ന്യൂഡൽഹി: ഗുജറാത്തിൽ തെരഞ്ഞെടുപ്പു പ്രചരണത്തിന് പോകാത്തതു കൊണ്ട് തന്നെ തോൽവിയുടെ ഭാരം തന്റെ തലയിൽ നിന്നും ഒഴിഞ്ഞു പോയതിന്റെ ആശ്വാസത്തിലാണ് കോൺഗ്രസ് നേതാവ് ശശി തരൂർ. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചെന്ന കാരണത്താൽ തരൂരിനെ നേതൃത്വം ഗുജറാത്തിലെ തെരഞ്ഞെടുപ്പു പ്രചാരകരുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്തായാലും ഉർവ്വശി ശാപം ഉപകാരമായി എന്ന ആശ്വാസത്തിലാണ് തരൂർ ഇപ്പോൾ. കാരണം ഗുജറാത്തിലെ തോൽവിയുടെ ഭാരം അദ്ദേഹത്തിന്റെ തലയിൽ വീണില്ലെന്നത് തന്നെയാണ് കാര്യം.

അതുകൊണ്ട് തന്നെ തന്നെ അകറ്റി നിൽക്കിയവർക്ക് കൂട മറുപടി നൽകി തരൂർ രംഗത്തുവന്നു. ഗുജറാത്തിൽ കോൺഗ്രസിനായി താൻ പ്രചാരണം നടത്തിയിട്ടില്ലെന്ന് ശശി തരൂർ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. അവിടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പാർട്ടി തയാറാക്കിയ പട്ടികയിലും തന്റെ പേരുണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ തരൂർ, അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു തോൽവിയെക്കുറിച്ച് മറുപടി പറയാൻ കഴിയില്ലെന്നും വിശദീകരിച്ചു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി കോൺഗ്രസ് വൻ തോൽവി ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം.

'ഞാൻ കോൺഗ്രസിനായി ഗുജറാത്തിൽ പ്രചാരണ രംഗത്തുണ്ടായിരുന്നില്ല. പ്രചാരണം നടത്താൻ നിയോഗിക്കപ്പെട്ട നേതാക്കളുടെ കൂട്ടത്തിലും എന്റെ പേരുണ്ടായിരുന്നില്ല. അവിടെ പോയി പ്രചാരണം നടത്താനോ അവിടുത്തെ സാഹചര്യം മനസ്സിലാക്കാനോ സാധിക്കാത്തതിനാൽ, തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് മറുപടി നൽകാൻ ബുദ്ധിമുട്ടാണ്' തരൂർ വ്യക്തമാക്കി. 'ഹിമാചൽ പ്രദേശിൽ ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം കോൺഗ്രസിനെ തുണച്ചിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. പക്ഷേ, ഗുജറാത്തിൽ അതുണ്ടായില്ല. ആംആദ്മി പാർട്ടി പിടിച്ച വോട്ടുകളും കോൺഗ്രസിന്റെ വോട്ടു കുറയാൻ ഇടയാക്കിയിട്ടുണ്ട്' തരൂർ ചൂണ്ടിക്കാട്ടി.

നേരത്തെ, മല്ലികാർജുൻ ഖർഗെക്കെതിരെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിനു പിന്നാലെ ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും കോൺഗ്രസ് പ്രചാരകരുടെ പട്ടികയിൽ നിന്ന് തരൂരിനെ ഒഴിവാക്കിയിരുന്നു. ദീർഘ കാലത്തെ ഇടവേളയ്ക്കുശേഷം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് അനിവാര്യമാക്കി മത്സരിച്ച ശശി തരൂർ, പാർട്ടിക്കുള്ളിൽ പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചിരുന്നു. ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ മത്സരിച്ച മല്ലികാർജുൻ ഖർഗെയോടു പരാജയപ്പെട്ടെങ്കിലും, തരൂർ ആയിരത്തിലധികം വോട്ടു പിടിച്ചത് ശ്രദ്ധ നേടി.

അതേസമയം ഗുജറാത്തിൽ രമേശ് ചെന്നിത്തലക്കായിരുന്നു പ്രചരണ ചുമതല. എന്നിട്ടും അമ്പേ പരാജയത്തിലേക്ക് കോൺഗ്രസ് നീങ്ങി. രാഹുൽ ഗാന്ധി അടക്കമുള്ളവർ തെരഞ്ഞെടുപ്പു രംഗത്ത് സജീവമായിരുന്നില്ല. ഒരു തവണ മാത്രമാണ് രാഹുൽ പ്രചരണത്തിനായി എത്തിയത്. 158 സീറ്റുകളിൽ വിജയം ഉറപ്പിച്ച ബിജെപി തുടർഭരണം ഉറപ്പിച്ചു കഴിഞ്ഞു. തുടർച്ചയായി ഏഴാം തവണയാണ് ഗുജറാത്തിൽ ബിജെപി അധികാരത്തിൽ എത്തുന്നത്. ഇതോടെ, തുടർഭരണത്തിന്റെ കാര്യത്തിൽ ബിജെപി പശ്ചിമ ബംഗാളിലെ സിപിഎം റെക്കോർഡിനൊപ്പമെത്തും.