- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടത്തി കേരളാ കോൺഗ്രസ് ജോസ് കെ മാണി. സിറ്റിങ് എംപി തോമസ് ചാഴിക്കാടനാണ് സ്ഥാനാർത്ഥി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പക്ഷത്തു നിന്നും ജയിച്ച് ലോക്‌സഭയിലെത്തിയ തോമസ് ചാഴിക്കാടൻ ഇത്തവണ ഇടതുപക്ഷത്താണ്. യുഡിഎഫിൽ നിന്നും അകന്ന് ജോസ് കെ മാണിയും കൂട്ടരും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ ഇടതു മുന്നണിക്ക് വേണ്ടിയാണ് ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം. സിറ്റിങ് എംപിയായ തോമസ് ചാഴിക്കാടൻ യുഡിഎഫ് കോട്ടയായ കോട്ടയത്ത് വിജയം തുടരാനാകുമെന്നാണ് കേരളാ കോൺഗ്രസിന്റെ പ്രതീക്ഷ. പാർട്ടി ചെയർമാൻ ജോസ് കെ മാണിയാണ് പ്രഖ്യാപനം നടത്തിയത്. ഇടതു മുന്നണിയിലെ സീറ്റ് വിഭജനം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുന്നത്.
യുഡിഎഫിൽ കേരളാ കോൺഗ്രസിന് തന്നെയാണ് സീറ്റ്. പിജെ ജോസഫ് നയിക്കുന്ന കേരളാ കോൺഗ്രസിനായി ഫ്രാൻസിസ് ജോർജ് മത്സരിക്കുമെന്നാണ് സൂചന. ഇതിനൊപ്പം ബിജെപി മുന്നണിയിൽ തുഷാർ വെള്ളപ്പാള്ളിയും മത്സരിച്ചേക്കും. എൻഡിഎ സീറ്റ് ബിഡിജെഎസിനാണ്. എസ് എൻ ഡി പിയിലെ പ്രധാനി ബിജെപിക്കായി മത്സരിക്കാൻ ഇറങ്ങുന്നത് കോട്ടയത്തെ സമവാക്യങ്ങളിൽ നിർണ്ണായകമാകും. യുഡിഎഫിന്റെ കോട്ടയായ കോട്ടയത്ത് ഉമ്മൻ ചാണ്ടി എന്നും അതിശക്തനായിരുന്നു. ഉമ്മൻ ചാണ്ടിയുടെ അഭാവത്തിൽ കോട്ടയത്തെ ജന മനസ്സ് എങ്ങനെ പ്രതികരിക്കുമെന്നതും ചർച്ചകളിലുണ്ട്. കേരളാ കോൺഗ്രസ് പിളർന്ന് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്ത് പോയിട്ടും പിജെ ജോസഫിന് സീറ്റ് കൊടുക്കുന്നതും മുന്നണിയിലെ കെട്ടുറപ്പിന് വേണ്ടിയാണ്. തുഷാർ കൂടി എത്തുമ്പോൾ കോട്ടയത്ത് ചരിത്രത്തിൽ ആദ്യമായി അതിശക്തമായ ത്രികോണ പോരുണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ഏതായാലും തോമസ് ചാഴിക്കാടൻ വോട്ട് അഭ്യർത്ഥന തുടങ്ങുകായണ്. ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതും പ്രചരണത്തിലെ മുൻതൂക്കം കിട്ടാൻ വേണ്ടി കൂടിയാണ്. ഇനിയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. കേരളാ കോൺഗ്രസ് പിജെ ജോസഫ് വിഭാഗത്തിൽ ഒന്നിലധികം സ്ഥാനാർത്ഥി മോഹികളുണ്ട്. എന്നാലും ഇടക്കിയിലെ മുൻ എംപിയായ ഫ്രാൻസിസ് ജോർജിന് തന്നെ സീറ്റ് കൊടുക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ പിജെ ജോസഫും മോൻസ് ജോസഫും കൂടിയാലോചനകളിലാണ്.
കഴിഞ്ഞ ദിവസം ചേർന്ന എൽ.ഡി.എഫ്. യോഗത്തിൽ സീറ്റ് വിഭജനം പൂർത്തിയാകുകയും കോട്ടയം സീറ്റ് മാത്രം കേരളാ കോൺഗ്രസി(എം)ന് എന്നു തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇന്നു കോട്ടയത്തു ചേർന്ന കേരളാ കോൺഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി യോഗം തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയാണ്. രണ്ടാം തവണയാണു തോമസ് ചാഴികാടൻ ലോക്സഭയിലേക്കു മത്സരിക്കുന്നത്. നേരത്തേ 1991 മുതൽ നാലു തവണ ഏറ്റുമാനൂരിൽനിന്നുള്ള നിയമസഭാംഗമായിരുന്നു. 2011, 2016 വർഷങ്ങളിൽ ഏറ്റുമാനൂരിൽ പരാജയപ്പെടുകയും ചെയ്തു. രണ്ടിലയിൽ വീണ്ടും കോട്ടയത്ത് ചാഴിക്കാടന് ജയിക്കാനാകുമെന്നാണ് കേരളാ കോൺഗ്രസ് വിലയിരുത്തൽ.
നേരത്തേ തന്നെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ചാഴികാടൻ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചിരുന്നു. ഏഴു നിയമസഭാ മണ്ഡലങ്ങളിലെ എൽ.ഡി.എഫ്. നേതൃ യോഗങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. എൽ.ഡി.എഫിന്റെ താഴേത്തട്ടിലുള്ള ഘടകങ്ങളിൽ വരെ പ്രചാരണം ആരംഭിക്കാനുള്ള നിർദ്ദേശവും നൽകിയിരുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു മുമ്പായി എംപി. ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനത്തിരക്കിലാണ് ചാഴികാടൻ. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായാൽ പിന്നാലെ, പരസ്യപ്രചാരണം ആരംഭിക്കാനുള്ള ഒരുക്കങ്ങളും പാർട്ടി പൂർത്തിയാക്കിയതായി നേതൃത്വം അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റു കൂടി വേണമെന്ന് കേരള കോൺഗ്രസ് എൽഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇടുക്കി, പത്തനംതിട്ട സീറ്റുകളിൽ ഒന്നിലായിരുന്നു പാർട്ടി കണ്ണുവെച്ചിരുന്നത്. എന്നാൽ നിലവിലെ സീറ്റുകളുടെ അനുപാതത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് ഇടതുമുന്നണിയിലെ ധാരണ.