- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിൽ തോമസ് ഐസക്ക് പത്രിക സമർപ്പിച്ചു
പത്തനംതിട്ട: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. റ്റി. എം തോമസ് ഐസക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ 11 മണിയോടുകൂടി വണാധികാരിയായ ജില്ലാ കലക്ടർ പ്രേം കൃഷ്ണൻ മുമ്പാകെയാണ് പത്രിക നൽകിയത്. തോമസ് ഐസക്കിന് സ്വന്തമായി വീടും ഭൂമിയുമില്ല. ആകെയുള്ള സ്വത്തായി അദ്ദേഹം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇരുപതിനായിരത്തോളം പുസ്തകങ്ങളാണ്. അത് സൂക്ഷിച്ചിരിക്കുന്നതാകട്ടെ അദ്ദേഹം താമസിക്കുന്ന അനിയന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ വീട്ടിലാണ്. ഇതിന് 9.60 ലക്ഷം രൂപയുടെ മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്.
നാലു തവണ എംഎൽഎയും രണ്ടു തവണ ധനമന്ത്രിയുമായിരുന്നു ഡോ. തോമസ് ഐസക്ക്. ഇപ്പോൾ സിപിഎം കേന്ദ്രകമ്മറ്റി അംഗമാണ്. തിരുവനന്തപുരത്ത് ട്രഷറി സേവിങ്സ് ബാങ്കിൽ ആറായിരം രൂപയും പെൻഷനഴ്സ് ട്രഷറി അക്കൗണ്ടിൽ 68,000 രൂപയും തിരുവനന്തപുരം സിറ്റിയിലെ എസ്.ബി.ഐ എസ്.ബി അക്കൗണ്ടിൽ 39,000 രൂപയും കെ.എസ്.എഫ്.ഇയുടെ സ്റ്റാച്യു ബ്രാഞ്ചിൽ സുഗമ അക്കൗണ്ടിൽ 36,000 രൂപയും ഇതേ ബ്രാഞ്ചിൽ സ്ഥിരനിക്ഷേപമായി 1.31 ലക്ഷം രൂപയുമാണ് തോമസ് ഐസക്കിന്റെ നിക്ഷേപം. കെ.എസ്.എഫ്.ഇയുടെ ഇതേ ബ്രാഞ്ചിൽ ചിട്ടിയുടെ 17 തവണയായി 77,029 രൂപയോളം അടച്ചിട്ടുണ്ട്. ഇതെല്ലാം കൂടി 3,58,909 രൂപയുണ്ട്.
കൈവശമുള്ളത് 10,000 രൂപയാണ്. കൂടാതെ മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ 10,000 രൂപയുടെ ഓഹരിയുമുണ്ട്. ആകെ ആസ്തി 13,38,909 രൂപയാണ്. മന്ത്രി വീണാ ജോർജ്, പാർലമെന്റ് മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ചിറ്റയം ഗോപകുമാർ എംഎൽഎ മാരായ മാത്യു റ്റി. തോമസ്, പ്രമോദ് നാരായണൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. കണ്ണങ്കര അബാൻ ടവറിന് പരിസരത്ത് നിന്ന് ആയിരക്കണക്കിന് എൽ.ഡി.എഫ് പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തിനൊപ്പം തുറന്ന ജീപ്പിൽ വോട്ടർമാരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് സ്ഥാനാർത്ഥി കളക്റ്റ്രേറ്റ് പടിക്കൽ വരെ എത്തിയത്. തുടർന്ന് ജില്ലയിലെ എംഎൽഎ മാർക്കൊപ്പം കളക്റ്റ്രേറ്റിൽ എത്തിയാണ് പത്രിക സമർപ്പിച്ചത്.
അബാൻ ടവറിന് സമീപത്തുനിന്നും ആരംഭിച്ച പ്രകടനത്തിന് മന്ത്രി വി.എൻ വാസവൻ, അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ, സിപിഐ.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി രാജു എബ്രഹാം, കൺവീനർ അലക്സ് കണ്ണമല, സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ നായർ, കെ.സി.രാജഗോപാലൻ, അനു ചാക്കോ, എ.പത്മകുമാർ, പി.ജെ അജയകുമാർ, അഡ്വ.ആർ സനൽകുമാർ, പി.ബി.ഹർഷകുമാർ, റ്റി.ഡി ബൈജു, അഡ്വ.ഓമല്ലൂർശങ്കരൻ, പി.ആർ പ്രസാദ്, എസ്. നിർമ്മലാ ദേവി, ആർ.ഉണ്ണികൃഷ്ണപിള്ള, അഡ്വ.ആനി സ്വീറ്റി, അഡ്വ.കെ അനന്തഗോപൻ, എം വി സഞ്ജു, ശരത്ത് ചന്ദ്രൻ, സുമേഷ്, കെ.ഐ.ജോസഫ്, ബി.ഷാഹുൽ ഹമീദ്, മാത്യൂസ് ജോർജ്ജ്, ചെറിയാൻ ജോർജ്ജ് തമ്പു, രാജു നെടുവമ്പുറം, മനോജ് മാധവശ്ശേരി, വർഗ്ഗീസ് മുളക്കൽ, റോഷൻ റോയി മാത്യു, പി.കെ.ജേക്കബ്, ചെറിയാൻ പോളചിറക്കൽ, സജു മീക്കായേൽ, ബി.ഹരിദാസ്, എൻ. സജികുമാർ, മാത്യൂസ് ജോർജ്ജ്, നിസാർ നൂർമഹൽ, റ്റി.വി.സ്റ്റാലിൻ, എ.എൻ.സലീം, ആർ. ജ്യോതികുമാർ, മായാ അനിൽ കുമാർ. എന്നിവർ നേതൃത്വം നൽകി.