- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് സ്റ്റേഷൻ വികസനത്തിന് രാഷ്ട്രീയവ്യത്യാസം മറന്ന് റെയിൽവേ മന്ത്രിയെ കാണാൻ തന്നോടൊപ്പം പോന്നത് ശ്രീധരൻ പിള്ളയുടെ മനസ്സിന്റെ വലുപ്പം! ജിഫ്രി തങ്ങളുടേത് വിദ്വേഷത്തിന്റെ വെളിവെടുപ്പോ? കേരളത്തിൽ നിറഞ്ഞ് ഗോവാ ഗവർണർ; പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി ഗവർണർ എത്തുമോ?
കോഴിക്കോട്: ഇന്ത്യ-മുസരിസ് ഹെറിറ്റേജ് സെന്റർ സിൽവർ ജൂബിലി ആഘോഷച്ചടങ്ങിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ എത്താതിരുന്നതിൽ ഉദ്ഘാടകനായ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള നീരസം പരസ്യമായി പ്രകടിപ്പിക്കുമ്പോൾ ചർച്ചകളിൽ എത്തുന്നതും ലോക്‌സബാ തിരഞ്ഞെടുപ്പ് രാഷ്ട്രീയം. കേരളത്തിൽ നടക്കുന്നത് വിദ്വേഷത്തിന്റെ വിളവെടുപ്പാണെന്നും വിവാദമാവുമെന്ന് ഭയന്നാവും പുരസ്‌കാരസമർപ്പണം നിർവഹിക്കേണ്ട തങ്ങൾ എത്താതിരുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഗവർണർ ആയ ശേഷം കരുതലോടെ പ്രസംഗങ്ങൾ നടത്തിയ വ്യക്തിയാണ് ശ്രീധരൻ പിള്ള. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ശ്രീധരൻ പിള്ള മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിനിടെയാണ് ഗവർണറുടെ ഈ പ്രസംഗം.
ഇതിനൊപ്പം കോഴിക്കോട്ടെ ചടങ്ങിൽ ശ്രീധരൻ പിള്ളയെ കുറിച്ച് അവിടുത്തെ എംപിയായിരുന്ന എംകെ രാഘവൻ പറഞ്ഞതും വാർത്തകളിലുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനത്തിന് അനുമതി നേടാൻ രാഷ്ട്രീയവ്യത്യാസം മറന്ന് കേന്ദ്ര റെയിൽവേ മന്ത്രിയെ കാണാൻ തന്നോടൊപ്പം പോന്നത് ശ്രീധരൻപിള്ളയുടെ മനസ്സിന്റെ വലുപ്പം കാണിക്കുന്നുവെന്ന് മുഖ്യാതിഥിയായിരുന്ന എം.കെ. രാഘവൻ എംപി. പറഞ്ഞു. ഇതും തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാക്കാൻ ഒരുങ്ങുകയാണ് ബിജെപിയിലെ പിള്ള അനുകൂലികൾ. മോദിക്ക് വേണ്ടി സംസാരിക്കുന്നതിന് തെളിവായി ഇന്ത്യ-മുസരിസ് ഹെറിറ്റേജ് സെന്റർ സിൽവർ ജൂബിലി ആഘോഷച്ചടങ്ങിലെ പ്രസംഗത്തെ പിള്ള ഫാൻസ് ഉയർത്തിക്കാട്ടുന്നു.
അങ്ങനെ ശ്രീധരൻ പിള്ളയുടെ വാക്കുകൾ വൈറലാകുകയാണ്. 'ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയെ ബഹിഷ്‌കരിച്ചവരും അദ്ദേഹത്തോടൊപ്പം വേദി പങ്കിടാതിരുന്നവരും കേരളത്തിലുണ്ട്. കേരളത്തിൽനിന്ന് അദ്ദേഹത്തിന് വോട്ടു കിട്ടിയതുകൊണ്ടല്ല മോദി പ്രധാനമന്ത്രിയായത്. പക്ഷേ, മുമ്പ് ബഹിഷ്‌കരിച്ചവർ പലരും അദ്ദേഹത്തെ കാണാൻ ഡൽഹിയിൽ കാത്തുകെട്ടിക്കിടക്കുന്നത് പിന്നീട് കാണാൻ കഴിഞ്ഞിട്ടുണ്ട്. വോട്ടല്ല പ്രശ്‌നം. പരസ്പരസൗഹൃദം വേണം. നമുക്ക് വിദ്വേഷമല്ല, സമന്വയമാണ് വേണ്ടത്. സ്‌നേഹത്തിന്റെ പങ്കിടലാണ് വേണ്ടത്-ശ്രീധരൻ പിള്ള പറഞ്ഞു.
ഓർത്തഡോക്‌സ് സഭയുടെ മാർത്തോമ്മ സംഗമത്തിലും മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ 75-ാം പിറന്നാളാഘോഷത്തിലും ഞാൻ പങ്കെടുക്കുന്നു. പെന്തക്കോസ്ത് സഭയുടെ ഒരുലക്ഷംപേർ പങ്കെടുത്ത യോഗത്തിൽ പങ്കെടുത്തു. അഞ്ചുമിനിറ്റ് അവർ എഴുന്നേറ്റുനിന്ന് നരേന്ദ്ര മോദിക്കായി പ്രാർത്ഥിച്ചു. അവരാരും തന്നെ അകറ്റിനിർത്തുന്നില്ല. പാണക്കാട് കുടുംബവും കാന്തപുരവും തന്നെ മാറ്റിനിർത്തുന്നില്ല. സുപ്രഭാതം പത്രത്തിൽ വർഷങ്ങളോളം പ്രതിഫലം പറ്റാതെതന്നെ എഴുതിയിട്ടുണ്ട്. വ്യത്യസ്തത വൈരുധ്യമല്ല, വൈവിധ്യമാണ്. ഹിന്ദുവും മുസൽമാനും ക്രൈസ്തവനും മറ്റും ഒരുമിച്ചുചേരുന്നതാണ് ഇന്ത്യയുടെ കരുത്തെന്ന് അറിഞ്ഞിരിക്കണം'' -ശ്രീധരൻപിള്ള പറഞ്ഞു.
ആന്തരിക നന്മയില്ലാത്തവർക്ക് നല്ല എഴുത്തുകാരാവാൻ കഴിയില്ലെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ആന്തരിക നന്മയുള്ള എഴുത്തുകാരനാണെന്നും സാഹിത്യകാരൻ സി. രാധാകൃഷ്ണനും പ്രതികരിച്ചു. ശ്രീധരൻപിള്ളയുടെ 210 പുസ്തകങ്ങളുടെ പ്രദർശനവും എഴുത്തുജീവിതത്തിന്റെ അമ്പതാം വാർഷികാഘോഷവും രണ്ടുപുസ്തകങ്ങളുടെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വേദിയിലായിരുന്നു കോഴിക്കോട് എംപിയുടെ വാക്കുകളും എത്തിയത്.
അഭിഭാഷകൻ, രാഷ്ട്രീയനേതാവ്, ഗവർണർ എന്നീ നിലകളിലുള്ള തിരക്കുകൾക്കിടയിലും എഴുത്തിന്റെ ലോകത്ത് സ്ഥാനമുറപ്പിക്കാൻ ശ്രീധരൻപിള്ളയ്ക്ക് കഴിയുന്നുവെന്ന് അധ്യക്ഷത വഹിച്ച മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ