- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതു സ്ഥാനാർത്ഥിയിൽ നിന്നും വിശദീകരണം തേടി
പത്തനംതിട്ട: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കലക്ടർ. ജില്ലാ കളക്ടറാണ് തിരഞ്ഞെടുപ്പിൽ ജില്ലാ വരണാധികാരി. ഈ സാഹചര്യത്തിലാണ് ഇടപടെൽ. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് തോമസ് ഐസക്കിനോട് നിർദ്ദേശിച്ചിട്ടുള്ളത്.
യുഡിഎഫ് ആണ് മുൻ മന്ത്രി കൂടിയായ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിനെതിരെ പരാതി നൽകിയത്. കുടുംബശ്രീ പ്രവർത്തകരെ വിളിച്ചു കൂട്ടി വായ്പ വാഗ്ദാനം ചെയ്തു, കെ ഡിസ്‌ക് എന്ന സർക്കാർ പദ്ധതി വഴി കൺസൾട്ടന്റുമാരെ നിയോഗിച്ച് തൊഴിൽ വാഗ്ദാനം ചെയ്തു വോട്ടു തേടുന്നു എന്നീ പരാതികളാണ് യുഡിഎഫ് ഉന്നയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടർ തോമസ് ഐസക്കിനോട് വിശദീകരണം തേടിയത്. സർക്കാർ സംവിധാനങ്ങളെ ഏതെങ്കിലും തരത്തിൽ ദുരുപയോഗം ചെയ്ത് പ്രചാരണം നടത്തുന്നത് മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് ജില്ലാ കലക്ടർ നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
കെ ഡിസ്‌ക് പദ്ധതി തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയതാണെന്നും, അതിന്റെ ഉപദേഷ്ടാവ് മാത്രമാണ് താനെന്നുമാണ് തോമസ് ഐസക്ക് നേരത്തെ വിശദീകരിച്ചിരുന്നത്. ഐസക് നൽകുന്ന വിശദീകരണം നിർണ്ണായകമാകും. ആന്റോ ആന്റണി ഹാട്രിക് വിജയം നേടിയ മണ്ഡലം ഏതുവിധവും തിരിച്ചുപിടിക്കാനുള്ള തീരുമാനത്തിലാണ് സിപിഎം തോമസ് ഐസക്കിനെ പത്തനംതിട്ടയിൽ എത്തിച്ച് കളം കൊഴുപ്പിക്കുന്നത്. ബിജെപിക്കായി അനിൽ ആന്റണിയും ശക്തമായ പ്രചരണവുമായി രംഗത്തുണ്ട്. ത്രികോണം കൊഴുക്കുന്ന പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിലെ തുടർ നടപടികൾ നിർണ്ണായകമാകും.
തോമസ് ഐസക്കാകും പത്തനംതിട്ടയിലെന്ന സൂചന നേരത്തേ തന്നെയുണ്ടായിരുന്നു. സിപിഎം ജില്ല ഘടകത്തിന്റെ ചുമതലയുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ ഒരുവർഷത്തിലേറെയായി പത്തനംതിട്ടയിലെ വിവിധ മേഖലകളിൽ സജീവമായിരുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അടൂരിലൊഴികെ യു.ഡി.എഫിനായിരുന്നു ലീഡ്. നിയമസഭ തെരഞ്ഞെടുപ്പ് എത്തിയപ്പോഴേക്കും ഏഴ് മണ്ഡലങ്ങളും എൽ.ഡി.എഫ് പക്ഷത്തേക്ക് എത്തി.