തൃശ്ശൂർ: കെ മുരളീധരനെ തൃശ്ശൂരിൽ സ്ഥാനാർത്ഥി ആകുന്നതിൽ പ്രതികരിച്ചു എതിർ സ്ഥാനാർത്ഥികൾ. തൃശ്ശൂരിൽ എതിർ സ്ഥാനാർത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി പ്രതികരിച്ചു. ബിജെപി വിജയിക്കും. സ്ഥാനാർത്ഥികൾ മാറി വരുന്നതിന് അതിന്റേതായ കാരണമുണ്ട്.

അതേസമയം തൃശൂർ ലോക്‌സഭാ മണ്ഡല്തതിലെ കോൺഗ്രസ് സ്ഥാനാർത്ഥി മാറിയതിൽ ആശങ്കയില്ലെന്ന് തൃശൂർ എൽഡിഎഫ് സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ വി എസ് സുനിൽ കുമാർ പ്രതികരിച്ചു. ഏത് സ്ഥാനാർത്ഥി വന്നാലും ഇടതുപക്ഷം ജയിക്കും, അതിനുള്ള അടിത്തറ എൽഡിഎഫിനുണ്ടെന്നും സുനിൽ കുമാർ പറഞ്ഞു. ഏത് എതിരാളി വന്നാലും എതിരാളിയെ റെസ്പക്ട് ചെയ്യുന്ന പാർട്ടിയാണ് എൽഡിഎഫ്.

എതിരാളി ആരാണെന്നത് വിഷയമല്ല. രാഷ്ട്രീയമായ എതിർപ്പിൽ കോംപ്രമൈസ് ഇല്ലാത്ത പാർട്ടിയാണ് ഇടതുമുന്നണിയെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. പത്മജയുടെ ബിജെപി പ്രവേശനവും കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വവും തമ്മിൽ ബന്ധമുണ്ടോ എന്നറിയില്ലെന്നും എൽഡിഎഫിന്റെ വിജയം ഉറപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ നിന്ന് ആളുകൾ ബിജെപിയിലേക്ക് പോകുന്നതിൽ അത്ഭുതമില്ല. എ കെ ആന്റണിയുടെ മകൻ ബിജെപിയിലേക്ക് പോയല്ലോ. നിലവിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലുള്ളയാണ് എ കെ ആന്റണി. അങ്ങനെയൊരാളുടെ മകനാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. പുറത്തുവിട്ട ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ എത്ര മുൻ കോൺഗ്രസ് നേതാക്കളുണ്ടെന്നും അദ്ദേഹം ചോദിച്ചു.

പത്മജയുടെ ബിജെപി പ്രവേശത്തെ തുടർന്ന് തൃശൂരിലെ സമവാക്യങ്ങളാകെ മാറിമറിഞ്ഞ സാഹചര്യമാണുള്ളത്. ചാലക്കുടിയിൽ പത്മജയെ മത്സരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തൃശൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നത്. ഇതോടെ ടിഎൻ പ്രതാപൻ മത്സരിക്കുന്നില്ലെന്നായി. കെ മുരളീധരന്റെ സീറ്റായിരുന്ന വടകരയിൽ മുരളിക്ക് പകരം മത്സരിക്കുക ഷാഫി പറമ്പിലായിരിക്കും. ഇക്കാര്യവും പാർട്ടി സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പത്മജയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോൾ സുരേഷ് ഗോപി പ്രതികരണമില്ലെന്നായിരുന്നു അറിയിച്ചത്. പത്മജയുടെ ചാലക്കുടിയിലെ സ്ഥാനാർത്ഥിത്വത്തിൽ ബിജെപിക്ക് അകത്തുനിന്ന് എതിർപ്പുകളുയരുന്നതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് എതിർ സ്ഥാനാർത്ഥി ആരെന്നത് തനിക്ക് പ്രശ്‌നമല്ലെന്ന നിലപാട് സുരേഷ് ഗോപി വ്യക്തമാക്കുന്നത്. അതേസമയം മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തിലും ചില ആശയക്കുഴപ്പങ്ങളുണ്ടെന്നാണ് സൂചന. നിലവിൽ തൃശൂരിൽ സുരേഷ് ഗോപി, വി എസ് സുനിൽ കുമാർ, കെ മുരളീധരൻ ഇങ്ങനെയൊരു ത്രികോണമത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്.