ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റം തുടരുന്നതിനിടെ വിജയിച്ചു വരുന്ന സ്ഥാനാർത്ഥികളെ ഹോട്ടലുകളിലേക്കു മാറ്റാൻ ബസ്സുകൾ തയാറായി നിൽക്കുന്നു. കുതിരക്കച്ചവടം തടയാൻ വേണ്ടിയാണ് കോൺഗ്രസിന്റെ നീക്കങ്ങൾ. തെലങ്കാനയിൽ വ്യക്തമായ ഭൂരിപക്ഷം നേടാനായില്ലെങ്കിൽ എംഎ‍ൽഎ.മാരെ കർണാടകയിലേക്ക് കൊണ്ടുപോകുന്നതിനായി കോൺഗ്രസ് നാലു ബസുകളാണ് ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിൽ തയ്യാറാക്കിനിർത്തിയിരിക്കുന്നത്. മുതിർന്ന നേതാവ് ശിവകുമാറും ഇതേ ഹോട്ടലിൽ തന്നെയാണ് താമസിക്കുന്നത്.

ഒരു സ്വകാര്യ ട്രാവൽ ഓപ്പറേറ്ററുടെ നേതൃത്വത്തിലുള്ള ബസ്സുകളെല്ലാം ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിലാണു സജ്ജമായി നിൽക്കുന്നത്. ഇവിടെയാണ് തെലങ്കാനയിലെ തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന് എത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും മറ്റ് എഐസിസി നിരീക്ഷകരും ക്യാംപ് ചെയ്യുന്നത്.

എക്‌സിറ്റ് പോളുകൾ കോൺഗ്രസിനു മുൻതൂക്കം പ്രവചിച്ചതിനു പിന്നാലെ റിസോർട്ടുകൾ സജ്ജമാക്കിയെന്ന വാർത്തകളാണ് പുറത്തുവന്നത്. രാവിലെ ഹൈദരാബാദിൽ എത്താൻ എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും നിർദ്ദേശം നൽകിയിരുന്നു. ഡി.കെ.ശിവകുമാർ, ദീപാ ദാസ് മുൻഷി, ഡോ.അജോയ് കുമാർ, കെ.ജെ.ജോർജ്, കെ.മുരളീധരൻ എന്നിവരെയാണ് നിയമസഭ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും കോൺഗ്രസ് തെലങ്കാനയിലേക്ക് അയച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധി വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിൽ ഡി.കെ.ശിവകുമാറും തെലങ്കാനയിലെ നേതാക്കളും പങ്കെടുത്തു. തൂക്കുസഭയാണ് വരുന്നതെങ്കിൽ ശിവകുമാറിന്റെ നേതൃത്വത്തിൽ എംഎൽഎമാരെ ഒരുമിച്ചു നിർത്താനാണ് പദ്ധതി. തെലങ്കാനയിൽ കോൺഗ്രസ് വിജയത്തിലേക്കെന്ന സൂചനകൾ പുറത്തുവരുന്ന സാഹചര്യത്തിൽ എംഎ‍ൽഎ.മാരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഒരു എംഎ‍ൽഎ.യെയോ സ്ഥാനാർത്ഥിയെയോ മറുകണ്ടം ചാടിക്കാൻ അനുവദിക്കില്ലെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ.

'എംഎൽഎമാർക്കുവേണ്ടി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവർ സുരക്ഷിതരാണ്. അവർക്ക് സംരക്ഷണം ഉറപ്പുവരുത്തും. എതിർ പാർട്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങൾ ഞങ്ങൾക്കറിയാം. ഒരു എംഎ‍ൽഎ.യോ സ്ഥാനാർത്ഥിയെയോ പോലും മറുകണ്ടം ചാടിക്കാൻ അവർക്കാവില്ല. ഒരാളുടേതല്ല, എല്ലാവരുടെയും നേതൃത്വത്തിലാണ് ഞങ്ങൾ ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതേ അജണ്ടയിൽ തന്നെ ഞങ്ങൾ തുടരും', ശിവകുമാർ മാധ്യമങ്ങളോടു പറഞ്ഞു.

'ഒരു മാറ്റത്തിനായി തെലങ്കാനയിലെ ജനങ്ങൾ തീരുമാനിച്ചെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഞാൻ വളരെ പോസിറ്റീവായ അവസ്ഥയിലാണ്. നല്ല ഭരണം കാഴ്ചവെക്കുന്ന ഒരു സർക്കാരിനെ ഞങ്ങൾ നൽകും. ബിആർഎസിലെ ആരൊക്കെ സംസാരിച്ചിട്ടുണ്ടെന്ന് ഞങ്ങളുടെ ചില സ്ഥാനാർത്ഥികൾ ഞങ്ങളെ അറിയിച്ചിട്ടുണ്ട്', അദ്ദേഹം പറഞ്ഞു. അതേസമയം തെലങ്കാനായിലെ കോൺഗ്രസ് മുഖ്യമന്ത്രി ആരാകുമെന്ന് ശിവകുമാറും വ്യക്തമാക്കിയിട്ടില്ല.