാർത്ഥി ആരാണെന്നത് വിഷയമല്ല. ഞങ്ങൾ ജയിച്ചുവന്നാൽ എന്തു ചെയ്യുമെന്നാണ് ജനങ്ങളോട് പറയുന്നത്. ഉപതെരഞ്ഞെടുപ്പ് മട്ടന്നൂരിലാണ് നടക്കുകയെന്നാണ് പറയാനുള്ളത്. രണ്ടു വർഷം കഴിഞ്ഞല്ലേ പാലക്കാട് തെരഞ്ഞെടുപ്പ് വരിക. ആ തെരഞ്ഞെടുപ്പിൽ ഇപ്പോഴുള്ള വിധിയാവില്ല വരികയെന്നത് ഉറപ്പാണെന്നും ശൈലജ പറഞ്ഞു.

വടകരയിൽ കൺവെൻഷനടക്കം നടത്താനിരിക്കെയാണ് കോൺഗ്രസിന്റെ സർപ്രൈസ് ആയി മുരളീധരനെ മാറ്റുന്നത്. അതെന്താണെന്ന് ഞങ്ങൾക്കറിയില്ല. കോൺഗ്രസുകാർ തന്നെ ചിലരൊക്കെ ചോദിക്കുന്നുണ്ട്. കോൺഗ്രസിന്റെ ഉന്നത നേതാക്കളടക്കം ഒരു മടിയുമില്ലാതെ ബിജെപിയിലേക്ക് പോവുകയാണ്. ചെറുപ്പം പ്രായത്തിന്റേതല്ല, പ്രവർത്തനത്തിന്റേതാണ്. ഞങ്ങളെല്ലാവരും പ്രവർത്തനം കൊണ്ട് ചെറുപ്പമാണ്. എവിടേയും വിശ്രമിക്കാറില്ല. അങ്ങനെയാവുന്ന സമയമെത്തുമ്പോൾ വിശ്രമിക്കുമെന്നും കെകെ ശൈലജ പറഞ്ഞു.