ന്യൂഡൽഹി: തുടർച്ചയായി മൂന്ന് തവണ അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അത്രയ്ക്ക് വലയി ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ, പ്രചരണം മുറുകുമ്പോൾ ബിജെപി പലയിടങ്ങളിലും അതിശക്തമായ മത്സരം നേരിടുന്നുണ്ട് എന്ന് വ്യക്തമാണ്. ഇതോടെ ബിജെപിയുടെ 400 സീറ്റെന്ന അവകാശ വാദത്തിനെതിരെ ചോദ്യങ്ങളും ഉയർത്തു തുടങ്ങി.

കോൺഗ്രസ് നേതാവ് ശശി തരൂരും ഇക്കാര്യം ആവർത്തിക്കുന്നു. നാനൂറിലേറെ സീറ്റു നേടുമെന്ന ബിജെപിയുടെ അവകാശവാദം തമാശ മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പറയുന്നു. 300ലേറെ സീറ്റു തന്നെ അസാധ്യമാണ്. ഇക്കുറി ഇരുന്നൂറു സീറ്റു പോലും ബിജെപിയെ സംബന്ധിച്ച് വെല്ലുവിളിയാണെന്ന് വാർത്താ ഏജൻസിയുമായുള്ള അഭിമുഖത്തിൽ തരൂർ പറഞ്ഞു.

കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും ബിജെപിക്ക് ഒരു സീറ്റു പോലും കിട്ടില്ല. തെക്കേ ഇന്ത്യയിൽ കഴിഞ്ഞ തവണത്തേക്കാൾ മോശമായിരിക്കും ബിജെപിയുടെ സ്ഥിതിയെന്ന് തരൂർ അഭിപ്രായപ്പെട്ടു. 190 സീറ്റുകളിലാണ് ഇതുവരെ വോട്ടെടുപ്പു നടന്നത്. തനിക്കു കിട്ടുന്ന വിവരം അനുസരിച്ച് കോൺഗ്രസിനെ സംബന്ധിച്ച് വളരെ അനുകൂല സൂചനകളാണുള്ളതെന്ന് തരൂർ പറഞ്ഞു. പ്രതിപക്ഷത്തിന് അനുകൂലമായ തരംഗം ഉണ്ട് എന്നൊന്നും പറയുന്നില്ല. എന്നാൽ നിശ്ചയമായും കാര്യങ്ങൾ സർക്കാരിന് അനുകൂലമല്ല. ഹിന്ദി ഭാഷാ സംസ്ഥാനങ്ങളിൽപോലും കോൺഗ്രസിന് അനുകൂലമായ സാഹചര്യമുണ്ട്.

കോൺഗ്രസിനും ഇന്ത്യാ സഖ്യത്തിനും എത്ര സീറ്റ് കിട്ടും എന്ന ചോദ്യത്തിന്, സ്‌കോർ അല്ല, വിജയമാണ് പ്രവചിക്കുന്നത് എന്നായിരുന്നു തരൂരിന്റെ മറുപടി. ബിജെപി തോൽക്കും എന്നത് ഉറപ്പായ കാര്യമാണ്. കഴിഞ്ഞ തവണ വൻ നേട്ടമുണ്ടാക്കിയ ഇടങ്ങളിലൊന്നും അത് ആവർത്തിക്കാൻ ബിജെപിക്കാവില്ല. ഹരിയാനയിൽ കഴിഞ്ഞ തവണ കോൺഗ്രസിന് ഒരു സീറ്റും കിട്ടിയില്ല. ഇത്തവണ അഞ്ചു മുതൽ ഏഴു സീറ്റു വരെ കിട്ടുമെന്നാണ് സർവേകളുടെ പ്രവചനം. കർണാടകയിൽ ഒരു സീറ്റാണ് കഴിഞ്ഞ തവണ കിട്ടിയത്. ഇത്തവണ അത് 10 മുതൽ 17 വരെയാവുമെന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ചിലർ 20 വരെ സീറ്റുകൾ പറയുന്നുണ്ട്- തരൂർ ചൂണ്ടിക്കാട്ടി.

നേരത്തെ തരൂരിന്റെ മണ്ഡലമായ തിരുവനന്തപുരത്ത് വോട്ടെടുപ്പു കഴിഞ്ഞിരുന്നു. താൻ ജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നാണ് തരൂർ വോട്ടിന് ശേഷം ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ബിജെപിക്കും എൽഡിഎഫിനും ഇടയിൽ രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരമാണ് നടന്നതെന്നുമാണ് തരൂർ പറയുന്നത്.