- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദി ഹൃദയഭൂമിയിൽ ആധിപത്യമുറപ്പിച്ച ബിജെപി ഇനി 12 സംസ്ഥാനങ്ങളിൽ അധികാര കസേരയിൽ ഇരിക്കുമ്പോൾ കോൺഗ്രസ് ചുരുങ്ങിയത് മൂന്നിലേക്ക്; ജാതി സെൻസസ് വാദമടക്കം വോട്ടർമാർ തള്ളി; കോൺഗ്രസ് വീണതോടെ വിലപേശലുമായി ഇന്ത്യ സഖ്യത്തിലെ കക്ഷികൾ
ന്യൂഡൽഹി: നാലിൽ മൂന്നു സംസ്ഥാനങ്ങളിലെ ജയത്തോടെ, ബിജെപി സ്വന്തമായി 12 സംസ്ഥാനങ്ങളിലാണ് ഇനി അധികാരത്തിലിരിക്കുക. രണ്ടാമത്തെ ഏറ്റവും വലിയ ദേശീയ കക്ഷിയായ കോൺഗ്രസ് ഛത്തീസ്‌ഗഡും, രാജസ്ഥാനും നഷ്ടമായതോടെ മൂന്നിലേക്ക് ചുരുങ്ങും. ഉത്തരാഖണ്ഡ്, ഹരിയാന, യുപി, ഗുജറാത്ത്, ഗോവ, അസം, ത്രിപുര, മണിപ്പൂർ, അരുണാചൽ പ്രദേശ്, എന്നിവയ്ക്ക് പുറമേ മധ്യപ്രദേശ് നിലനിർത്തുകയും, രാജസ്ഥാനും, ഛത്തീസ്‌ഗഡും പിടിച്ചെടുക്കുകയും ചെയ്തു. മഹാരാഷ്ട്ര, മേഘാലയ, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ഭരണ സഖ്യത്തിന്റെ ഭാഗവുമാണ് ബിജെപി. കോൺഗ്രസാകട്ടെ, സ്വന്തമായി അധികാരത്തിലിരിക്കുന്നത് കർണാടക, ഹിമാചൽ പ്രദേശ്, ഇപ്പോൾ തെലങ്കാനയും. രണ്ടുസംസ്ഥാനങ്ങൾ പോയപ്പോൾ ഒന്നുപുതുതായി കിട്ടി. ബിഹാറിലും, ഝാർഖണ്ഡിലും കോൺഗ്രസ് ഭരണസഖ്യത്തിന്റെ ഭാഗമാണ്. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിന് ഒപ്പമെങ്കിലും, സംസ്ഥാന സർക്കാരിന്റെ ഭാഗമല്ല.
ഇന്നുരാവിലെ വരെ ഛത്തീസ്‌ഗഡും, രാജസ്ഥാനും നിലനിർത്താമെന്നും, മധ്യപ്രദേശിൽ ജയിക്കാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. ഫലം വന്നപ്പോൾ, ആകെ സന്തോഷിക്കാൻ ഉള്ളത് തെലങ്കാനയിൽ മാത്രവും. കോൺഗ്രസിന് സംഭവിച്ച ക്ഷീണം ഇന്ത്യ സഖ്യത്തിൽ അസ്വസ്ഥതകൾ തലപൊക്കി കഴിഞ്ഞു.
' ഇത് ബിജെപിയുടെ വിജയമല്ല, കോൺഗ്രസിന്റെ പരാജയമാണ്' തൃണമൂൽ വക്താവ് കുനാൽ ഘോഷ് പ്രതികരിച്ചു. കോൺഗ്രസ് അവരുടെ മാടമ്പി മനോഭാവത്തിൽ നിന്ന് പുറത്തുവരണം. മമതയെ പോലുള്ള മുതിർന്ന നേതാക്കളുടെ അനുഭവപരിചയം പങ്കിടാൻ മനസ്ഥിതി കാട്ടണം' അദ്ദേഹം പറഞ്ഞു.
' കോൺഗ്രസിന്റെ പരാജയം ഇന്ത്യ സഖ്യത്തിന്റെ പരാജയമല്ല', ജനതാദൾ യുണൈറ്റഡ് നേതാവ് കെ സി ത്യാഗി പറഞ്ഞു. കോൺഗ്രസിന് ബിജെപിയോട് മല്ലിടാൻ ആവില്ലെന്ന് വ്യക്തമായി കഴിഞ്ഞു. ഈ സിൻഡ്രോമിൽ നിന്ന് കോൺഗ്രസ് പുറത്തുവരണം', ത്യാഗി അഭിപ്രായപ്പെട്ടു. ഇന്ത്യ സഖ്യത്തിലെ കക്ഷികളിൽ നിന്ന് കോൺഗ്രസ് അകന്നുവെന്നും ഡിസംബർ ആറിന് കോൺഗ്രസ് വിളിച്ച യോഗം കൊണ്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു. 'വിളകൾ ഉണങ്ങി കഴിഞ്ഞിട്ട് മഴ പെയ്തിട്ട് എന്തുകാര്യം? ത്യാഗി പരിഹസിച്ചത് ഇങ്ങനെ.
അതേസമയം, എൻസിപിയുടെ മുതിർന്ന നേതാവ് ശരദ് പവാർ കുറച്ചുമയത്തിലാണ് പ്രതികരിച്ചത്. ഈ ജനവിധി ഇന്ത്യ സഖ്യത്തിൽ പ്രത്യാഘാതമൊന്നും ഉണ്ടാക്കില്ലെന്നാണ് പവാർ പറഞ്ഞത്. കോൺഗ്രസ് അദ്ധ്യക്ഷന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നാണ് പവാറിന്റെ നിലപാട്. കോൺഗ്രസ് തെലങ്കാനയിൽ ഉണ്ടാക്കിയ നേട്ടം രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ നേട്ടമാണെന്ന് അഭിനന്ദിക്കാനും പവാർ മറന്നില്ല.
എന്തായാലും, ഹിന്ദി ഹൃദയ ഭൂമിയിലെ കോൺഗ്രസ് പരാജയത്തോടെ, ഇന്ത്യ സഖ്യത്തിന് തന്ത്രങ്ങൾ പുനരാവിഷ്‌കരിക്കേണ്ടി വരും. കോൺഗ്രസ് ഉയർത്തി പിടിച്ച ജാതി സെൻസസ് വാദം ഹിന്ദി ബെൽറ്റിലെ വോട്ടർമാരിൽ പ്രതികരണം ഉണ്ടാക്കിയില്ല എന്നതും കണക്കിലെടുക്കേണ്ടി വരും. ബിജെപി ദളിത്-ആദിവാസി വിരുദ്ധമെന്ന് ആരോപിച്ചാണ് ജാതി സെൻസസിനായി പ്രതിപക്ഷം മുറവിളി കൂട്ടിയത്. മധ്യപ്രദേശിലും, ഛത്തീസ്‌ഗഡിലും, ബിജെപി ആധിപത്യം പുലർത്തുന്ന പട്ടികജാതി-പട്ടികവർഗ്ഗ മേഖലകളിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാനായില്ല. കോൺഗ്രസിന്റെ എസ്എസി എസ്ടി സീറ്റുകൾ കുറഞ്ഞപ്പോൾ, ബിജെപി പട്ടികയിലെ എണ്ണം കൂട്ടുകയും ചെയ്തു.
അതേസമയം, ഇത് താൽക്കാലിക തിരിച്ചടിയാണെന്നും, ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്കൊപ്പം, പ്രവർത്തിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
എരിതീയിൽ എണ്ണയൊഴിച്ച് ആം ആദ്മി പാർട്ടി
രാജസ്ഥാനിലും, ഛത്തീസ്‌ഗഡിലും, മധ്യപ്രദേശിലും, കോൺഗ്രസിന് തിരിച്ചടിയേറ്റതോടെ, തങ്ങളാണ് വടക്കേന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയെന്ന അവകാശവാദവുമായി എഎപി രംഗത്തെത്തി. ബുധനാഴ്ച ഇന്ത്യ സഖ്യ യോഗം നടക്കാനിരിക്കെയാണ് മുതുർന്ന എഎപി നേതാവ് ജാസ്മിൻ ഷായുടെ ട്വീറ്റ്. ' ഇന്നത്തെ ഫലത്തിന് ശേഷം, എഎപി രണ്ടും സംസ്ഥാന സർക്കാരുകളിലെ ഭരണത്തിനൊപ്പം, വടക്കേന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി മാറി.
ഇന്ത്യ സഖ്യത്തിലെ അധികാരക്രമം നിയമസഭാ തിരഞ്ഞെടുപ്പോടെ മാറുമെന്നാണ് എഎപി നേതാക്കൾ പറയുന്നത്. കോൺഗ്രസ് ഛത്തീഗഡിലും, മധ്യപ്രദേശിലും ജയിച്ചിരുന്നെങ്കിൽ, അവർക്ക് മേൽക്കൈ കിട്ടിയേനെ. എന്നാൽ, ഫലം മറിച്ചായതോടെ, സാഹചര്യങ്ങൾ മാറി. ഇന്ത്യ സഖ്യം മുന്നോട്ടു പോകണമെങ്കിൽ, കോൺഗ്രസിന് 2024 ൽ മത്സരിക്കുന്ന സീറ്റുകളിൽ ഒത്തുതീർപ്പുകൾക്ക് വഴങ്ങേണ്ടി വരുമെന്നാണ് എഎപി നേതാക്കൾ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ