കൽപ്പറ്റ: മുസ്ലിംലീഗ് പതാകകൾ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ ഉപേക്ഷിച്ചെന്ന വിമർശനം മുഖ്യന്ത്രി പിണറായി വിജയൻ ഉന്നയിച്ചതിന് പിന്നാലെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയും സമാന വിമർശനവുമായി രംഗത്തു വന്നിരിക്കുന്നു. മുസ്ലിം ലീഗിന്റെ പിന്തുണയിൽ രാഹുൽ ഗാന്ധി ലജ്ജിക്കുന്നുവെന്നും അതിനാലാണ് റോഡ് ഷോയിൽ ലീഗ് പതാകകൾ കാണാതിരുന്നതെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി.

ലീഗ് പിന്തുണയിൽ ലജ്ജ തോന്നുകയാണെങ്കിൽ, രാഹുൽ ഗാന്ധി അത് നിരസിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയുടെ പിന്തുണ രാഹുൽ ഗാന്ധി സ്വീകരിച്ചത് അറിഞ്ഞ് താൻ ഞെട്ടിപ്പോയി എന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.

അവരുടെ പിന്തുണ സ്വീകരിച്ചതിലൂടെ രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പണ വേളയിൽ എടുത്ത ഭരണഘടനയോടുള്ള സത്യപ്രതിജ്ഞയും ലംഘിച്ചുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

ഇന്ത്യ മുന്നണിക്ക് ഒരു നേതാവ് ഇല്ല. അത് ചിതറിയ കൂട്ടം മാത്രമാണ്. മുന്നണിയിലെ കോൺഗ്രസും ഇടതുപക്ഷവും കേരളത്തിൽ പരസ്പരം ഏറ്റുമുട്ടുന്നു. ഇന്ത്യ മുന്നണി നീതി ഇല്ലാത്ത സഖ്യമാണെന്നും കൊള്ളയടിക്കുക എന്ന ഉദ്ദേശം മാത്രമാണ് ഉള്ളതെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

അതേസയം നേരത്തെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നയിച്ചത്. നല്ല ആശയവ്യക്തതയും നിലപാടിൽ ദൃഢതയുമാണ് ലോക്‌സഭയിലേക്ക് പോകുന്നവർക്ക് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാറിന് മുമ്പിൽ സ്വയം മറന്ന് നിൽക്കുന്ന കോൺഗ്രസിനേയും സ്വന്തം പതാക ഒളിപ്പിച്ചുവെക്കുന്ന ഭീരുത്വവും അല്ല നാടിന്റെ പ്രതിനിധിയായി ലോക്‌സഭയിലേക്ക് പോകുന്നവർക്ക് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ വെച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എൽ.ഡി.എഫിന് അനുകൂല സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർണായക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയെ ഭയക്കുന്നു. സ്വന്തം പതാക ഉയർത്താതെ വർഗീയ വാദികളെ ഭയന്ന് പിന്മാറും വിധം കോൺഗ്രസ് അധ:പതിച്ചിരിക്കുന്നു. ത്രിവർണപതാക കോൺഗ്രസ് ഉപേക്ഷിക്കണം എന്ന് സംഘപരിവാർ ഉയർത്തിയ ആവശ്യമാണ്. അതിന് വഴങ്ങുകയാണോ പുതിയ കോൺഗ്രസ് എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പതാക ഇന്ത്യയിലെ ജനങ്ങൾ അണിനിരക്കുന്ന പാർട്ടിയുടെ കൊടിയാണ് എന്ന് കോൺഗ്രസ് പറയാൻ തയ്യാറാകും എന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. ഇപ്പോൾ സ്വന്തം പതാകയും കോൺഗ്രസ് ഉപേക്ഷിച്ചിരിക്കുന്നു. ഇവരാണോ സംഘപരിവാറിനെതിരായി സമരം നയിക്കുക?.

കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് ഇത്തവണ ലീഗിന്റെ പതാകയും കോൺഗ്രസിന്റെ പതാകയും ഒഴിവാക്കി പ്രവർത്തകർ രാഹുൽഗാന്ധിയുടെ റോഡ് ഷോയിൽ പങ്കെടുത്തതെന്നാണ് വാർത്ത. ഇത് ഒരു തരം ഭീരുത്വമല്ലേ? മുസ്ലിം ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല എന്ന നിലപാട് എന്തുകൊണ്ടാണ് എടുക്കുന്നത്. ലീഗ് പതാക ലോകത്തെ കാണിക്കുന്നതിൽ നിന്ന് ഒളിച്ചോടാൻ സ്വന്തം കൊടിക്ക് പോലും അയിത്തം കൽപ്പിക്കുന്ന ദുരവസ്ഥയിലേക്ക് കോൺഗ്രസ് എന്തുകൊണ്ടാണ് താണുപോയതെന്നും അദ്ദേഹം ചോദിച്ചു.