ന്യൂഡൽഹി: വോട്ടെടുപ്പില്ലാതെ തന്നെ സൂററ്റിലെ തങ്ങളുടെ സ്ഥാനാർത്ഥിയെ ജയിപ്പിച്ച് എതിരാളികളെ നിലംപരിശാക്കിയിരിക്കുകയാണ് ബിജെപി. നാമനിർദ്ദേശ പത്രിക തള്ളപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥിയായ നിലേഷ് കുംഭാണിയെ കാണാനില്ലെന്നും ഫോണിൽ കിട്ടുന്നില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൂററ്റിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാലിനെ വിജയിയായി പ്രഖ്യാപിച്ചത് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളപ്പെടുകയും, മറ്റുഎതിരാളികൾ എല്ലാം മത്സരത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്തതോടെയാണ്.

നിലേഷ് കുംഭാണി ബിജെപിയിൽ ചേരുമെന്നും റിപ്പോർട്ടുകൾ വരുന്നു. ജനവഞ്ചകൻ എന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ കുംഭാണിയുടെ പൂട്ടിയിട്ട വീടിന് മുന്നിൽ പ്രതിഷധിച്ചു. നിലേഷ് കുംഭാണി നാമനിർദ്ദേശ പത്രികയിൽ കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും പകരം സ്വന്തക്കാരെ കൊണ്ട് വ്യാജ ഒപ്പുകൾ ചാർത്തിച്ചാണ് ബിജെപിക്ക് സീറ്റ് നേടിക്കൊടുത്തത്. അവശേഷിച്ച ബി എസ് പി സ്ഥാനാർത്ഥിയെ കൂടി പിൻവലിപ്പിച്ച് 'ഓപറേഷൻ നിർവിരോധ്' (എതിരാളിയില്ലാ ഓപറേഷൻ) പൂർത്തിയാക്കാൻ ഗുജറാത്ത് ക്രൈംബ്രാഞ്ചിനെയും ഉപയോഗിച്ചു.

പാർട്ടി നേതൃത്വത്തെ അറിയിക്കാതെ ബന്ധുവായ ജഗ്ദിയാ സവാലിയാ, ബിസിനസ് പങ്കാളികളായ ധ്രുവിൻ ധാമേലിയ, രമേശ് പോൽറാ എന്നിവരെ നാമനിർദ്ദേശം ചെയ്യുന്നവരായും പിന്തുണക്കുന്നവരായും പത്രികയിൽ ഒപ്പു വെപ്പിച്ചത് നിലേഷ് കുംഭാണിയാണ്. ഇവർ വെച്ച ഒപ്പുകൾ വ്യാജവുമായിരുന്നു. ഇത് കൂടാതെ കോൺഗ്രസിന്റെ ഡമ്മി സ്ഥാനാർത്ഥിയായ സുരേഷ് പഡ്‌സാലയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണവും നിലേഷ് കുംഭാണി ഏറ്റെടുത്തു. മറ്റൊരു ബന്ധുവായ ഭൗതിക് കോൽഡിയായെ കൊണ്ട് ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയിലും വ്യാജ ഒപ്പുവെപ്പിച്ചു. വ്യാജ ഒപ്പുവെച്ച ബന്ധുക്കളെയും സ്വന്തക്കാരെയും പത്രികാ സമർപ്പണ സമയത്ത് റിട്ടേണിങ് ഓഫിസർക്ക് മുന്നിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഹാജരാക്കിയതുമില്ല. പത്രികാ സമർപ്പിച്ച് നിലേഷ് അപ്രത്യക്ഷനാകുകയും ചെയ്തു

തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോൺഗ്രസ്

സൂററ്റിൽ നിന്ന് പ്രധാനമന്ത്രിക്ക് ആദ്യത്തെ താമര സമ്മാനിച്ചു എന്നാണ് ഗുജറാത്ത് ബിജെപി അദ്ധ്യക്ഷൻ സി ആർ പാട്ടീൽ ജയത്തെ വിശേഷിപ്പിച്ചത്. അതേസമയം, ഭരണകക്ഷിയായ ബിജെപി തെറ്റായതും അനാവശ്യവുമായ സ്വാധീനം ചെലുത്തിയെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

സൂററ്റിലെ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്നും പിന്നീട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടതായി പാർട്ടി വക്താവ് അഭിഷേക് സിങ്വി പറഞ്ഞു. നാല് പേരാണ് നിലേഷ് കുംഭാണിയെ നാമനിർദ്ദേശം ചെയ്തതെന്നും എന്നാൽ പൊടുന്നനെ അവർ തങ്ങളുടെ ഒപ്പല്ലെന്ന് നിഷേധിക്കുകയുമായിരുന്നുവെന്ന് സിങ്വി പറഞ്ഞു. ' ഇത് യാദൃശ്ചികമായ സംഭവമല്ല. സ്ഥാനാർത്ഥിയെ മണിക്കൂറുകളായി കാണാനില്ല. അദ്ദേഹത്തെ കണ്ടുകിട്ടുമ്പോഴേക്കും മറ്റെല്ലാ സ്ഥാനാർത്ഥികളും പത്രിക പിൻവലിക്കുന്നു. കുംഭാണിയുടെ പത്രിക തള്ളുകയും ചെയ്യുന്നു', സിങ്വി പറഞ്ഞു.

പത്രിക പിൻവലിപ്പിച്ചതിലെ കളി

നിലേഷ് കുംഭാണിയുടെ പത്രിക തള്ളിയതോടെ സൂറത്തിൽ മത്സര രംഗത്ത് അവശേഷിച്ചത് ബി.എസ്‌പി സ്ഥാനാർത്ഥി പ്യാരേലാൽ ഭാരതിയും സ്വതന്ത്രരും അടക്കം 8 സ്ഥാനാർത്ഥികളായിരുന്നു, ബി.എസ്‌പി സ്ഥാനാർത്ഥി സൂറത്തിൽനിന്ന് വഡോദരയിലെ ഫാം ഹൗസിലെത്തിയിരുന്നു. ബി.എസ്‌പി സ്ഥാനാർത്ഥിയെ കിട്ടാൻ ക്രൈം ബ്രാഞ്ചിനെ നിയോഗിച്ചു. മൊബൈൽ ലൊക്കേഷൻ നോക്കി പ്യാരേലാലിനെ കണ്ടെത്തി. സർദാർ വല്ലഭായ് പട്ടേൽ പാർട്ടി, ഗ്ലോബൽ റിപ്പബ്ലിക്കൻ പാർട്ടി, ലോഗ് പാർട്ടി എന്നീ മൂന്ന് ചെറുകിട പാർട്ടികളുടെ സ്ഥാനാർത്ഥികളെ കൂടി ഇത് പോലെ പിന്തുടർന്ന് കണ്ടെത്തി പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസം പിൻവലിപ്പിച്ചു. നാലു സ്വതന്ത്രരാണ് ആദ്യം പിന്മാറിയത്. ഇവരെ നാല് പേരെയും ഫോൺ ചെയ്ത് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഒരുമിച്ചിരുത്തിയാണ് നാമനിർദ്ദേശ പത്രികകൾ പിൻവലിപ്പിച്ചത്.