- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി മത്സരിച്ചേക്കും
തൃശ്ശൂർ: മണിചിത്രത്താഴിലെ 'നകുലനെ' തൃശൂരും 'നാഗവല്ലിയെ' തിരുവനന്തപുരത്തും മത്സരിപ്പിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞുവെന്ന് സ്ഥിരീകരിച്ച് ശശി തരൂരും. തിരുവനന്തപുരത്ത് 'നാഗവല്ലിയിലൂടെ' ദേശീയ അവാർഡ് നേടിയ നടി ശോഭന മത്സരിക്കില്ല. ഇക്കാര്യം കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പുള്ള ശശി തരൂർ തന്നെ ഉറപ്പിക്കുകയാണ്. തിരുവനന്തപുരത്ത് ബിജെപി.ക്ക് ഒട്ടേറെ പേരുകൾ ഉയരുന്നത് നിരാശയിൽനിന്നാണെന്നു വ്യക്തമെന്ന് ശശി തരൂർ എംപി പറയുന്നു.
നടി ശോഭന നല്ലസുഹൃത്താണ്. മത്സരിക്കില്ലെന്ന് അവർ ഫോണിൽ അറിയിച്ചെന്നും തരൂർ പറഞ്ഞു. എന്നാൽ, തിരുവനന്തപുരത്തെ എതിരാളികളെ വിലകുറച്ച് കാണുന്നില്ല. ബിജെപി.യുടെ വിദ്വേഷരാഷ്ട്രീയം കേരളത്തിൽ വിലപ്പോവില്ലെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് ശോഭനയെ മത്സരിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന് നടൻ സുരേഷ് ഗോപി അറിയിച്ചിരുന്നു. ഭാവിയിലെ രാഷ്ട്രീയക്കാരിയാണ് ശോഭന. അതുകൊണ്ട് തന്നെ മത്സരിക്കണമെന്നാണ് തന്റെ നിലപാടെന്നും മണിചിത്രത്താഴിൽ നകുലനായി കസറിയ സുരേഷ് ഗോപി പറഞ്ഞു. ശശി തരൂരുമായുള്ള വ്യക്തിപരമായ അടുപ്പം കാരണമാണ് മത്സരിക്കണമെന്ന ആവശ്യം ശോഭന നിരസിച്ചതെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരത്ത് സിനിമാതാരം ശോഭനയെ മൽസരിപ്പിക്കാൻ ബിജെപി നീക്കമെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. താരവുമായി ബിജെപി കേന്ദ്ര നേതാക്കൾ ഇക്കാര്യം സംസാരിച്ചുവെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. തൃശൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വനിതാ മഹാ സമ്മേളനത്തിൽ ശോഭനയും പങ്കെടുത്തിരുന്നു. ധനമന്ത്രി നിർമല സീതാരാമൻ , വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഇങ്ങനെ നീളുന്നു തിരുവനന്തപുരത്തെ സ്ഥാനാർത്ഥി നിര. ഇതിൽ രാജീവ് ചന്ദ്രശേഖരിനാണ് കൂടുതൽ. ശോഭന മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഇത്.
ശോഭനയുടെ ബന്ധുക്കളും മണ്ഡലത്തിൽ ഇപ്പോഴുമുണ്ട്. ട്രാവൻകൂർ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന പത്മിനി ,രാഗിണി, ലളിത എന്നിവർ ശോഭനയുടെ പിതൃ സഹോദരങ്ങളാണ്. ചെന്നെയിൽ താമസിക്കുന്ന ശോഭന വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ സുരേഷ് ഗോപിക്കൊപ്പം നായികാ റോളിലേക്കും മടങ്ങിയെത്തിയിരുന്നു. ഈ സൗഹൃദം വച്ചാണ് ശോഭനയെ എത്തിക്കാൻ ബിജെപി ശ്രമിച്ചത്. കേരള സർക്കാരിന് കീഴിലെ കേരളീയം പരിപാടിയുടെ അംബാസിഡറാണ് ശോഭന. അതിന് ശേഷമാണ് ബിജെപിയുടെ വേദിയിൽ എത്തിയത്. മോദിയുടെ സ്ത്രീ ശാക്തീകരണ പദ്ധതികളെ പുകഴത്തുകയും ചെയ്തു. അതുകൊണ്ട് കൂടിയാണ് ബിജെപി സ്ഥാനാർത്ഥിയായി ശോഭന മത്സരിക്കുമെന്ന വാർത്ത വ്യാപക ചർച്ചയായത്.
തിരുവനന്തപുരം സ്വദേശിയായ ചന്ദ്രകുമാറിന്റേയും മലേഷ്യയിൽ വേരുകളുള്ള ഡോ. ആനന്ദത്തിന്റേയും മകളാണ് ശോഭന. പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരനാണ് ശോഭനയുടെ അച്ഛൻ ചന്ദ്രകുമാർ. നടി സുകുമാരി ശോഭനയുടെ ബന്ധുവാണ്. നടൻ കൃഷ്ണ, ശോഭനയുടെ അമ്മായി ലളിതയുടെ കൊച്ചുമകനാണ്. നടനും നർത്തകനുമായ വിനീതും ശോഭനയുടെ ബന്ധുവാണ്. ശോഭനയുടെ അമ്മായി പത്മിനിയുടെ ഭർത്താവിന്റെ സഹോദരപുത്രനാണ് വിനീത്. തിരുവിതാംകൂർ സഹോദരിമാർ എന്നാണ് ലളിത-പത്മിനി-രാഗിണിമാർ അറിയപ്പെട്ടത്.
അഭിനയത്തിലും നൃത്തത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ശോഭന 1984 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഏപ്രിൽ 18' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ മമ്മൂട്ടി നായകനായ 'കാണാമറയത്ത്' എന്ന ചിത്രത്തിലും അഭിനയിച്ച ശോഭന, തമിഴിൽ 'എനക്കുൾ ഒരുവൻ' എന്ന ചിത്രത്തിൽ കമൽഹാസനോടൊപ്പം അഭിനയിച്ചു. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ നായികയായി വേഷമിട്ടു.
ചിത്രാ വിശ്വേശ്വരന്റെ കീഴിൽ നൃത്തം അഭ്യസിച്ച ശോഭന ഭരതനാട്യത്തെ രാജ്യാന്തരവേദികളിൽ എത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. കേരള , തമിഴ്നാട് സർക്കാരുകളുടെ അവാർഡുകൾ, ഫിലിം ഫെയർ അവാർഡുകൾ തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ ശോഭന നേടിയിട്ടുണ്ട്. 'മണിച്ചിത്രത്താഴ്,' 'മിത്ര് മൈ ഫ്രണ്ട്' എന്നീ ചിത്രങ്ങളിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം രണ്ടു തവണ കരസ്ഥമാക്കി. കലാരംഗത്തുള്ള സംഭാവനകൾ പരിഗണിച്ച് 2006 ൽ രാജ്യം ശോഭനയെ പത്മശ്രീ നൽകി ആദരിച്ചു. ദൂരദർശൻ ഗ്രേഡ് എ ടോപ് ആർട്ടിസ്റ്റ് ആയ ശോഭന, കലാർപ്പണ എന്ന പേരിൽ ചെന്നൈയിൽ സ്വന്തമായി ഒരു ഡാൻസ് സ്കൂളും നടത്തുന്നുണ്ട്.