തിരുവനന്തപുരം: തിരുവനന്തപുരത്ത് കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. ത്രികോണ മത്സരം എന്നു പറയുമെങ്കിലും സ്ഥിതി അതല്ല. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലെ സ്ഥിതിയാകും ഇത്തവണയും. എസ്ഡിപിഐ പിന്തുണ ഒരാൾക്ക് വേണ്ടി മാത്രം പ്രഖ്യാപിച്ചതല്ലെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ഇന്ന് കലക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്ടർ പത്രിക സ്വീകരിച്ചു. ഡിസിസി പ്രസിഡന്റ് പാലോട് രവി, മുൻ മന്ത്രി വി എസ് ശിവകുമാർ, മുൻ ഡെപ്യൂട്ടി സ്പീക്കർ ശക്തൻ നാടാർ, എം വിൻസെന്റ് എംഎൽഎ തുടങ്ങിയവർ ശശി തരൂരിനൊപ്പമുണ്ടായിരുന്നു.

പാർലമെന്ററി സംവിധാനത്തിൽ നരേന്ദ്ര മോദിക്ക് ബദൽ എന്നതിന് പ്രസക്തിയില്ലെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു. ഇന്നു രാവിലെ എക്സിൽ ഇട്ട കുറിപ്പിലായിരുന്നു തരൂരിന്റെ പരാമർശം. പ്രസിഡൻഷ്യൽ സമ്പ്രദായത്തിൽ എന്ന പോലെ ഒരു വ്യക്തിയെ അല്ല തെരഞ്ഞെടുക്കുന്നത്. മറിച്ച് ഒരു പാർട്ടിയെയോ ഒരു സഖ്യത്തെയോ ആണ്.

ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയും സംരക്ഷിക്കാൻ വിലമതിക്കാനാകാത്ത ഒരു കൂട്ടം തത്വങ്ങളെയും ബോധ്യങ്ങളെയും പ്രതിനിധീകരിക്കുന്നവരാണ് പാർട്ടികൾ. തരൂർ കുറിച്ചു. മോദിക്ക് ബദൽ പരിചയസമ്പന്നരും കഴിവുള്ളവരും വൈവിധ്യമാർന്നവരുമായ ഒരു കൂട്ടം നേതാക്കളാണ്. അവർ ജനങ്ങളുടെ പ്രശ്നങ്ങളോട് പ്രതികരിക്കുകയും വ്യക്തിഗത അഹംഭാവത്താൻ നയിക്കപ്പെടാതിരിക്കുകയും ചെയ്യുമെന്നും തരൂർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്തു നിന്നും മൂന്നു തവണ ശശി തരൂർ എംപിയായിരുന്നു. നാലാംവട്ടമാണ് ലോക്സഭയിലേക്ക് തരൂർ മത്സരിക്കുന്നത്. സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനാണ് തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ആണ് എൻഡിഎയുടെ സ്ഥാനാർത്ഥി. ഏപ്രിൽ 26 നാണ് വോട്ടെടുപ്പ് നടക്കുന്നത്.