- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ട്വന്റി 20
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രണ്ട് സിറ്റിങ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു സാബു എം ജേക്കബിന്റെ ട്വന്റി 20 പാർട്ടി. ചാലക്കുടിയിൽ അഡ്വ. ചാർലി പോളും എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയുമാണ് സ്ഥാനാർത്ഥികൾ. ഞായറാഴ്ച്ച കിഴക്കമ്പലത്തുനടന്ന മഹാസംഗമത്തിലാണ് പ്രസിഡണ്ട് സാബു എം. ജേക്കബ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ട്വന്റി 20 സ്ഥാനാർത്ഥികൾ മത്സര രംഗത്ത് ഇറങ്ങിയതോടെ കോൺഗ്രസിന് മത്സരം കൂടുതൽ കടുപ്പമുള്ളത് ആകുകയാണ്.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കേരളരഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറയ്ക്കുമെന്ന് ട്വന്റി20 പാർട്ടി പ്രസിഡണ്ട് സാബു എം. ജേക്കബ് പറഞ്ഞു. ചാലക്കുടിയിലും എറണാകുളത്തും ഉറച്ച വിജയപ്രതീക്ഷയാണുള്ളതെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു. ഇതുവരെ നമ്മൾ തിരഞ്ഞെടുത്തുവിട്ട എംപി.മാർ ഹൈമാസ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും ഉത്ഘാടന പരിപാടികൾ നടത്തുന്നതിനുമപ്പുറത്തു ജനങ്ങൾക്കുവേണ്ടി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
ട്വന്റി20 പാർട്ടിസ്ഥാനാർത്ഥികളെ ജയിപ്പിച്ചാൽ ഒരു എംപി. എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നും ഒരു എംപി.ക്ക് മണ്ഡലത്തിൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് രാജ്യത്തിനുതന്നെ മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുമെന്നും സാബു എം. ജേക്കബ് ഉറപ്പുനൽകി. ട്വന്റി20 പാർട്ടിസ്ഥാനാർത്ഥികൾ വിജയിച്ചാൽ കൊച്ചിനഗരത്തെ മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ വൻനഗരങ്ങളോട് കിടപിടിക്കുന്ന മെട്രോനഗരമാക്കി മാറ്റും. അവർ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉണ്ടാകില്ല, മറിച്ചു ജനപക്ഷത്തുനിന്നുകൊണ്ട് പ്രവർത്തിക്കുമെന്നും ട്വന്റി20 പ്രസിഡണ്ട് സാബു എം. ജേക്കബ് പറഞ്ഞു.
ചാലക്കുടിയിൽ മത്സരിക്കുന്ന അഡ. ചാർലി പോൾ മലയാറ്റൂർ നീലീശ്വരം സ്വദേശിയാണ്. 60 വയസുള്ള അദ്ദേഹം അഭിഭാഷകനെന്ന നിലയിൽ പ്രഗത്ഭനാണ്. മികച്ച വാഗ്മിയായിരുന്ന അദ്ദേഹം കാലടി ശ്രീശങ്കരാ കോളേജ് യൂണിയൻ ചെയർമാൻ (1984)യും പ്രവർത്തിച്ചു. സംസ്ഥാന മദ്യവിരുദ്ധ സമിതിയുടെ വക്താവായും പ്രവർത്തിച്ചു. എറണാകുളം - അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി സ്ഥാനങ്ങളും പ്രവർത്തിച്ചിട്ടുണ്ട്. 35 വർഷത്തിനുള്ളിൽ 10-ലക്ഷത്തോളം ആളുകളെ വിവിധ മേഖലകളിൽ പരിശീലിപ്പിച്ചിട്ടുണ്ട്. പത്തിലേറെ പുസ്തകങ്ങൾ രചിച്ച വ്യക്തി കൂടിയാണ് അഡ്വ. ചാർലി പോൾ.
ഏറണാകുളം സ്ഥാനാർത്ഥിയായി യുവരക്തത്തെയാണ് ഇറക്കിയിരിക്കുന്നത്. എറണാകുളം അഡ്വ. ആന്റണി ജൂഡി തേവ സ്വദേശിയാണ്. 28 വയസു പ്രായമുള്ള അദ്ദേഹം അഭിഭാഷകനാണ്. ഐസിവൈഎം ദേശീയ പ്രസിഡണ്ട്, ഐസിവൈഎം ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ദുബായിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ COP28 കാലാവസ്ഥാവ്യതിയാന ഉച്ചകോടിയിൽ നിരീക്ഷകനായി പങ്കെടുത്തു വവ്യക്തിയാണ് ജൂഡി. 2023-ൽ പോർട്ടുഗലിൽ നടന്ന ലോകയുവജനസമ്മേളനത്തിൽ ഇന്ത്യയുടെ പതാകാവാഹകനായും പ്രവർത്തിച്ചു.
ട്വന്റി 20 സ്ഥാനാർത്ഥികൾ രംഗത്തിറങ്ങിയത് കോൺഗ്രസിനാണ് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത്. സാബു ജേക്കബ് ബിജെപി സ്ഥാനാർത്ഥിയാകുമെന്ന പ്രചരണവും ഇതോടെ അപ്രസക്തമായി. ിജെപിക്കാരൻ സീറ്റ് ഓഫർ ചെയ്താൽ അത് കണ്ട് ചാടുന്നവൻ അല്ല താനെന്ന് സാബു സമ്മേളനത്തിൽ പറഞ്ഞു. സുരേന്ദ്രനെ ജീവിതത്തിൽ ഇന്നേ വരെ നേരിൽ കണ്ടിട്ടില്ല. തനിക്ക് ബിജെപിയുടെയോ സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ സീറ്റ് കിട്ടാൻ ഒരു പ്രയാസവുമില്ലെന്നും സാബു ജേക്കബ് പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അതിന് ഒരാഴ്ച മുൻപ് മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ചില ചാനലുകൾ എന്നെ സംഘിയാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സിപിഎം നേതാക്കൾ വീട്ടിൽ വന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വിഡി സതീശൻ എന്നിവർ 5 സീറ്റുകൾ ഓഫർ ചെയ്തിരുന്നു. പി രാജീവും സിപിഐഎം ജില്ലാ സെക്രട്ടറിയും അടക്കമുള്ള നേതാക്കൾ അഞ്ചു തവണ വീട്ടിൽ വന്ന് ചർച്ച ചെയ്തിട്ടുണ്ട്. ഇല്ല എന്ന് അവർ പറഞ്ഞാൽ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിടാമെന്നും സാബു ജേക്കബ് വെല്ലുവിളിച്ചു.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയും സാബു ജേക്കബ് പ്രതികരിച്ചു. പിണറായി വിജയന്റെ കൂടെ എല്ലാ വിദേശ യാത്രക്കും താനും പോയിട്ടുണ്ട്. വിദേശത്തു ചികിത്സയിൽ കിടന്നപ്പോൾ മൂത്രമൊഴിപ്പിക്കാനും തിരികെ കിടത്താനും താനേ ഉണ്ടായിരുന്നുള്ളു. അതിന്റെ നന്ദി പിണറായി വിജയൻ കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഒരാഴ്ചയായി സ്റ്റേഷനുകൾ കയറിയിറങ്ങുന്നുവെന്നും തന്റെ കയ്യിലുള്ളത് ആറ്റം ബോംബാണെന്നും സാബു പറഞ്ഞു.