പത്തനംതിട്ട: പാർലമെന്റ് മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസ് ആണ് വിജയിച്ചത്. 2009, 14, 19 വർഷങ്ങളിൽ ആന്റോ ആന്റണിക്ക് എതിരുണ്ടായിരുന്നില്ല. കഴിഞ്ഞ തവണ മാത്രം ശബരിമല വിഷയത്തിന്റെ പേരിൽ ബിജെപി ശക്തികാണിച്ചപ്പോൾ ആന്റോയുടെ ഭൂരിപക്ഷം കുറഞ്ഞ് നാൽപ്പത്തി ആറായിരത്തിലേക്ക് വന്നു. ഇക്കുറി പത്തനംതിട്ട പിടിക്കാൻ സിപിഎം അരയും തലയും മുറുക്കി രംഗത്തുണ്ട്. ആന്റോയുടെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി വോട്ടു പിടിക്കാനും നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും വിജയിച്ചു കയറാനുമുള്ള ശ്രമത്തിലാണ് സിപിഎം. കേന്ദ്രകമ്മറ്റിയംഗവും മുൻധനമന്ത്രിയുമായ തോമസ് ഐസക്കാകും ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിരുന്നു. അതനുസരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം സിപിഎം പരോക്ഷമായി തുടങ്ങി കഴിഞ്ഞു.

ഇതിന്റെ ഭാഗമായി നാലു ദിവസം നീണ്ടു നിൽക്കുന്ന മൈഗ്രേഷൻ കോൺക്ലേവ് ഇന്നലെ തിരുവല്ലയിൽ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ പിണറായി കുമ്പനാട് നടക്കുന്ന ഐപിസി (ഇന്ത്യൻ പെന്തക്കോസ്തൽ ചർച്ച്) ജനറൽ കൺവൻഷനിലും പങ്കെടുത്തു. ഇത്തരമൊരു നടപടി സിപിഎമ്മിൽ ആദ്യമാണ്. ഐപിസിക്കും മറ്റ് പെന്തക്കോസ്തൽ സഭകൾക്കും പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ഗണ്യമായ വോട്ടുണ്ട്. ഇതിന്റെ വലിയൊരു ശതമാനം ആന്റോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മത്സരിക്കാൻ തയാറായിരുന്ന മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഇതിന് മുന്നോടിയായി പിൽഗ്രിം ടൂറിസത്തിൽ ഉൾക്കൊള്ളിച്ച് കുമ്പനാട് കൺവൻഷന് ഫണ്ട് അനുവദിച്ചിരുന്നു.

അൽഫോൻസ് കണ്ണന്താനത്തതിന് സീറ്റ് ലഭിച്ചില്ല. കെ. സുരേന്ദ്രൻ ആയിരുന്നു എൻഡിഎ സ്ഥാനാർത്ഥി. എന്തായാലും പെന്തക്കോസ്ത് വോട്ടുകൾ ഇതു കൊണ്ട് ചോർന്നില്ല. അത് ആന്റോയ്ക്ക് തന്നെ ലഭിച്ചു. മാത്രവുമല്ല, ഐപിസി സഭയ്ക്കുള്ളിൽ രണ്ടു വിഭാഗങ്ങളും ശക്തമായിട്ടുണ്ട്. ഈ സാഹചര്യം മുൻകൂട്ടിക്കണ്ടാണ് ഐപിസി കൺവൻഷനിലേക്ക് ഏവരെയും അമ്പരപ്പിച്ചു കൊണ്ട് പിണറായി എത്തിയത്.

പ്രവാസികളെ കേന്ദ്രീകരിച്ചു നാലു ദിവസം തിരുവല്ലയിൽ സംഘടിപ്പിക്കുന്ന മൈഗ്രേഷൻ കോൺക്ലേവിലൂടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കൂടി സിപിഎം തുടക്കമിട്ടു. എൽഡിഎഫിന്റെ എല്ലാ കക്ഷി നേതാക്കളും മന്ത്രിമാരും വേദിയിൽ സന്നിഹിതരായി. തിരുവനന്തപുരം എകെജി പഠന ഗവേഷണ കേന്ദ്രവും പത്തനംതിട്ട വി എസ്.ചന്ദ്രശേഖരപിള്ള പഠന ഗവേഷണവും സംയുക്തമായിട്ടാണ് മൈഗ്രേഷൻ കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഡോ.ടി.എം. തോമസ് ഐസക് നേതൃത്വം നൽകുന്ന സംഘാടക സമിതിയാണ് പരിപാടിയുടെ ചുക്കാൻ പിടിക്കുന്നത്. ജില്ലയിലെ പ്രവാസി കുടുംബങ്ങളിലെല്ലാം പരിപാടിയുടെ പ്രചാരണം എത്തിക്കഴിഞ്ഞു. 1.20 ലക്ഷത്തിലധികം ആളുകളെ ഓൺലൈനായി പരിപാടിയിൽ പങ്കെടുപ്പിക്കാൻ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്. 3000 പേരെ നേരിട്ടും പങ്കെടുപ്പിക്കും. വിദേശത്തെ എല്ലാ രാജ്യങ്ങളിലുമുള്ള പ്രവാസികൾക്ക് പങ്കാളിത്തം നല്കിക്കൊണ്ടുള്ള പരിപാടിയിലൂടെ പത്തനംതിട്ട ജില്ലയിലെ പ്രവാസി കുടുംബങ്ങളെ സ്വാധീനിക്കാമെന്നതാണ് സിപിഎം ലക്ഷ്യം.

സമീപകാലത്ത് എൽഡിഎഫിനു ജില്ലയിലുണ്ടായിട്ടുള്ള മുന്നേറ്റം ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിലും പ്രകടമാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളും 2021ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. ജില്ലാ പഞ്ചായത്ത് ഭരണവും 2020ൽ കൈപ്പിടിയിലൊതുക്കി. പിന്നീടു നടന്ന പല തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും മെച്ചപ്പെട്ട നേട്ടമുണ്ടാക്കി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 46000 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ഏറെ ജ്വലിച്ചു നിന്ന കാലയളവിൽ പോലും ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിൽ യുഡിഎഫിനെ വിറപ്പിക്കാനായെന്ന് എൽഡിഎഫ് കരുതുന്നു.

ബിജെപി ആ തെരഞ്ഞെടുപ്പിൽ 2.97 ലക്ഷം വോട്ടുകൾ നേടുകയും ചെയ്തു. എൽഡിഎഫിന് 3.36 ലക്ഷം വോട്ടുകളും യുഡിഎഫിന് 3.80 ലക്ഷം വോട്ടുകളുമാണ് ലഭിച്ചത്. 2009ൽ ഒരുലക്ഷത്തിലധികം വോട്ടുകൾക്കും 2014ൽ അന്പതിനായിരം വോട്ടുകൾക്കും പരാജയപ്പെട്ട മണ്ഡലത്തിൽ 2019ൽ യുഡിഎഫിന്റെ ഭൂരിപക്ഷം വീണ്ടും കുറച്ചുവെന്നതാണ് എൽഡിഎഫിന്റെ പ്രതീക്ഷ.