പത്തനംതിട്ട: ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ വ്യക്തിഗത വിവരങ്ങളിൽ തടസവാദം ഉന്നയിച്ച് യുഡിഎഫിന്റെയും എൻഡിഎയുടെയും തെരഞ്ഞെടുപ്പ് ഏജന്റുമാർ. വ്യക്തിഗത വിവരങ്ങൾ എഴുതാനുള്ള കോളങ്ങളിൽ സ്പൗസ് നെയിം (പങ്കാളിയുടെ പേര്) എന്ന ഭാഗത്ത് നോട്ട് ആപ്ലിക്കബിൾ (ബാധകമല്ല) എന്നാണ് തോമസ് ഐസക്ക് എഴുതിയിരുന്നത്.

തോമസ് ഐസക്ക് വിവാഹിതനാണെങ്കിൽ അതോ അല്ലെങ്കിൽ അതോ വിവാഹ ബന്ധം വേർപെടുത്തിയതാണെങ്കിൽ അക്കാര്യമോ എഴുതണമെന്നാണ് എൻഡിഎ-യുഡിഎഫ് തെരഞ്ഞെടുപ്പ് ഏജന്റുമാർ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം രേഖപ്പെടുത്താത്ത പത്രിക അസാധുവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ തോമസ് ഐസക്കിനോട് വിശദീകരണം തേടുന്നതിന് നോട്ടീസ് നൽകുമെന്ന് വരണാധികാരി അറിയിച്ചു. സ്പൗസുമായി ബന്ധപ്പെട്ട കോളങ്ങൾ എല്ലാം തന്നെ ഐസക്ക് നോട്ട് ആപ്ലിക്കബിൾ എന്നാണ് പൂരിപ്പിച്ചിരിക്കുന്നത്. ആന്റോ ആന്റണിയുടെ ഭാര്യ നൽകിയിരിക്കുന്ന സ്വത്തു വിവരത്തിൽ സംശയങ്ങൾ ഉണ്ടെന്ന് തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് ഏജന്റും ആക്ഷേപം ഉന്നയിച്ചു. ഇക്കാര്യത്തിൽ ആന്റോയ്ക്കും നോട്ടീസ് നൽകുമെന്ന് വരണാധികാരി അറിയിച്ചു. ഇരുവരുടെയും പത്രികകൾ അംഗീകരിച്ചിട്ടുണ്ട്.

പീിപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യയുടെ പേരിൽ ജോയ് പി. മാത്യു നൽകിയ പത്രികയുടെ പേരിലും തർക്കമുണ്ടായി. ഇദ്ദേഹം ഒരു സെറ്റ് പത്രിക സ്വതന്ത്രനായിട്ടും മറ്റൊന്ന് പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യയുടെ പേരിലുമാണ് നൽകിയത്. ഇതാണ് തർക്കത്തിന് ഇടയാക്കിയത്.എല്ലാ പത്രികകളും അംഗീകരിച്ചു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഏപ്രിൽ എട്ടാണ്.