- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ പിടിക്കാൻ സ്പീക്കർ ഷംസീർ എത്തുമോ?
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്പീക്കർ എഎൻ ഷംസീറിനെ സ്ഥാനാർത്ഥിയാക്കുന്നത് പരിഗണനയിൽ. കോഴിക്കോട് എളമരം കരിമും മത്സരിക്കാനാണ് സാധ്യത. വടകരയിൽ കെകെ ഷൈലജയ്ക്കും പരിഗണനയുണ്ട്. കേരളത്തിലെ സ്ഥാനാർത്ഥി പട്ടിക ഈ മാസം 27ന് പുറത്തിറക്കനാണ് സിപിഎമ്മിലെ ധാരണ. സിപിഎം സീറ്റുകളിൽ മുഖ്യമന്ത്രി പിണറായി വിജയനാകും അന്തിമ തീരുമാനം എടുക്കുക.
രാവിലെ പിബി നേതാക്കളുടെ യോഗത്തിനുശേഷം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി. ശനി, ഞായർ ദിവസങ്ങളിൽ ജില്ലാ കമ്മിറ്റികൾ ചേർന്ന് സ്ഥാനാർത്ഥി പട്ടിക സംസ്ഥാന സമിതിക്കു കൈമാറും. സംസ്ഥാന സമിതി 21ന് ചേരാനാണു തീരുമാനം. സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഓരോ ജില്ലയിലും പല പേരുകളും പ്രചരിക്കുന്നുണ്ട്. ഇപ്പോൾ 'ഭ്രമയുഗമാണെന്നും' 'ഇനി കാണപ്പോകത് നിജമെന്നും' നേതാക്കൾ പറയുന്നു. അതിനിടെയാണ് കണ്ണൂരിൽ സ്പീക്കറെ പരിഗണിക്കുന്നുവെന്ന സൂചന കിട്ടുന്നത്. എല്ലാം മുഖ്യമന്ത്രിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. കണ്ണൂരിൽ കെ സുധാകരൻ വീണ്ടും കോൺഗ്രസിനായി മത്സരിക്കും. ഈ സാഹചര്യത്തിലാണ് ഷംസീറിന്റെ പേര് തന്നെ മുഖ്യമന്ത്രി കണ്ണൂരിന് വേണ്ടി ചർച്ചയാക്കുന്നത്. സ്പീക്കർ വിസമ്മതം അറിയിച്ചാൽ മറ്റ് വഴികൾ ആലോചിക്കും.
കണ്ണൂരിലെ മുസ്ലിം വോട്ടർമാരേയും സംഘടനാ വോട്ടുകളേയും ചേർത്ത് നിർത്താൻ ഷംസീറിന് കഴിയും. അങ്ങനെ വന്നാൽ സ്പീക്കർ പദം രാജിവച്ച് ഷംസീർ മത്സരത്തിന് ഇറങ്ങേണ്ടി വരും. കെ കെ ശൈലജയുടെ പേരും കണ്ണൂരിലേക്ക് പരിഗണിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്നു മന്ത്രി കെ.രാധാകൃഷ്ണൻ യോഗത്തിൽ വ്യക്തമാക്കി. ആറ്റിങ്ങലിൽ കടകംപള്ളി സുരേന്ദ്രനെ പരിഗണിക്കേണ്ടതില്ലെന്നും തീരുമാനമായി. ആലത്തൂർ മണ്ഡലത്തിലാണു രാധാകൃഷ്ണന്റെ പേര് ചർച്ചയായത്. 15 സീറ്റിലാണു സിപിഎം മത്സരിക്കുക. കഴിഞ്ഞ തവണ മത്സരിച്ച ഒരു സീറ്റ് കേരള കോൺഗ്രസിന് (എം) വിട്ടുനൽകി. കഴിഞ്ഞ തവണ 20 സീറ്റിൽ ആലപ്പുഴ മാത്രമാണ് എൽഡിഎഫിന് ജയിക്കാനായത്. കൂടുതൽ സീറ്റുകൾ നേടാൻ മുതിർന്ന നേതാക്കളെ രംഗത്തിറക്കാനാണ് ആലോചന.
ആറ്റിങ്ങലിൽ അടൂർ പ്രകാശിനെ നേരിടാൻ വി.ജോയ് എത്തുമെന്നാണഅ സൂചന. വി.ജോയ് ജില്ലാ സെക്രട്ടറിയാണ്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് വി.ജോയ് മാറണമെന്ന് ആഗ്രഹിക്കുന്നവരും ജോയിയുടെ പേര് നേതൃത്വത്തിനു മുന്നിൽ നിർദ്ദേശിക്കുന്നുണ്ട്. വർക്കല നിയമസഭാ മണ്ഡലത്തിൽനിന്നു ജോയ് മാറിയാൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലുമുണ്ട്,. കൊട്ടാരക്കര മുൻ എംഎൽഎ ഐഷാ പോറ്റിയുടെ പേരിനാണു കൊല്ലത്ത് മുൻതൂക്കം. പത്തനംതിട്ടയിൽ ടി.എം.തോമസ് ഐസക്, രാജു എബ്രഹാം എന്നിവരുടെ പേരുകൾക്കാണ് പ്രാമുഖ്യം. ഇതിൽ തോമസ് ഐസക്കിന് അനുകുലമാണ് സെക്രട്ടറിയേറ്റ്.
ആലപ്പുഴയിൽ സിറ്റിങ് എംപി എ.എം.ആരിഫ്, തോമസ് ഐസക് എന്നിവരുടെ പേരുകളും കേൾക്കുന്നുണ്ട്. ആരിഫിനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് ജില്ലാ നേതൃത്വത്തിൽ വലിയൊരു വിഭാഗത്തിനു താൽപര്യമില്ല. അങ്ങനെ വന്നാൽ തോമസ് ഐസകിന് നറുക്ക് വീഴും. എറണാകുളം, പൊന്നാനി, മലപ്പുറം, ചാലക്കുടി സീറ്റുകളിൽ കാര്യമായ ചർച്ചകൾ നടന്നിട്ടില്ല. മലപ്പുറത്ത് പാർട്ടി സ്ഥാനാർത്ഥിയുണ്ടായേക്കും. വടകരയിൽ കെ.മുരളീധരനെതിരെ മുതിർന്ന നേതാക്കളെയാണു പരിഗണിക്കുന്നത്.
പൊന്നാനിയിലും എറണാകുളത്തും പൊതുമ്മതരായ സ്വതന്ത്രൻ മത്സരിക്കാനാണു സാധ്യത. ഇടുക്കിയിൽ മുൻ എംപി ജോയ്സ് ജോർജിന്റെ പേരിനാണ് മുൻതൂക്കം. പാലക്കാട് എം.സ്വരാജിനും. ആലത്തൂരിൽ കെ.രാധാകൃഷ്ണന് ഇല്ലെങ്കിൽ എ.കെ.ബാലനാണു സാധ്യത. കണ്ണൂരിലോ കാസർകോടോ കെ.കെ.ശൈലജയെ പരിഗണിച്ചേക്കും. കാസർകോട് ടി.വി.രാജേഷിന്റെയും വിജു കൃഷ്ണന്റെയും പേരുകളാണു കേൾക്കുന്നത്. കോഴിക്കോട് എളമരം കരീമോ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫോ മത്സരിച്ചേക്കാം. കരിമിനാണ് മുൻതൂക്കം. കണ്ണൂരിലെ സ്പീക്കറെ ഇറക്കുന്നത് ചർച്ചയാക്കുന്നതും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കണ്ണൂരിലെ സിപിഎം നേതൃത്വത്തിന്റെ നിലപാട് ഈ വിഷയത്തിൽ നിർണ്ണായകമാകും.
വടക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ ജനപ്രീതിയുള്ള മുതിർന്ന നേതാക്കളെയും എംഎൽഎമാരെയും സിപിഎം പരിഗണിക്കുന്നതായാണ് വിവരം. ജില്ലാ സെക്രട്ടറിയേറ്റ് നൽകിയിരിക്കുന്ന പട്ടികയിൽ കെ കെ ശൈലജ, എ പ്രദീപ് കുമാർ, ടി വി രാജേഷ് അടക്കം ഇടംപിടിച്ചിട്ടുണ്ട്. 2009 ൽ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ പിടിച്ച് കെ മുരളീധരനിലൂടെ കോൺഗ്രസ് നിലനിർത്തിയ വടകര മണ്ഡലത്തിൽ ഇത്തവണ പ്രമുഖനെ മത്സരിപ്പിച്ച് തിരിച്ച് പിടിക്കാനാണ് സിപിഎം നീക്കം. എ പ്രദീപ്കുമാറിനാണ് മണ്ഡലത്തിൽ മുൻതൂക്കം. ജനപ്രീതിയിൽ മുന്നിലുള്ള കെ കെ ശൈലജയുടെ പേരും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നൽകിയ സാധ്യതാപ്പട്ടികയിലുണ്ട്. മന്ത്രിയെന്ന നിലയിൽ പ്രവർത്തിച്ച വേളയിൽ കെ കെ ശൈലജ നേടിയെടുത്ത ജനപ്രീതി മണ്ഡലം പിടിക്കാൻ മുതൽക്കൂട്ടാകുമെന്നാണ് സിപിഎം വിലയിരുത്തൽ.
കോഴിക്കോട്ട് എം കെ രാഘവനെ മറിച്ചിടാൻ എളമരം കരീം പോലുള്ള ഒരു നേതാവാണ് വേണ്ടതെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. കാസർകോട്ട് എം വി ബാലകൃഷ്ണനെയും ടി വി രാജേഷിനെയും പരിഗണിക്കുന്നു. മലപ്പുറത്ത് യുഡിഎഫിൽ നിന്നും അടർത്തിയെടുക്കുന്ന ഒരാളെയാകും പരിഗണിക്കുന്നതെന്നാണ് വിലയിരുത്തൽ. പാലക്കാട്ട് എം സ്വരാജിന്റെയും പേരും ഉയർന്നിട്ടുണ്ട്.