തൃശൂർ: അതിശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരിൽ മൂന്ന് മുന്നണികളും പ്രതീക്ഷയിൽ. ജയം ഉറപ്പാണെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ പറയുമ്പോൾ എല്ലാം ദൈവം കാത്തുക്കൊള്ളുമെന്ന് നടനും എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ്‌ഗോപി പ്രതികരിച്ചു. സംഘടനാ കരുത്തിൽ വിജയമാണ് സിപിഐയുടെ സുനിൽകുമാറിന്റെ പ്രതീക്ഷ. എല്ലാം ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് സുനിൽ കുമാറും പറഞ്ഞു.

ഉണ്ടായിരുന്ന ആത്മവിശ്വാസം കഴിഞ്ഞ ദിവസം രാത്രിയോടുകൂടി ഇരട്ടിയായെന്ന് സുരേഷ് ഗോപി പറയുന്നു. ാർട്ടി ഒരു റിവ്യൂ നടത്തിയിട്ടുണ്ട്. അതിന്റെ ഒരു ഫുൾ ടെക്‌സ്റ്റ് ഇതുവരെ വന്നിട്ടില്ല. ഉണ്ടായിരുന്ന ആത്മവിശ്വാസം കഴിഞ്ഞ ദിവസം രാത്രിയോടുകൂടി ഇരട്ടിച്ചു. നമുക്കല്ലല്ലോ പ്രധാനം. ജനങ്ങളുടെ തീരുമാനത്തിലേക്ക് നയിക്കുന്ന അവർ തിരഞ്ഞെടുക്കുന്ന വ്യക്തിയുടെ പശ്ചാത്തലത്തിൽ അവർ സമ്മതിദാനം സമ്മാനിച്ച് കഴിഞ്ഞു.അത് പെട്ടിക്കുള്ളിലുണ്ട്. ജൂൺ നാല് വരട്ടെ. അന്നുവരെ പലതരത്തിലുള്ള ട്രോളുകളും സംഭവങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. അതുവരെ കാത്തിരിക്കാം-സുരേഷ് ഗോപി പറഞ്ഞു.

ഞാൻ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയാണ്. എല്ലാത്തിനും മുകളിൽ ഒരാളുണ്ട്. ദൈവം കാത്തോളും. ക്രോസ് വോട്ടിനെ സംബന്ധിച്ച് ജനങ്ങൾക്കും ഒരു ബോധമുണ്ട്. 2019ൽ അവർക്കത് മനസിലായി'- സുരേഷ്‌ഗോപി പറഞ്ഞു. അതിനിടെ തൃശൂർ ണ്ഡലത്തിൽ സിപിഎം ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തെന്ന് ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. തൃശൂർ നഗരത്തിൽ വോട്ട് ചോർന്നിട്ടുണ്ട്. ബിജെപി രണ്ടാം സ്ഥാനത്തു വന്നാൽ ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും മുരളീധരൻപറഞ്ഞു.

ബിജെപി തൃശൂരിൽ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാൽ അവർ രണ്ടാം സ്ഥാനത്ത് വന്നാൽ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. സിപിഎമ്മിലെ ഒരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ സിപിഎമ്മുകാരല്ല, ബിജെപിക്കാരാണ് കള്ള വോട്ട് ചെയ്തതെന്നും മുരളീധരൻ ആരോപിച്ചു. "ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചാണ് കള്ള വോട്ട് നടന്നത്. ഇതിൽ പരാതി നൽകിയപ്പോൾ കള്ളവോട്ടിന് നല്ല സർട്ടിഫിക്കറ്റാണ് ബി.എൽ.ഒമാർ നൽകിയത്. തൃശൂരിലൊന്നും കാഷ് കൊടുത്ത് വോട്ട് വാങ്ങുന്ന ഏർപ്പാട് ആരും നടത്തിയിട്ടില്ല. ഇവിടെ രാഷ്ട്രീയപോരാട്ടം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. പക്ഷേ, അതിനെ ബിജെപി പണമിറക്കിയുള്ള ഫൈറ്റ് ആക്കി മാറ്റി."

തൃശൂർ നഗരത്തിൽ കോൺഗ്രസിൽ അൽപം വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ട്. ഇവിടെ കുറച്ചാളുകൾ ബിജെപിയിലേക്കു പോയിട്ടുണ്ട്. പക്ഷേ, പ്രവർത്തകർക്ക് അതിനെ നല്ല രീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസ് സംഘടനാ സംവിധാനം പൂർണമായി ഉണർന്നുപ്രവർത്തിച്ചു. ഏതെങ്കിലും സ്ഥലത്ത് പിന്നാക്കം പോയെങ്കിൽ കർശന നടപടി സ്വീകരിക്കും. പത്മജയുടെ ബൂത്തിലടക്കം യു.ഡി.എഫ് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിസൈഡിങ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം വോട്ടിങ് ശതമാനം കുറയാൻ കാരണമായി. ബിജെപി-സിപിഎം ഡീൽ നടന്നിട്ടുണ്ട്. ഇ.പി ജയരാജൻ-ബിജെപി ചർച്ച അതിന്റെ ഭാഗമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എന്നാൽ തൃശൂരിൽ നല്ല മാർജിനിൽ വിജയിക്കുമെന്ന പ്രതീക്ഷയും വി എസ് സുനിൽ കുമാർ പങ്കുവച്ചു. പോളിങ് ശതമാനം കുറഞ്ഞത് തനിക്ക് ദോഷം ചെയ്യില്ല, ഇത് ഇടതിന് ഗുണമാണ് ചെയ്യുകയെന്നും വി എസ് സുനിൽ കുമാർ.