- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുപ്പള്ളിയിലെ കാര്യം പോട്ടെ അങ്ങ് ത്രിപുരയിലോ? വടക്കുകിഴക്കൻ സംസ്ഥാനത്ത് രണ്ടുസീറ്റിൽ ബിജെപിക്ക് തകർപ്പൻ ജയം; സിറ്റിങ് സീറ്റായ ബോക്‌സാനഗറിൽ സിപിഎമ്മിന് ദയനീയ പരാജയം; പഴയ ഇടതുകോട്ടയിൽ കമ്യൂണിസ്റ്റുകളുടെ വഴി അടഞ്ഞെന്ന് ബിജെപി
അഗർത്തല: പുതുപ്പള്ളിയിൽ മാത്രമല്ല, അങ്ങ് ത്രിപുരയിലും, സിപിഎമ്മിന് തിരിച്ചടി. പുതുപ്പള്ളിയിൽ കോൺഗ്രസിനോടാണെങ്കിൽ ത്രിപുരയിൽ ബിജെപിയോടാണെന്ന വ്യത്യാസം മാത്രം. ത്രിപുരയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ധൻപൂർ, ബോക്‌സാനഗർ സീറ്റുകളിൽ മികച്ച ഭൂരിപക്ഷത്തിനാണ് ബിജെപി സിപിഎമ്മിനെ മലർത്തിയടിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റാണ് ധൻപൂർ. ബോക്‌സാനഗർ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്നു.
66 ശതമാനം ന്യൂനപക്ഷ വോട്ടർമാരുള്ള ബോക്‌സാനഗറിൽ ബിജെപിയുടെ തഫാജ്ജൻ ഹുസൈൻ 30,237 വോട്ടുകൾക്കാണ് ജയിച്ചത്. ഹുസൈന് 34,146 വോട്ടുകിട്ടിയപ്പോൾ, അടുത്ത എതിരാളിയായ സിപിഎമ്മിലെ മിസാൻ ഹുസൈന് 3909 വോട്ടുമാത്രമാണ് കിട്ടിയത്. ബോക്‌സാനഗറിൽ സിപിഎമ്മിന്റെ ഷംസുൽ ഹഖാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നത്. 4,849 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. അദ്ദേഹത്തിന്റെ മരണത്തെ തുടർന്നാണ് മകൻ മിസാൻ ഹുസൈൻ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായത്.
ഗോത്രവർഗ്ഗക്കാർ ഭൂരിപക്ഷമായ ധൻപൂരിൽ ബിജെപിയുടെ ബിന്ദു ദേബ്‌നാഥ് 18,871 വോട്ടുകൾക്കാണ് ജയിച്ചത്. ദേബ്‌നാഥിന് 30,017 വോട്ടുകൾ കിട്ടിയപ്പോൾ, തൊട്ടടുത്ത എതിരാളിായ സിപിഎമ്മിലെ കൗശിക് ചന്ദയ്ക്ക് 11,146 വോട്ടുകൾ കിട്ടി. 2023ലെ തെരഞ്ഞെടുപ്പിൽ 3500 വോട്ടിനാണ് ബിജെപിയുടെ പ്രതിമ ഭൗമിക് ഇവിടെ സിപിഎം സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. പ്രതിമ ഭൗമിക് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
അതേസമയം, ഉപതിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്. തുടർന്ന് വോട്ടെണ്ണൽ ബഹിഷ്‌കരിക്കുകയും ചെയ്തു. ബോക്‌സാനഗറിൽ വ്യാപക അക്രമം നടന്നതായും ബൂത്തുകൾ പിടിച്ചെടുത്തതായും സിപിഎം ചൂണ്ടിക്കാട്ടി. വോട്ടെടുപ്പ് വീണ്ടും നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിരുന്നില്ല.
ഒരുകാലത്ത് ഇടതുകോട്ടയായി അറിയപ്പെട്ടിരുന്ന ത്രിപുരയിലെ ജയം ബിജെപി ആഘോഷിച്ചു. ഈ വടക്കുകിഴക്കൻ സംസ്ഥാനത്ത് കമ്യൂണിസ്റ്റുകാരുടെ വഴി അടഞ്ഞെന്നാണ് ബിജെപി നേതാക്കൾ പരിഹസിച്ചത്.
മറുനാടന്‍ മലയാളി ബ്യൂറോ