തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ ആളുകുറഞ്ഞതിൽ അനിഷ്ടം പ്രകടിപ്പിച്ച് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. രാവിലെ ശാസ്താംപൂവം ആദിവാസി കോളനിയിലെ സന്ദർശനത്തിന് എത്തിയപ്പോഴാണ് സംഭവം. ആളുകളെ കാണാൻ സാധിക്കാത്തതിനും വോട്ടർ പട്ടികയിൽ പേരു ചേർക്കാത്തതിലും ബൂത്ത് ഏജന്റ് ഉൾപ്പടെയുള്ള പ്രവർത്തകരെയാണ് സുരേഷ് ഗോപി ശകാരിച്ചത്.

"അടുപ്പിക്കാത്ത സ്ഥലത്തേയ്ക്ക് എന്തിനാണ് എന്നെ കൊണ്ടുവന്നത്? എന്ത് ആവശ്യത്തിനാണ്? നിങ്ങൾ എനിക്ക് വോട്ട് മേടിച്ചു തരാനാണെങ്കിൽ വോട്ടു ചെയ്യുന്ന പൗരൻ ഇവിടെയുണ്ടാകണം. ബൂത്തുകാർ ഇതു മനസ്സിലാക്കണം. നമ്മൾ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. നമ്മൾ അവർക്ക് നേട്ടമുണ്ടാക്കാനാണ് ഇറങ്ങിയിരിക്കുന്നത്. അതിന് എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേയ്ക്കു പോകും. അവിടെപോയി രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രവർത്തിച്ചോളാം. എനിക്ക് ഒരു താൽപര്യവുമില്ല, ഭയങ്ക കഷ്ടമാണ് ഇത് കേട്ടോ." സുരേഷ് ഗോപി പ്രവർത്തകരോട് പറഞ്ഞു.

കോളനിയിലെത്തിയപ്പോൾ പ്രദേശത്ത് ആളുകളുടെ എണ്ണം കുറവായിരുന്നു. ഇതാണ് അദ്ദേഹത്തെ ആദ്യം ക്ഷുഭിതനാക്കിയത്. കൂടാതെ, 25 പേരെ വോട്ടർ പട്ടികയിൽ ചേർത്തിട്ടില്ലെന്ന വിവരം അറിഞ്ഞതോടെ അദ്ദേഹം വീണ്ടും ദേഷ്യപ്പെട്ടു. സ്ഥലത്തെ ബൂത്ത് ഏജന്റുമാർക്കും പ്രവർത്തകർക്കും എന്താണ് ജോലിയെന്ന് അദ്ദേഹം ചോദിച്ചു. നോമിനേഷൻ നൽകിയിട്ടില്ലെന്നും താൻ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ഇതോടെ, ഇന്നുതന്നെ വോട്ടേഴ്സ് ലിസ്റ്റിൽ പേരുചേർക്കാമെന്ന് പറഞ്ഞ് പ്രവർത്തകർ സുരേഷ് ഗോപിയെ അനുനയിപ്പിക്കുകയായിരുന്നു.

വനിതാ പ്രവർത്തകരോട് ഉൾപ്പെടെയാണ് സുരേഷ് ഗോപി അനിഷ്ടം പ്രകടിപ്പിച്ചത്. അതേസമയം, കോളനിയിലെ ആദിവാസികൾ ഉൾപ്പെടെ രാവിലെ തേൻ ശേഖരിക്കാൻ പോയ സമയത്താണ് സുരേഷ് ഗോപി എത്തിയതെന്നും ഇതിനെ തുടർന്നാണ് ആളുകളെ കാണാൻ സാധിക്കാതിരുന്നതെന്നുമാണ് വിവരം.