- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധർമ്മരാജ് റസാലത്തിന്റെ ഭാര്യ തിരുവനന്തപുരത്ത് മത്സരിക്കുന്നത് എന്തിന്?
തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ മത്സരചിത്രം കൂടുതൽ കടുപ്പിച്ചു കൊണ്ട് സിഎസ്‌ഐ മുൻ ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ ഭാര്യ ഷെർളി റസാലത്തിന്റെ എൻട്രിയും. ഇന്നലെയാണ് തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കാൻ ഷെർലി നാമനിർദേശ പത്രിക നൽകിയത്. തിരുവനന്തപുരത്ത് നിർണായക വോട്ട് ബാങ്ക് സിഎസ്‌ഐ സഭക്കുണ്ട്. സാധാരണ ഗതിയിൽ ഈ വോട്ടുബാങ്കിൽ നല്ലൊരു ശതമാനവും ലഭിക്കുന്നത് കോൺഗ്രസ് സ്ഥാനാർത്ഥിയായി തരൂരിനാണ്. പാറശ്ശാല, നെയ്യാറ്റിൻകര, കോവളം മണ്ഡലങ്ങളിൽ തരൂർ ലീഡ് നേടുന്നതിൽ സിഎസ്‌ഐ വോട്ടുകൾക്ക് നിർണായക റോൾ ഉണ്ടായിരുന്നു താനും. ഈ സാഹചര്യത്തിൽ ഷെർലി മത്സരിക്കുന്നത് തരൂരിനെ ബാധിക്കുമെന്ന നിരീക്ഷണങ്ങളുണ്ട്.
മൂന്നുമാസങ്ങൾക്ക് മുൻപാണ് ധർമ്മരാജ റസാലം ബിഷപ്പ് പദവി ഒഴിഞ്ഞത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ റസാലത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തത് സഭക്കുള്ളിലും വലിയ വിവാദമായിരുന്നു. രക്ഷപെടാൻ ശ്രമിക്കുന്നുവെന്ന സംശയത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് അടക്കം നാടകീയ സംഭവങ്ങൾ പലതും സഭയെ ചുറ്റിപ്പറ്റി ഉണ്ടായി. ഈ കേസിൽ ഇഡിയും ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ഇഡിയുടെ അന്വേഷണ നടപടികൾ തുടരുകയുമാണ്. കേന്ദ്ര ഇടപെടലുകളുടെ കുരുക്ക് ഇങ്ങനെ മുറുകുമ്പോഴാണ് റസാലത്തിന്റെ ഭാര്യ ഷെർലി റസാലം മത്സരരംഗത്തിറങ്ങുന്നത്. ഇതോടെ ബിജെപിയുടെ തന്ത്രമാണ് ഷെർലി മത്സരിക്കുന്നതിന് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്. കോൺഗ്രസാണ് ഈ ആരോപണം ഉയർത്തുന്നത്.
ഇപ്പോഴത്തെ നിലയിൽ ഷെർലി പത്രിക പിൻവലിക്കുമോ എന്ന കാര്യത്തിൽ അടക്കം വ്യക്തത വന്നിട്ടില്ല. റസാലവുമായി ബന്ധപ്പെട്ട് നോമിനേഷൻ പിൻവലിക്കണമെന്ന അഭ്യർത്ഥനുമായി അണിറയിൽ നേതാക്കൾ കരുനീക്കുന്നുണ്ട. ഇത് വിജയിക്കുമോ എന്ന് കണ്ടറിയണം. അതിശക്തമായ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. കോൺഗ്രസിനായി ശശി തരൂരും ഇടതു സ്ഥാനാർത്ഥിയായി പന്ന്യൻ രവീന്ദ്രനും മത്സരിക്കുമ്പോൾ, ബിജെപിക്കായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് രംഗത്തുള്ളത്.
നഗര മണ്ഡലങ്ങളിലാണ് ബിജെപി രാജീവ് ചന്ദ്രശേഖർ പ്രതീക്ഷ വെക്കുന്നത്. ബിജെപി സ്ഥാനാർത്ഥികൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുകൾ നേടിയിട്ടുള്ളത് തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ്. രാജീവും ഈ നിയമസഭാ മണ്ഡലങ്ങളിൽ വോട്ടു കൂടുതൽ പിടിക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാൽ, തീരമേഖലയിലെ മറ്റ് മണ്ഡലങ്ങളാണ് ബിജെപിക്ക് വെല്ലുവിളിയാകാറ്. അവിടയാണ് തരൂർ വിജയിച്ചു കയറുന്നതും. ഇവിടേക്ക് സിഎസ്‌ഐ വിഭാഗക്കാരുടെ വോട്ടുപിടിക്കാൻ കെൽപ്പുള്ള സ്വതന്ത്ര സ്ഥാനാർത്ഥി എത്തുമ്പോൾ അത് തരൂരിനാകും വെല്ലുവിളി ഉയർത്തുക എന്നത് ഉറപ്പാണ്. ഇതോടെയാണ് ഇഡി നടപടിയും കൂട്ടി വായിക്കുന്നത്.
ഷെർലി റസാലം പിടിക്കുന്ന ഓരോ വോട്ടും അതുകൊണ്ട് തന്നെ നിർണ്ണായകമാണ്. നെയ്യാറ്റിൻകര, പാറശ്ശാല, കോവളം മേഖലകളിൽ സിഎസ്‌ഐക്ക് നിർണായക സ്വാധീനമുണ്ട്. ബിഷപ്പ് പദവി ഒഴിഞ്ഞെങ്കിലും ധർമ്മരാജ് റസാലത്തിന് സഭയ്ക്കുള്ളിൽ നല്ല സ്വാധീനമുണ്ട്. ഇതെല്ലാം പരിണിച്ചാൽ ഭാര്യയുടെ സ്ഥാനാർത്ഥിത്വം റസാലത്തിനും നിർണായകമാണ്. റസാലത്തിനെതിരെ സഭയ്ക്കുള്ളിലും പല വിധത്തിലുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. അതുകൂടി തടയിടാനുള്ള ശ്രമമാണ് സ്ഥാനാർത്ഥിത്വമെന്നും വിലയിരുത്തലുണ്ട്.
സ്ഥാനാർത്ഥിത്വം സിഎസ്‌ഐ സഭക്കുള്ളിൽ ചർച്ചയാകും. നിലവിലെ സഭാ അഡ്‌മിനിസ്ട്രേറ്റീവ് സെക്രട്ടറി ഡോ.ടി.ടി.പ്രവീൺ റസാലത്തിന്റെ ഭാര്യയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ നൽകിയിട്ടില്ലെന്നാണ് സൂചന. സഭിൽ ഭിന്നിച്ചു നിൽക്കുന്ന പലവിഭാഗങ്ങലും ഉണ്ട് താനും. ഇന്ന് മുതൽ തെരഞ്ഞെടുപ്പു പ്രചരണ പ്രവർത്തനങ്ങൾ കൂടുതൽ നടത്താനാണ് ഷെർലി ഒരുങ്ങുന്നത്. ഇഡി പേടിയിലാണ് മത്സരിക്കുന്നത് എന്ന ആരോപണങ്ങളെല്ലാം തള്ളിയാണ് അവർ മത്സരത്തിന് ഇറങ്ങുന്നത്.
നേരത്തെ ധർമ്മരാജ റസാലത്തിന്റെ വിരമിക്കലിനെ ചൊല്ലി സഭക്കുള്ളിൽ തർക്കം നിലനിന്നിരുന്നു. വ്യജരേഖകളുണ്ടാക്കി തുടരുന്ന ബിഷപ്പിനെ പുറത്താക്കമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധിച്ചിരുന്നു. എന്നാൽ, ദക്ഷിണമേഖല സിഎസ്‌ഐ സഭയുടെ ബിഷപ്പിന്റെയും വൈദികരുടെയും വിരമിക്കൽ പ്രായം 67ൽ നിന്നും 70 ആക്കാൻ സിനഡ് തീരുമാനിച്ചുവെന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണങ്ങൾ.
2023 സെപ്റ്റംബറിൽ കോടതിവിധിയെത്തുടർന്ന് ബിഷപ്പ് ധർമ്മരാജ് റസാലം ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞിരുന്നു. എന്നിരുന്നാലും സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് മാനേജറെന്ന നിലയിൽ ധർമ്മരാജ് റസാലം സഭാ ആസ്ഥാനത്തുതന്നെയാണ് തുടരുന്നത്. സി.എസ്‌ഐ. സഭയുടെ മെഡിക്കൽ ബോർഡ് ഡയറക്ടറായിരുന്ന ഡോ. ബെന്നറ്റ് എബ്രഹാം 2014-ൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.