കണ്ണൂർ: മട്ടന്നൂർ നഗരസഭയിൽ കെകെ ശൈലജ ടീച്ചറിന്റെ വാർഡിൽ ഇടതു പക്ഷം തന്നെ ഹൃദയപക്ഷം. ഇതിന് ചുറ്റമുള്ള വാർഡുകളിലും സിപിഎം വമ്പൻ വിജയം നേടി. അതുകൊണ്ടാണ് സിപിഎമ്മിന് മട്ടന്നൂരിൽ ഭരണം നിലനിർത്താനായത്. ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർത്ഥി ജയിച്ചതും ശൈലജ ടീച്ചറിന്റെ വാർഡിലാണ്. ഇവിടെ സിപിഎം തോറ്റതായി വ്യാജ പ്രചരണമുണ്ടായിരുന്നു. ഇതിനിടെയാണ് പോസ്റ്റിലൂടെ ശൈലജ ടീച്ചർ തന്നെ കാര്യങ്ങൾ വിശദീകരിച്ചത്. ശൈലജ ടീച്ചറിന്റെ മേഖലയിൽ മാത്രമാണ് സിപിഎം വൻ വിജയം നേടിയത്. ഇവിടെയുള്ള പത്ത് സീറ്റിലും ഇടതുപക്ഷം വിജയിച്ചു. മറ്റ് മേഖലകളിലെ ട്രെന്റ് ഈ ഭാഗത്തും ഉണ്ടായിരുന്നുവെങ്കിൽ സിപിഎമ്മിന് ഭരണ നഷ്ടം ഉണ്ടാകുമായിരുന്നു.

കായല്ലൂരും കോളാരിയും പരിയാരവും അയില്ലൂരും ഇടവേലിക്കലും പഴശിയും ഉറുവച്ചാലും കാരേറ്റയും കുഴിക്കലും കയാനിയും സിപിഎം നേടിയതാണ് ഭരണ നേട്ടത്തിൽ നിർണ്ണായകമായത്. ഇതിൽ മൂന്നിടത്ത് ബിജെപിക്കാണ് രണ്ടാം സ്ഥാനം. കയ്യല്ലൂരും കോളാരിയിലും കാരേറ്റയിലുമാണ് ബിജെപി രണ്ടാമത് എത്തിയത്. ശൈലജ ടീച്ചറുടെ സ്വന്തം വാർഡിൽ ബിജെപിക്ക് വെറും 38 വോട്ട് മാത്രമേ കിട്ടിയൂള്ളു. അതും എടുത്തു പറയേണ്ടതാണ്. ഇതാണ് വസ്തുതയെന്നിരിക്കെയാണ് ശൈലജ ടീച്ചറിന്റെ വാർഡിൽ സിപിഎം തോറ്റുവെന്ന വ്യാജ പ്രചരണം ശക്തമായത്. ഇത് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ശൈലജ ടീച്ചർ നിഷേധിക്കുകയും ചെയ്തു.

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ആറാം തവണയും തുടർച്ചയായി എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വീണ്ടും വ്യാജ പ്രചാരണങ്ങൾ തുടങ്ങി. ഞാൻ വോട്ട് ചെയ്ത എന്റെ വാർഡിൽ എൽഡിഎഫ് തോറ്റെന്നാണ് പ്രചാരണം. എന്റെ വാർഡ് ഇടവേലിക്കൽ ആണ്. എൽഡിഎഫ് സ്ഥാനാർത്ഥി കെ രജത 661 വോട്ടാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയത്. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാർത്ഥിക്ക് മൂന്നക്കം തികയ്ക്കാൻ പോലും കഴിഞ്ഞില്ല കേവലം 81 വോട്ടാണ് യുഡിഎഫിനായി പോൾ ചെയ്തത് എൽഡിഎഫിന്റെ ഭൂരിപക്ഷം 580. എന്നിട്ടും യുഡിഎഫ് വിജയിച്ചുവെന്നൊക്കെയുള്ള പ്രചാരണം തോൽവിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ്.-ഇതാണ് ശൈലജ ടീച്ചറുടെ പോസ്റ്റ്. ശൈലജ ടീച്ചറുടെ മേഖലയിൽ സിപിഎമ്മിന് വോട്ടു കുറയുന്നില്ലെന്നതാണ് വസ്തുത. ആ നേതൃമികവാണ് മട്ടന്നൂരിലും ഭരണ തുടർച്ച ഉറപ്പാക്കുന്നത്. പിണറായിയുടെ തുടർഭരണം കിട്ടിയത്തിന് പിന്നിലും ശൈലജാ ഫാക്ടറുണ്ടായിരുന്നു. എന്നാൽ ജയിച്ച ടീച്ചറെ മന്ത്രിയാക്കിയില്ല.

ഇതിന്റെ നിരാശയും മട്ടന്നൂരിലെ ചില മേഖലകളിൽ യുഡിഎഫ് മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. സീറ്റ് കുറഞ്ഞത് പരിശോധിക്കുമെന്ന് സിപിഎമ്മും വിശദീകരിച്ചു കഴിഞ്ഞു. മട്ടന്നൂർ നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായത് 165 വോട്ടുകൾക്ക് ആണെന്ന പ്രചരണവും ശക്തമാണ്. നഗരസഭയിൽ വൻ തിരിച്ചടിയാണ് ഇടതുമുന്നണിക്ക് ഉണ്ടായിരിക്കുന്നത്. ഇത് ഇടത് കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. 14 സീറ്റ് നേടിയ യുഡിഎഫിന് നാല് സീറ്റ് നഷ്ടമായത് നേരിയ വോട്ടുകൾക്കാണ്. എല്ലാം കൂടി 165 വോട്ടുകൾ. ഇതുംകൂടി ലഭിച്ചിരുന്നെങ്കിൽ 18 സീറ്റുകൾ നേടുമായിരുന്നു. കൂടെ ഭരണവുമെന്നാണ് യുഡിഎഫ് പ്രചരണം.

മുണ്ടയോട് വാർഡ് നാല് വോട്ടിനാണ് യുഡിഎഫിന് നഷ്ടമായത്. നാലങ്കേരിയിൽ 45 വോട്ടും കയനിയിൽ 53 വോട്ടും കോളാരിയിൽ 63 വോട്ടും മാത്രമാണ് ഇടതുമുന്നണിയുടെ ഭൂരിപക്ഷം. ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂരിനായിരുന്നു യുഡിഎഫിന്റെ ചുമതല. ഇടതുകോട്ടകളാണ് തകർന്നത്. മുൻ മന്ത്രി കെ.കെ. ശൈലജയുടെ ഭർത്താവിന്റെ വാർഡുകളുൾപ്പെടെ കടപുഴകിയെന്നും കോൺഗ്രസ് അവകാശപ്പെടുന്നു. ഏഴ് സീറ്റ് മാത്രമാണ് യുഡിഎഫിന് നിലവിലുണ്ടായിരുന്നത്. ശൈലജയുടെ ഭർത്താവ് നഗരസഭ ചെയർമാനായ വാർഡാണ് ഇത്തവണ യുഡിഎഫ് പക്ഷത്തേക്ക് ചാഞ്ഞത്.

രണ്ടര പതിറ്റാണ്ടായി ഇടതുമുന്നണി ഭരിക്കുന്ന നഗരസഭയാണ് മട്ടന്നൂർ. അതായത് 1997 മുതൽ മട്ടന്നൂർ നിയമസഭ മണ്ഡലത്തിൽ 61,000 വോട്ടിന്റെ ഭൂരിപക്ഷം ഇടതുമുന്നണിക്കുണ്ടായിരുന്നു. 500 കോടി രൂപയിടെ വികസനമുണ്ടാക്കിയ ഇടതുമുന്നണിയ ജനം കൈവിടില്ലെന്ന് കെ.കെ. ശൈലജ വോട്ടെടുപ്പ് ദിവസം അവകാശപ്പെട്ടിരുന്നു.യുഡിഎഫ് നേതാക്കളായ ആഡ്വ. മാർട്ടിൻ ജോർജ്ജും അഡ്വ. അബ്ദുൾ കരീം ചേലേരിയും വോട്ടർമാരോട് നന്ദി അറിയിച്ചിട്ടുണ്ട്. തൃക്കാക്കരയിൽ നിന്ന് മട്ടന്നൂരിലേക്ക് എന്നാണവർ മുന്നേറ്റത്തെ വിശേഷിപ്പിക്കുന്നത്.

2012ൽ കെ.ഭാസ്‌കരൻ ജയിച്ച് ചെയർമാനായത് പെരിഞ്ചേരി വാർഡിൽ നിന്നാണ്. പെരിഞ്ചേരി വാർഡിൽ ഇക്കുറി യുഡിഎഫ് ആണ് ജയിച്ചത്. 42 വോട്ടിനാണ് യുഡിഎഫിലെ മിനി രാമകൃഷ്ണൻ ഇത്തവണ പെരിഞ്ചേരിയിൽ വിജയിച്ചത്. എന്നാൽ ശൈലജ ടീച്ചറിനെ പോലെ ഇടവേലിക്കലുകാരനാണ് ഭാസ്‌കരനും. പാർട്ടി നിർദ്ദേശ പ്രകാരമാണ് 2012ൽ പെരിഞ്ചേരിയിൽ ഭാസ്‌കരൻ മത്സരിച്ചത്.