കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനിടെ ഭഗവാന്റെ തുണ തേടിയിരിക്കിയാണ് തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ്‌ഗോപി. ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തി ഏറ്റുമാനൂരപ്പനെ തൊഴുതും വഴിപാടുകൾ അർപ്പിക്കുകയും ചെയ്തു താരം. രാവിലെ ആറ് മണിയോടെ കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി തുലാഭാരവും അപൂർവ വഴിപാടായ അഞ്ചു പറയും ഭഗവാനു സമർപ്പിച്ചു. ഭാര്യ രാധികയും മകൻ ഗോകുലും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

സുരേഷ് ഗോപിയുടെ നിർദ്ദേശത്തെ തുടർന്ന് ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നത് ദേവസ്വവും പൊലീസും വിലക്കി. ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ചുകൊണ്ട് ക്യൂ നിന്നാണ് അദ്ദേഹം ദർശനം നടത്തിയത്. ഏറ്റുമാനൂർ നഗരസഭ കൗൺസിലർ ഉഷ സുരേഷ് അഞ്ച് വർഷങ്ങൾക്കു മുൻപ് നേർന്ന വഴിപാട് സമർപ്പിക്കാനാണ് അദ്ദേഹം എത്തിയതെന്നാണ് പുറത്തു പറഞ്ഞ വിവരം.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സുരേഷ് ഗോപി ക്ഷേത്രത്തിൽ എത്തുമെന്ന പ്രചാരണം ശക്തമായിരുന്നു. വെള്ളിയാഴ്ച വരുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ എത്താൻ സാധിച്ചില്ല. ഇന്ന് രാവിലെ സുരേഷ് ഗോപി ക്ഷേത്രത്തിൽ എത്തുമെന്ന് മുൻകൂട്ടി അറിഞ്ഞ മാധ്യമ പ്രവർത്തകർ രാവിലെ മുതൽ ക്ഷേത്രപരിസരത്ത് നിലയുറപ്പിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രതികരണം തേടുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ ക്ഷേത്രത്തിൽ എത്തിയതു മുതൽ തിരിച്ചു പോകുന്നത് വരെ മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചില്ല.

ക്ഷേത്രത്തിലെത്തിയ മറ്റ് വിശ്വാസികളോട് കുശലം പറഞ്ഞെങ്കിലും രാഷ്ട്രീയം പറയാനോ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കാനോ സുരേഷ് ഗോപി മുതിർന്നില്ലെന്നതും ശ്രദ്ധേയം. സാധാരണ വിശ്വാസിയെപ്പോലെ ഏറ്റുമാനൂരപ്പനെ തൊഴുതു വണങ്ങാനാണ് എത്തിയത് എന്നു മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. പ്രതികരണത്തിനായി മൈക്ക് നീട്ടിയ മാധ്യമങ്ങൾക്ക് മുന്നിൽ തൊഴുത് ചിരിച്ചു കൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു.

അതേസമയം എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ വിവിധ തരത്തിലുള്ള അവകാശവാദങ്ങളാണിപ്പോൾ മണ്ഡലത്തിലെങ്ങും. മത്സരത്തിന്റെ തീവ്രതയും പ്രചാരണത്തിന്റെ ദൈർഘ്യവുമൊക്കെ കാരണം ഏറെ നാളായി സംസ്ഥാനത്താകെ ചർച്ചയായ മണ്ഡലമാണ് തൃശ്ശൂർ. എക്സിറ്റ് പോളുകളെല്ലാം കേരളത്തിൽ എൻ.ഡി.എ. അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. ഇതിലൊരു സീറ്റ് തൃശ്ശൂരാണെന്ന് ബിജെപി. അനുഭാവികൾ ഉറപ്പിക്കുന്നു. സുരേഷ് ഗോപി വിജയിച്ച് കേന്ദ്രമന്ത്രിയാകുമെന്നുവരെയാണ് ആ പ്രതീക്ഷകൾ തിടംവെക്കുന്നത്.

എന്നാൽ, കഴിഞ്ഞ എക്സിറ്റ് പോളുകളും കേരളത്തിൽ എൻ.ഡി.എ. വിജയിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നടന്നില്ലല്ലോയെന്ന വാദമാണ് ഇടതും വലതും മുന്നണികൾ ഉന്നയിക്കുന്നത്. കെ. മുരളീധരൻ മികച്ച ഭൂരിപക്ഷത്തിൽത്തന്നെ തൃശ്ശൂരിന്റെ എംപി.യാകുമെന്ന കാര്യത്തിൽ യു.ഡി.എഫ്. നേതാക്കൾക്കും അണികൾക്കും സംശയം ഇപ്പോഴുമില്ല. ന്യൂനപക്ഷവിഭാഗങ്ങളുടെ പിന്തുണയിലെ ചോർച്ച പരിഹരിച്ച് പൂർവാധികം ശക്തമായി വോട്ടുകൾ നേടാനായി എന്നതാണ് അവരുടെ ന്യായം.

ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ കരുത്ത് വി എസ്. സുനിൽകുമാറെന്ന സ്ഥാനാർത്ഥിയുടെ ജനകീയതയാണെന്നാണ് അവരുടെ വിലയിരുത്തൽ. വിപുലമായ സൗഹൃദം വോട്ടുകളുടെ എണ്ണത്തിൽ വലിയ മുതൽക്കൂട്ടാകുമെന്നും അവർ കരുതുന്നു. എല്ലാ വിഭാഗം ജനങ്ങളും പിന്തുണ നൽകുമെന്ന ആത്മവിശ്വാസമാണ് മികച്ച ഭൂരിപക്ഷമെന്ന അവരുടെ അവകാശവാദത്തിന്റെ ആധാരം.