- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ താമരയുമായി സുരേഷ് ഗോപിയെത്തും; കേരളത്തിൽ ആറ്റിങ്ങലിലും തിരുവനന്തപുരത്തും പാലക്കാടും പത്തനംതിട്ടയിലും നേരത്തെ സ്ഥാനാർത്ഥിയെത്താൻ സാധ്യത; സോണിയയുടെയും സുപ്രിയയുടേയും സീറ്റുകൾ ലക്ഷ്യമിടുന്നു? 160 മണ്ഡലങ്ങളിൽ നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ
ന്യൂഡൽഹി: ജയ പ്രതീക്ഷയുള്ള എന്നാൽ പാർട്ടി സ്വാധീനം അതി ശക്തമല്ലാത്ത മേഖലകളിലെ 160 ലോക്സഭാ സീറ്റുകളിൽ സ്ഥാനാർത്ഥികളെ നേരത്തേ പ്രഖ്യാപിക്കാൻ ബിജെപി. ഇതുവരെ ബിജെപി ജയിക്കാത്ത മണ്ഡലങ്ങളിലായിരിക്കും ഇത്. കേരളത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൾ, പത്തനംതിട്ട, തൃശൂർ, പാലക്കാട് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കും.
ബിജെപി.കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ, ബംഗാൾ ഉൾപ്പെടുന്ന കിഴക്കൻ സംസ്ഥാനങ്ങൾ എന്നീ മേഖലകളിലായിരിക്കും സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കുക. ഡിസംബറിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പ്രഖ്യാപനമുണ്ടാകുമെന്ന് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കി. തൃശൂരിൽ സുരേഷ് ഗോപി സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രനോ കേന്ദ്രമന്ത്രി വി മുരളീധരനോ മത്സരിക്കും. കേരളത്തിലെ മറ്റ് സീറ്റുകളിൽ സ്ഥാനാർത്ഥികളിൽ ഒരു ധാരണയും കേന്ദ്ര നേതൃത്വത്തിനുണ്ടായിട്ടില്ല. തൃശൂരിൽ നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. പാലക്കാടും പത്തനംതിട്ടയിലും തിരുവനന്തപുരത്തും വളരെ നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
ദുർബലമായ സീറ്റുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നേരത്തേ രംഗത്തിറങ്ങുന്നതിലൂടെ ലഭിക്കുന്ന മുൻതൂക്കം മുതലാക്കുന്നതിനും ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങൾക്കുമുമ്പുതന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്. 160 മണ്ഡലങ്ങളെ 40 ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രചാരണ പരിപാടികൾ ആവിഷ്‌കരിക്കുക.ഈ മണ്ഡലങ്ങളിൽ മുതിർന്ന കേന്ദ്രമന്ത്രിമാർ, മുതിർന്ന നേതാക്കൾ തുടങ്ങിയവരായിരിക്കും പ്രചാരണത്തിന് നേതൃത്വം നൽകുക. ഇത്തരം ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ റാലികൾ നടത്തും.
2019-ൽ ബിജെപി. പരാജയപ്പെടുകയോ നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയോ ചെയ്ത മണ്ഡലങ്ങൾക്കായി പ്രത്യേക കർമ്മ പദ്ധതിയും തയ്യാറാക്കും. സംഘടനാ സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിനും ബൂത്തുതലംമുതൽ വോട്ടർമാരെ സ്വാധീനിക്കുന്നതിനുമുള്ള പരിപാടികൾ ആവിഷ്‌കരിക്കും. ബിജെപിയുടെ ഭൂരിപക്ഷം കൂട്ടുകയാണ് ലക്ഷ്യം. സിറ്റിങ് സീറ്റുകളിൽ ചിലത് നഷ്ടമാകാൻ സാധ്യതയുണ്ട്. ഇത് കൂടി തിരിച്ചറിഞ്ഞാണ് പുതിയ സ്വാധീന മേഖലകൾ ഉണ്ടാക്കാനുള്ള നീക്കം. ഇതിലൂടെ വീണ്ടും മോദി അധികാരത്തിലെത്തുമെന്ന് ഉറപ്പിക്കാനാണ് ശ്രമം.
ദുർബലമായ സീറ്റുകളിൽ ഭൂരിഭാഗവും തെക്കും വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലാണ്. പ്രാദേശിക സാമൂഹികവും രാഷ്ട്രീയവുമായ ഘടകങ്ങൾ കാരണം വെല്ലുവിളിയായി തുടരുന്ന ചില സീറ്റുകളിലും നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. പ്രതിപക്ഷ പാർട്ടികളുടെ ശക്തി കേന്ദ്രങ്ങളിലും, പാർട്ടിക്ക് വേണ്ടത്ര ശക്തിയില്ലാത്തതുമായ മണ്ഡലങ്ങളിലാണ് നേരത്തെ സ്ഥാനാർത്ഥിയെ നിശ്ചയിച്ച് തീവ്ര പ്രചാരണത്തിന് ഇറങ്ങാൻ ബിജെപി തയ്യാറെടുക്കുന്നത്.
നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന മണ്ഡലങ്ങളിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാഗാന്ധിയുടെ റായ് ബറേലി, സമാജ് വാദി പാർട്ടിയുടെ ഡിംപിൾ യാദവ് മത്സരിക്കുന്ന മെയിൻപുരി, എൻസിപി നേതാവ് സുപ്രിയ സുലെയുടെ ബരാമതി ( മഹാരാഷ്ട്ര) സീറ്റ് തുടങ്ങിയവ ഉൾപ്പെടുന്നു. റായ് ബറേലിയിൽ സോണിയക്ക് പകരം പ്രിയങ്ക ഗാന്ധി ഇത്തവണ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
മറുനാടന് മലയാളി ബ്യൂറോ