തൃശൂർ: പാർട്ടി പ്രവർത്തകരോട് ക്ഷോഭിച്ചതിൽ കൃത്യമായ വിശദീകരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വോട്ടർപ്പട്ടികയിൽ ആളെ ചേർക്കാത്തതിനാണ് ശകാരിച്ചതെന്നും വോട്ടർപ്പട്ടികയിൽ പേര് ചേർക്കണമെന്നത് ബിജെപി നേതാവ് അമിത് ഷാ ഏൽപ്പിച്ച ഉത്തരവാദിത്തമാണെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രവർത്തകരോട് തൃശൂർ ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി കൂടിയായ സുരേഷ് ഗോപി ക്ഷുഭിതനായി എന്നത് വീഡിയോ സഹിതം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം.

'എന്റെ അണികൾ ചെയ്യേണ്ട ജോലി ചെയ്തില്ല. 25 കുട്ടികൾക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള പ്രായമെത്തിയിട്ടും അവരെ വോട്ടർപ്പട്ടികയിൽ ചേർത്തില്ല. അത് ഏൽപ്പിച്ചിരിക്കുന്ന ജോലിയാണ്. അമിത് ഷാ ഏൽപ്പിച്ചിരിക്കുന്ന ജോലിയാണ്. അവരെ സ്നേഹിക്കുക മാത്രമല്ല, തലോടുക മാത്രമല്ല, താക്കീത് ചെയ്യാനും ശാസിക്കാനുമുള്ള അവകാശം എനിക്ക് ഉണ്ട്. അത് ഞാൻ ചെയ്തു'- സുരേഷ് ഗോപി പറഞ്ഞു. താക്കീത് ചെയ്തുവെന്ന് സമ്മതിക്കുന്ന സുരേഷ് ഗോപി വ്യാജ വാർത്തയേയും ഉയർത്തികാട്ടുന്നു. പരിപാടിക്ക് നല്ല ആളുണ്ടായിരുന്നു. അത് അവിടെ ഉ്ണ്ടായിരുന്നവർക്കെല്ലാം അറിയാമെന്നും സുരേഷ് ഗോപി പറയുന്നു.

'തിരുവനന്തപുരത്തേക്ക് പോകുമെന്ന് പറഞ്ഞത് പ്രവർത്തകരെ പേടിപ്പിക്കാൻ വേണ്ടിയാണ്. ആദിവാസി ഊരിലെ ജനങ്ങളുടെ വോട്ട് ചേർക്കാത്തതിനാലാണെന്ന് പ്രവർത്തകരോട് ക്ഷോഭിച്ചത്. നാളെ ജയിച്ച് കഴിഞ്ഞാലും അണികളാണ് ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് ഓരോ പ്രശ്‌നങ്ങൾ എന്നെ അറിയിക്കേണ്ടത്. ഇതുപോലെ ഇനിയും ആവർത്തിച്ചാൽ ഇനിയും വഴക്ക് പറയും. അതിന്റെ സൂചനയാണ് നൽകിയത്'- സുരേഷ് ഗോപി പറഞ്ഞു.

'അണികൾ ചെയ്യാനുള്ള ജോലി ചെയ്യണം. അല്ലെങ്കിൽ എനിക്കെന്റെ ജോലി ചെയ്യാൻ സാധിക്കില്ല. അവരെ തലോടാനും വഴക്ക് പറയാനുമുള്ള അവകാശം എനിക്കുമുണ്ട്. വോട്ടുകൾ ചേർത്തിട്ടില്ലെന്ന് ആദിവാസികൾ എന്റെ മുന്നിൽ വച്ചാണ് പറയുന്നത്. അപ്പോൾ എന്റെ അണികളെ വഴക്ക് പറയും. അതിനുള്ള അവകാശം എനിക്കുണ്ട്. ആ പരിപാടിയിൽ എത്ര പേരുണ്ടായിരുന്നെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവിടും'- സുരേഷ് ഗോപി പറഞ്ഞു. 'കുപ്രചരണങ്ങളിൽ തളരില്ല. എത്രത്തോളം അവഹേളിക്കുന്നുവോ അത്രത്തോളം ഞങ്ങൾ ഉയർത്തെഴുന്നേൽക്കുമെന്നും', അദ്ദേഹം കൂട്ടിച്ചേർത്തു.

സുരേഷ് ഗോപിയുടെ വിജയ സാധ്യത വളരെ കൂടുതലാണ്. ഇത് മനസ്സിലാക്കി ചിലർ തൃശൂരിൽ പലവിധ പ്രചരണം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായിരുന്നു വീഡിയോ പ്രചരണം. ഈ സാഹചര്യത്തിലാണ് ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദർശനത്തിനിടെയുണ്ടായ സംഭവം ചർച്ചയാക്കിയത്. സന്ദർശനത്തിനെത്തിയപ്പോൾ ആള് കുറഞ്ഞതും വോട്ടർ പട്ടികയിൽ പ്രവർത്തകരുടെ പേര് ചേർക്കാത്തതുമാണ് പ്രകോപനത്തിന് കാരണമായത് എന്നയിരുന്നു റിപ്പോർട്ടുകൾ. ഇതിൽ ആദ്യ ഭാഗം സുരേഷ് ഗോപി തള്ളുകയാണ്.

'നിങ്ങൾ എനിക്ക് വോട്ട് മേടിച്ച് തരാനാണെങ്കിൽ വോട്ട് ചെയ്യുന്ന പൗരന്മാർ ഇവിടെയുണ്ടാകണം. നിങ്ങൾ സഹായിച്ചില്ലെങ്കിൽ നാളെ തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവർത്തിച്ചുകൊള്ളാം'- ഇതായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. ശാസ്താംപൂവ്വം കോളനിയിൽ എത്തിയപ്പോൾ 25 ഓളം പേരെ വോട്ടർ പട്ടികയിൽ ചേർക്കാനായില്ലെന്ന് സുരേഷ് ഗോപി അറിഞ്ഞു. ഇതാണ് ചോദ്യം ചെയ്യലായത്. ഇവിടെ ബൂത്ത് ഏജന്റുമാർക്കും പ്രവർത്തകർക്കും എന്താണ് ജോലിയെന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.