കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ഇന്ത്യാ സഖ്യത്തെ തകർത്തു കൊണ്ട് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പശ്ചിമബംഗാളിലെ 42 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് സ്ഥാനാർത്ഥികളുടെ പേര് പ്രഖ്യാപിച്ചത്.

പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഡയമണ്ട് ഹാർബറിൽ നിന്നും ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ട മഹുവ മൊയ്ത്ര കൃഷ്ണ നഗറിൽ നിന്നും മത്സരിക്കും. മുൻ ക്രിക്കറ്റ് താരം യൂസുഫ് പത്താൻ ബഹറംപൂരിൽ നിന്നാണ് ജനവിധി തേടുക. ബഹറംപൂരിൽ അധിർ രഞ്ജൻ ചൗധരിയാണ് യൂസുഫ് പത്താന്റെ എതിരാളി.

മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദ് ദുർഗാപൂരിലും സിനിമ താരം ശത്രുഘ്നൻ സിൻഹ അസൻസോളിലും മത്സരിക്കും. ഡാർജിലിങിൽ ഗോപാൽ ലാമയും മുർഷിദാബാദിൽ അബു താഹിർഖാനുമാണ് സ്ഥാനാർത്ഥികൾ. തൃണമൂലിന്റെ പോരാട്ടം ബിജെപിക്കെതിരെ മാത്രമല്ല, കോൺഗ്രസിനും സിപിഎമ്മിനും എതിരായി കൂടിയാണെന്നാണ് തൃണമൂൽ നേതാക്കൾ പറയുന്നത്.

യൂസഫ് പത്താൻ മത്സരിക്കുന്ന ബെഹ്‌റാംപൂരിൽ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള വിവരം കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ചൗധരിക്കാണ് കൂടുതൽ സാദ്ധ്യത. കഴിഞ്ഞ അഞ്ച് തവണയും ബെഹ്‌റാംപൂരിലെ പ്രതിനിധീകരിച്ച് മത്സരിച്ച നേതാവാണ് ചൗധരി. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രണ്ടിൽ നടന്ന പരിപാടിയിൽ പാർട്ടിയിൽ ചേർന്നതിന് പിന്നാലെയാണ് യൂസഫിന്റെ സ്ഥാനാർത്ഥിത്വം തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചത്.

മുൻ ക്രിക്കറ്റ് താരം കീർത്തി അസാദ് ബർദമാൻ ദുർഗാപുരിൽ മത്സരിക്കും. നിലവിൽ ബിജെപിയുടെ എസ്.എസ്. അലുവാലിയയാണ് ഇവിടുത്തെ എംപി. ജൽപായ്ഗുരിയിൽ നിർമൽ ചന്ദ്ര റോയ് മത്സരിക്കും. ഡാർജിലിങ്ങിൽ ഗോപാൽ ലാമയും ബരക്പുരിൽ പാർഥ ഭൗമിക്കും ഡുംഡുമിൽ സൗഗത റോയും ബസിർഹട്ടിൽ ഹാജി നൂറുൽ ഇസ്ലാമും മത്സരിക്കും. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ മത്സരിക്കും. ജാദവ്പുരിൽ സയോനി ഘോഷാണ് സ്ഥാനാർത്ഥി. ശ്രീരാംപുരിൽ കല്യാൺ ബാനർ ജനവിധി തേടും.

സന്ദേശ്ഖലി ഉൾപ്പെടുന്ന മണ്ഡലമാണ് ബസിർഹട്ട്. ഇവിടെ നുസ്റത്ത് ജഹാനെ മാറ്റിയാണ് ഹാജി നൂറുൽ ഇസ്ലാമിനെ മത്സരിപ്പിക്കുന്നത്. യുവനേതാവും വക്താവുമായ ദേബാൻശുഭട്ടാചാര്യ മത്സരിക്കുന്ന തംലൂകിൽ മുൻ ബി.സി.സിഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലി മത്സരിച്ചേക്കുമെന്ന് അവസാനനിമിഷംവരെ അഭ്യൂഹമുണ്ടായിരുന്നു. അഭിഷേക് ബാനർജി സിറ്റിങ് സീറ്റിലാണ് മത്സരിക്കുന്നത്. തൃണമൂലിന്റെ യുവജന വിഭാഗം അധ്യക്ഷയാണ് സയോനി ഘോഷ്.

ബംഗാളിന് പുറമേ അസമിലും തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്കുമത്സരിക്കുമെന്ന് മമത ബാനർജി അറിയിച്ചു. ഉത്തർപ്രദേശിൽ എസ്‌പിയുമായി ചർച്ചകൾ തുടരുകയാണ്. അതേസമയം, ബംഗാളിൽ ഒറ്റയ്ക്കു മത്സരിക്കാനുള്ള തൃണമൂലിന്റെ നീക്കത്തിൽ അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തി. തൃണമൂലുമായി പരസ്പരബഹുമാനത്തോടെയുള്ള സീറ്റ് വിഭജനത്തിനായി കോൺഗ്രസ് ശ്രമിച്ചിരുന്നെന്നും ഏകപക്ഷീയമായ പ്രഖ്യാപനങ്ങളിലൂടെയല്ല ചർച്ചകളിലൂടെയാണ് അത്തരം നീക്കുപോക്കുകൾ ഉണ്ടാവേണ്ടതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.