തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു. പ്രചരണം കൊഴുപ്പിക്കാൻ പല വഴികളാണ് ഇരു രാഷ്ട്രീയ പാർട്ടികളും തേടുന്നത്. ഇപ്പോഴിതാ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നടി ശോഭനയെയാണ് തന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി കളത്തിലിറക്കിയത്. കേന്ദ്രമന്ത്രിയും എൻ.ഡി.എയുടെ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിന് വോട്ട് തേടി നടി നെയ്യാറ്റിൻകരയിലാണ് ശോഭവ എത്തിയത്.

അതിനിടെ, രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രതികരിക്കാനില്ലെന്നും ശോഭന മാധ്യമങ്ങളോട് പറഞ്ഞു. മലയാളം പഠിക്കാനും പ്രസംഗിക്കാനും പഠിക്കട്ടെയെന്ന് അവർ പ്രതികരിച്ചു. ഇപ്പോൾ താൻ നടിയാണെന്നും ബാക്കിയുള്ള കാര്യങ്ങൾ പിന്നീടാണെന്നും ശോഭന കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് ശോഭന തിരുവനന്തപുരത്തെത്തിയത്.

ശോഭന എല്ലാവർക്കും പ്രചോദനം നൽകുന്ന താരം. രാജ്യത്ത് പുരോഗതി വേണം, മാറ്റം വേണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നടി ശോഭനയ്ക്ക് രാജീവ് ചന്ദ്രശേഖർ വിഷു കൈനീട്ടം നൽകി. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കവെ സിനിമ താരങ്ങളടക്കമുള്ള പ്രമുഖരെ അണിനിരത്തി പ്രചാരണം കൊഴുപ്പിക്കാനാണ് ബിജെപിയുടെ നീക്കം. പ്രചാരണത്തിനായി ഇറക്കുന്നവരുടെ പട്ടികയിൽ മോഹൻലാൽ, ശോഭന, ബോളിവുഡ് താരങ്ങൾ, വിവിധ ഭാഷകളിലെ സംവിധായകർ എന്നിവർ ഉൾപ്പെട്ടിരുന്നു.

തിരുവനന്തപുരത്ത് ശോഭന സ്ഥാനാർത്ഥിയാകുമെന്നായിരുന്നു നേരത്തേ പറഞ്ഞുകേട്ടിരുന്നത്. നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിൽ ശോഭന സംബന്ധിച്ചത് ഈ വാർത്തകൾക്ക് ബലമേകി. എന്നാൽ ശോഭനക്ക് പകരം രാജീവ് ചന്ദ്രശേഖറാണ് സ്ഥാനാർത്ഥിയായത്. അതേസമയം രാജീവ് മണ്ഡലത്തിൽ എത്തിയ ശേഷം വലിയ പ്രചരണ തന്ത്രമാണ് ഒരുക്കിയത്. പ്രചരണ രംഗത്ത് തരൂരിനെയും കടത്തിവെട്ടി മുന്നേറുകയാണ് എൻഡിഎ സ്ഥാനാർത്ഥി.

ഇടയ്‌ക്കൊന്ന് പ്രചരണം മുറുകുകയും ചെയ്തിരുന്നു. പ്രസ്താവനകളുടെ പേരിൽ നിയമയുദ്ധവും ഉണ്ടായി. തനിക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന് കാണിച്ച രാജീവ് തരൂരിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. തരൂർ ടിവി ചാനലിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു രാജീവ് ചന്ദ്രശേഖർ വക്കീൽ നോട്ടീസ് അയച്ചത്.

തരൂരിന്റെ പ്രസ്താവന രാജീവ് ചന്ദ്രശേഖറിന്റെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും തിരുവനന്തപുരത്തെ മുഴുവൻ ക്രിസ്ത്യൻ സമൂഹത്തെയും നേതാക്കളെയും അവഹേളിക്കാനാണെന്നും നോട്ടീസിൽ ആരോപിച്ചിരുന്നു. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും നോട്ടീസിലുണ്ട്. ഇടവക വൈദികർ ഉൾപ്പെടെയുള്ള, മണ്ഡലത്തിലെ സ്വാധീനമുള്ള വ്യക്തികൾക്ക് പണം നൽകി വോട്ട് നേടാൻ രാജീവ് ചന്ദ്രശേഖർ ശ്രമിച്ചുവെന്ന് തരൂർ പ്രചരിപ്പിച്ചെന്നും നോട്ടീസിലുണ്ടായിരുന്നു.

ഒരു മതവിഭാഗത്തെ പ്രതികൂട്ടിൽ നിർത്തി സമൂഹത്തിൽ ഭിന്നതയുണ്ടാക്കി തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണ് തരൂരിന്റെ ശ്രമമെന്നാണ് ബിജെപി സ്ഥാനാർത്ഥി ആരോപിച്ചത്. പരാമർശത്തിനെതിരെ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.