കൊല്ലം: കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്. ഇടതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്. കൊല്ലത്തെ കുണ്ടറ മുളവന ചന്തയിൽ വച്ചായിരുന്നു സംഭവം. മൂർച്ചയുള്ള വസ്തു കണ്ണിൽ കൊണ്ടതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വലിയ രീതിയിൽ ജനങ്ങൾ തടിച്ചുകൂടി നിൽക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. തിങ്ങിക്കൂടിയ ജനങ്ങളുടെ ഇടയിൽനിന്നു സ്ഥാനാർത്ഥിയെ ലക്ഷ്യമാക്കി എറിഞ്ഞ ഒരു കൂർത്ത വസ്തു കണ്ണിന്റെ കൃഷ്ണമണിയിൽ കൊണ്ടാണ് പരിക്കേറ്റത്. തൃശൂർ പൂരവുമായി ബന്ധപ്പെട്ടു കൃഷ്ണകുമാർ സിപിഎമ്മിനും സർക്കാരിനുമെതിരെ നടത്തിയ രൂക്ഷ വിമർശനത്തിൽ അസഹിഷ്ണുതപൂണ്ടവരാണ് ആക്രമണത്തിന് പിന്നിൽ എന്നും ആരോപണമുണ്ട്.

ഡോക്ടർമാർ കൃഷ്ണകുമാറിന് ഒരാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചുവെങ്കിലും അദ്ദേഹം കുണ്ടറയിൽ പ്രചാരണം തുടരുകയാണ്. പ്രചാരണത്തിന്റെ അവസാന നാളുകളിൽ മാറിനിന്നു കൊണ്ട് പ്രവർത്തകരുടെ മനോവീര്യം കെടുത്താൻ തയ്യാറല്ല എന്ന് കൃഷ്ണകുമാർ പ്രതികരിച്ചു.