ആലപ്പുഴ: എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ കൈവശമുള്ളത് പതിനായിരം രൂപ. നാമനിർദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭർത്താവിന്റെ കൈവശം 15,000 രൂപയാണുള്ളത്. വിവിധ ബാങ്കുകളിലായി 43,300 രൂപയുടെ നിക്ഷേപമുണ്ട്. ശോഭയ്ക്ക് 20 ലക്ഷം രൂപ മതിക്കുന്ന ഇന്നോവ ക്രിസ്റ്റയും ഭർത്താവിന് മാരുതി സ്വിഫ്റ്റ് കാറുമുണ്ട്.

ശോഭയ്ക്ക് 64 ഗ്രാം സ്വർണാഭരണമുള്ളപ്പോൾ ഭർത്താവിന് 20 ഗ്രാം സ്വർണമുണ്ട്. ശോഭയ്ക്ക് ഇപ്പോൾ ഒന്നരലക്ഷവും ഭർത്താവിന് 2.30 ലക്ഷവും വിപണിവിലയുള്ള കൃഷിഭൂമിയുണ്ട്. കൃഷിഭൂമിയല്ലാത്ത 39 സെന്റ് സ്ഥലം ശോഭയ്ക്കുണ്ട്. ഭർത്താവിന് 18 സെന്റ് കൃഷിയിതര ഭൂമിയുണ്ട്. ശോഭാ സുരേന്ദ്രന് 26.33 ലക്ഷത്തിന്റെ ബാധ്യതകൾ ബാങ്കുകളിലുണ്ട്.

ഭർത്താവിന് ബാങ്ക് വായ്പകളില്ല. ബുധനാഴ്ചയാണ് ശോഭാ സുരേന്ദ്രൻ നാമനിർദേശപത്രിക സമർപ്പിച്ചത്. നേതാക്കളായ പന്തളം പ്രതാപൻ, എംവി ഗോപകുമാർ, വെള്ളിയാകുളം പരമേശ്വരൻ, പിഎസ് ജ്യോതിസ്, വിമൽ രവീന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.